| Saturday, 17th December 2016, 10:21 am

നോട്ട് നിരോധനം കൊണ്ട് ഗുണമൊന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അതേപടി വിഴുങ്ങാനാവില്ല. നരേന്ദ്ര മോദിയുടെ പ്രഖ്യാപനം എല്ലാ മേഖലകളേയും അലങ്കോലപെടുത്തുതാണെന്നും സി.എന്‍.ബി.സി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഗീതാ ഗോപിനാഥ് വ്യക്തമാക്കി. 


ന്യൂയോര്‍ക്ക്: നോട്ട് നിരോധനം മൂലം സാമ്പത്തികമേഖലയ്ക്ക് ആഘാതങ്ങളല്ലാതെ ഗുണമൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്.

500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അതേപടി വിഴുങ്ങാനാവില്ല. നരേന്ദ്ര മോദിയുടെ പ്രഖ്യാപനം എല്ലാ മേഖലകളേയും അലങ്കോലപെടുത്തുതാണെന്നും സി.എന്‍.ബി.സി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഗീതാ ഗോപിനാഥ് വ്യക്തമാക്കി.

ക്യാഷ്‌ലെസ് എക്കണോമി എന്ന ആശയത്തെ താന്‍ അനുകൂലിക്കുന്നു. എന്നാല്‍ ഇതിനായി ഒറ്റരാത്രി കൊണ്ട് നോട്ട് നിരോധിച്ച കേന്ദ്ര നടപടി ക്യാഷ്‌ലെസ് എക്കണോമി എന്ന ലക്ഷ്യത്തിലേക്കെത്താന്‍ പ്രായോഗികമല്ലെന്നും ഈ തീരുമാനത്തോട് യോജിക്കാനാകില്ലെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി. കള്ളപ്പണക്കാരെ പിടികൂടുന്നതിന് മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. ആയിരത്തിന്റെ നോട്ട് മാത്രമായിരുന്നു നിരോധിച്ചിരുന്നതെങ്കില്‍ ഇത്രധികം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.


നോട്ട് നിരോധനം ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഒരു ശതമാനം വരെ ഇടിവിന് കാരണമാകും. ഇന്ത്യയുടെ തീരുമാനം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. ആവശ്യത്തിന് നോട്ടുകള്‍ പ്രിന്റ് ചെയ്യാതെയും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെയും എടുത്ത തീരുമാനം നിരവധി സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കള്ളപ്പണവും നികുതി വെട്ടിപ്പും തടയുക എന്നതല്ല, ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ക്യാഷ്‌ലെസ് എക്കണോമി കെട്ടിപ്പടുക്കുക എന്നതാണ് നോട്ട് പിന്‍വലിക്കലുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് നിലവിലെ വിശദീകരണം. ഇത് ഇത്ര ഭീമമായ ചെലവും പ്രത്യാഘാതങ്ങളും ഇല്ലാതെ നേടാവുന്ന ഒരു കാര്യമായിരുന്നുവെന്നും ഗീത ഗോപിനാഥ് പറഞ്ഞു.


നേരത്തെ പ്രോജക്റ്റ് സിന്‍ഡിക്കേറ്റ് എന്ന മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ഗീതാ ഗോപിനാഥ് മോദിയെ പിന്തുണച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോട്ട് നിരോധനം ധീരമായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ട അവര്‍ സാധാരണക്കാര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു.

We use cookies to give you the best possible experience. Learn more