| Friday, 30th December 2016, 6:34 pm

നോട്ട് നിരോധനം; മോദിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: നോട്ട് നിരോധനം നടപ്പാക്കി 50 ദിവസമായതോടെ പ്രധാനമന്ത്രി മോദിയോട് കഴിഞ്ഞ ദിവസം ചോദിച്ച അഞ്ചു ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ചോദ്യങ്ങള്‍ വീണ്ടും ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു രാഹുല്‍ ചോദ്യങ്ങള്‍ ആദ്യം ഉന്നയിച്ചിരുന്നത്.

രാഹുലിന്റെ ചോദ്യങ്ങള്‍:

1. നോട്ട് നിരോധനത്തിനുശേഷം മൊത്തം എത്ര കള്ളപ്പണം പിടിച്ചെടുത്തു?

2. നടപടികൊണ്ട് രാജ്യത്തിന് എത്ര സാമ്പത്തിക നഷ്ടം വന്നു? എത്ര തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി?

3. നോട്ട് നിരോധനം കാരണം എത്ര സാധാരണക്കാരുടെ ജീവന്‍ നഷ്ടമായി? ഇതില്‍ എത്രപേര്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി?

4. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുന്‍പ് എത്ര സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി, അവര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തണം.

5. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ആറുമാസം മുമ്പ് 25 ലക്ഷം രൂപ വീതം നിക്ഷേപിച്ചവരുടെ പേരു വിവരം പുറത്തുവിടണം.


കൂടാതെ നോട്ട് നിരോധനം ഏറ്റവുമധികം വലച്ചത് രാജ്യത്തെ പാവങ്ങളെയാണെന്നും നിരോധനത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് പ്രധാനമന്ത്രി എന്തു കൊണ്ട് നഷ്ട പരിഹാരം നല്‍കുന്നില്ലെന്നും രാഹുല്‍ ചോദിച്ചിരുന്നു.

കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ യജ്ഞമെന്നാണ് നവമ്പര്‍ എട്ടിനു മോദി പറഞ്ഞത്. എന്നാല്‍ ഈ യജ്ഞം രാജ്യത്തെ ഒരു ശതമാനം വരുന്ന വന്‍കിടക്കാര്‍ക്കു വേണ്ടിയായിരുന്നെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ജെ.പി തയ്യാറായിരുന്നില്ല. പക്വതയില്ലാത്ത രാഹുല്‍ “തോന്നിയതു വിളിച്ചുപറയുന്നതാണ് ” എന്നുപറഞ്ഞ് രാഹുലിന്റെ ചോദ്യങ്ങളെ തള്ളുകയാണ് ബി.ജെ.പി അന്ന് ചെയ്തത്.

എന്നാല്‍ ഇതിന് പിന്നാലെ, മോദിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് മറുചോദ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തിയിരുന്നു. രാഹുലിന്റെ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാതെയാണ് വെങ്കയ്യ നായിഡു മറു ചോദ്യങ്ങള്‍ ഉന്നയിച്ചത്.


നോട്ട് അസാധുവാക്കിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ല: അത് ഇന്ത്യയെ ബാധിക്കും: ആര്‍.ബി.ഐ


1. രാജ്യത്ത് കള്ളപ്പണം ഇല്ലെന്നാണോ കോണ്‍ഗ്രസ് കരുതുന്നത്?

2. രാജ്യത്ത് കള്ളപ്പണം ഉണ്ടെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെങ്കില്‍ എന്തു കൊണ്ട് അതിനെതിരെ ശക്തമായ നടപടിയെടുത്തില്ല ?

3. 1998ല്‍ കോണ്‍ഗ്രസ് ബിനാമി പ്രോപ്പര്‍ട്ടി നിയമം കൊണ്ടുവന്നിട്ടും എന്തുകൊണ്ട് അത് നടപ്പാക്കിയില്ല? എന്താണ് അതിനു പിന്നിലെ രഹസ്യം ?

4. എന്തു കൊണ്ടാണ് പ്രതിപക്ഷത്തെ നിങ്ങളുടെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാകാത്തത് ?

5. 2012-2014 കാലഘട്ടത്തില്‍ കള്ളപ്പണത്തിനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു ?

എന്നീ ചോദ്യങ്ങളായിരുന്നു നായിഡു തിരിച്ച് ചോദിച്ചത്.

We use cookies to give you the best possible experience. Learn more