ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടില്‍ സി.ബി.ഐ റെയ്ഡ്. ബുധനാഴ്ച രാത്രി നേടിയ സെര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എയുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ വ്യാപകമായി സി.ബി.ഐ റെയ്ഡ് നടത്തിയത്.
ബംഗളൂരു, രാമനഗര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നെന്ന് ശിവകുമാര്‍ ആരോപിച്ചതിന് പിന്നാലെയാണ് സി.ബി.ഐ റെയിഡ്.
2016 നവംബറില്‍ നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്ത കേസിലാണ് റെയ്ഡ്. നിരോധിച്ച നോട്ട് കൈമാറ്റം ചെയ്ത കേസില്‍ പിടിക്കപ്പെട്ട ബാങ്ക് മാനേജര്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. സുരേഷിന് വേണ്ടിയാണ് ഇടപാട് നടത്തിയതെന്ന് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ഡി.കെ. സുരേഷ് ഉള്‍പ്പടെ 12 പേര്‍ക്കെതിരെ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ 12 പേരില്‍ ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.
സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.കെ സുരേഷ് വ്യാഴാഴ്ച്ച രാവിലെ പത്രസമ്മേളനം നടത്തി. തന്റെ സഹോദരന്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ പ്രയത്‌നിച്ചതിന് പ്രതികാരം ചെയ്യാനാണ് തന്നെ കേസില്‍ പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
watch Doolnews: