നോട്ട് അസാധുവാക്കിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ല: അത് ഇന്ത്യയെ ബാധിക്കും: ആര്‍.ബി.ഐ
Daily News
നോട്ട് അസാധുവാക്കിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ല: അത് ഇന്ത്യയെ ബാധിക്കും: ആര്‍.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th December 2016, 9:39 am

rbi


അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ പൂര്‍ണമായി വിപണിയിലെത്തുന്നതിന് എത്രസമയമെടുക്കുമെന്ന ചോദ്യത്തിനും ആര്‍.ബി.ഐ മറുപടി നല്‍കിയില്ല.


ന്യൂദല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന്റെ കാരണം പരസ്യമാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശനിയമപ്രകാരമുള്ള അന്വേഷണത്തിനുള്ള മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം പറയുന്നത്.

രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാല്‍ വെളിപ്പെടുത്താനാവില്ലെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം. അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ പൂര്‍ണമായി വിപണിയിലെത്തുന്നതിന് എത്രസമയമെടുക്കുമെന്ന ചോദ്യത്തിനും ആര്‍.ബി.ഐ മറുപടി നല്‍കിയില്ല.

കള്ളപ്പണവും കളളനോട്ടും തടയാനെന്നു പറഞ്ഞാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് ആസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. കള്ളപ്പണത്തിനെതിരായ മോദിയുടെ യുദ്ധം എന്ന പേരില്‍ ബി.ജെ.പി രാജ്യമെമ്പാടും ഈ തീരുമാനത്തെ കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു.

വിവരാവകാശനിയമത്തിലെ എട്ട് ഒന്ന്-എ വകുപ്പ് പ്രകാരം ഈ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് ആര്‍.ബി.ഐ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്ന പ്രശ്‌നങ്ങളെ വിവരാവകാശത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഈ സെക്ഷന്‍.


നോട്ട് അസാധുവാക്കല്‍ ഇതിന്റെ പരിധിയില്‍പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍.ബി.ഐ കാരണം വെളിപ്പെടുത്താന്‍ വിസമ്മതിച്ചത്. എന്നാല്‍, നോട്ട് അസാധുവാക്കല്‍ തീരുമാനം നടപ്പാക്കിക്കഴിഞ്ഞ സ്ഥിതിക്ക് എങ്ങനെയാണ് ഈ സെക്ഷന്‍ ഈ തീരുമാനത്തിന് ബാധകമാകുകയെന്നത് ആര്‍.ബി.ഐ വിശദീകരിച്ചിട്ടില്ല.

ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തുന്നതിനും വിവരാവകാശനിയമത്തില്‍ വകുപ്പില്ല എന്ന് വ്യക്തമാക്കിയാണ് പുതിയ നോട്ടുകള്‍ പൂര്‍ണമായും വിപണിയിലത്തെുന്നതിന് എത്ര സമയമെടുക്കുമെന്ന ചോദ്യത്തിനും മറുപടി നല്‍കാനാവില്ലെന്ന് അറിയിച്ചത്.


Must Read:തനിക്ക് വിലയിടാന്‍ വന്ന യുവനേതാവിന് യുവതിയുടെ കിടിലന്‍ മറുപണി; കയ്യടികളുമായി സോഷ്യല്‍ മീഡിയ


കാരണങ്ങള്‍ വെളിപ്പെടുത്തുന്നത് എങ്ങനെയാണ് രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് വിവരാവകാശ അപേക്ഷ നല്‍കിയ മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി പറഞ്ഞു. ആര്‍.ബി.ഐ സ്വീകരിച്ച ഈ നിലപാടിനെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുമെന്നും ഗാന്ധി അറിയിച്ചു.

നോട്ട് അസാധുവാക്കലിലേക്ക് നയിച്ച സുപ്രധാന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സ് വെളിപ്പെടുത്തണമെന്ന അപേക്ഷയും ആര്‍.ബി.ഐ നിരസിച്ചിരുന്നു.