'സാധാരണക്കാരന്റെ കീശയില്‍ കയ്യിട്ട് ശതകോടിശ്വരന്മാരുടെ കടം അടച്ചു'; മോദിയുടെ 'ക്യാഷ് ഫ്രീ ഇന്ത്യ' യെക്കുറിച്ച് രാഹുല്‍
national news
'സാധാരണക്കാരന്റെ കീശയില്‍ കയ്യിട്ട് ശതകോടിശ്വരന്മാരുടെ കടം അടച്ചു'; മോദിയുടെ 'ക്യാഷ് ഫ്രീ ഇന്ത്യ' യെക്കുറിച്ച് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd September 2020, 12:46 pm

ന്യൂദല്‍ഹി: മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനം നാലാം വര്‍ഷത്തിലേക്ക് കടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേര്‍ക്കുള്ള ആക്രമണമായിരുന്നു മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം എന്നാണ് രാഹുല്‍ പറഞ്ഞത്.

ഈ നീക്കം രാജ്യത്തെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാര്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്നും പൊതുജനങ്ങള്‍ നിക്ഷേപിച്ച പണം അവരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മാത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

” സാധാരണക്കാരന്റെ കീശയില്‍ കയ്യിട്ട് ശതകോടിശ്വരന്മാരുടെ കടം അടയ്ക്കാന്‍ ഉപയോഗിച്ചു. ഇത് മാത്രമാണ് നോട്ടുനിരോധനംകൊണ്ടു നടന്നത്,” അദ്ദേഹം പറഞ്ഞു.

500 രൂപയുടേയും 1000 രൂപയുടേയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചെറുകിട വ്യവസായികള്‍ക്കും കര്‍ഷകര്‍ഷകര്‍ക്കും രാജ്യത്തെ അസംഘടിത മേഖലയ്ക്കും ഉണ്ടാക്കിയ തകര്‍ച്ച വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ ‘ക്യാഷ് ഫ്രീ ഇന്ത്യ’ യഥാര്‍ത്ഥത്തില്‍ തൊഴിലാളികളേയും കര്‍ഷകരേയും ചെറുകിട വ്യവസായികളേയും ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയാണെന്നും രാഹുല്‍ പറഞ്ഞു.

കള്ളപ്പണം ഇല്ലാതാക്കുന്നതിന് കാരണമാകാത്തതിനാല്‍ നോട്ട് നിരോധനം അതിന്റെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ദരിദ്ര ജനസംഖ്യയെ ഒരു തരത്തിലും സഹായിക്കാത്ത നടപടിയായിരുന്നു നോട്ടു നിരോധനമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

content highlights: Demonetisation was an attack on India’s unorganised sector: Rahul Gandhi