നോട്ട് നിരോധനത്തിന് ശേഷം കൂലി കൊടുത്തില്ല: ഫാക്ടറി അടിച്ചുതകര്‍ത്ത് തൊഴിലാളികള്‍
Daily News
നോട്ട് നിരോധനത്തിന് ശേഷം കൂലി കൊടുത്തില്ല: ഫാക്ടറി അടിച്ചുതകര്‍ത്ത് തൊഴിലാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th December 2016, 12:26 pm

note-343


ഫാക്ടറിയിലെ ജനല്‍ച്ചില്ലുകള്‍ തൊഴിലാളികള്‍ അടിച്ചുതകര്‍ത്തതായും ഫയലുകള്‍ നശിപ്പിച്ചതായും ഫാക്ടറി അധികൃതര്‍ പരാതിയില്‍ പറയുന്നുണ്ട്.


താനെ: നോട്ട് നിരോധനത്തിന് ശേഷം കൂലി കൊടുക്കാതിരുന്ന ഫാക്ടറി ആക്രമിച്ച് തൊഴിലാളികള്‍. താനെയില്‍ വേഗിള്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് സംഭവം. ഫാക്ടറി അക്രമിച്ചതിന്റെ പേരില്‍ മൂന്ന് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നോട്ട് നിരോധനത്തിന് ശേഷം ഫാക്ടറി ഉടമകള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ലെന്നും ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി.

ഫാക്ടറിയിലെ ജനല്‍ച്ചില്ലുകള്‍ തൊഴിലാളികള്‍ അടിച്ചുതകര്‍ത്തതായും ഫയലുകള്‍ നശിപ്പിച്ചതായും ഫാക്ടറി അധികൃതര്‍ പരാതിയില്‍ പറയുന്നുണ്ട്.


ഫാക്ടറി പുനരുദ്ധാരണത്തിനായി കൊണ്ടുവെച്ച ടൈലുകള്‍ നശിപ്പിച്ചെന്നും ഫാക്ടറിയിലെ ചുമരുകള്‍ തകര്‍ത്തതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം ഫാക്ടറിയില്‍ നിന്നും പണമൊന്നും തൊഴിലാളികള്‍ അപഹരിച്ചതായി പരാതിയില്‍ പറഞ്ഞിട്ടില്ല. തൊഴിലാളികള്‍ ഫാക്ടറി ആക്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഫാക്ടറി ഉടമകള്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ഐ.പി.സി സെക്ഷന്‍ 336, 427, 34 വകുപ്പുകള്‍ പ്രകാരം തൊഴിലാളികള്‍ക്കെതിരെ കേസെടുത്തതായി വേഗിള്‍ എസ്റ്റേറ്റ് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകളൊന്നും നടന്നിട്ടില്ല.

എല്ലാമാസവും 10 ാം തിയതിയാണ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാറുണ്ട്. നവംബര്‍ എട്ടിന് നോട്ട് നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് 10 ാം തിയതി ശമ്പളം നല്‍കിയില്ല. ഡിസംബര്‍ 10 നും തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇതില്‍ പ്രകോപിതരായ തൊഴിലാളികളാണ് ഫാക്ടറി അടിച്ച് തകര്‍ത്തത്.