| Sunday, 31st March 2024, 1:10 pm

കള്ളപ്പണം വെളുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്; വിമര്‍ശനവുമായി ജസ്റ്റിസ് ബി.വി. നാഗരത്‌ന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ പ്രതികരണവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്‌ന. ഹൈദരാബാദിലെ ഒരു നിയമ സര്‍വ്വകലാശാലയില്‍ നടന്ന ‘കോടതികളും ഭരണഘടനയും’ എന്ന പേരിലുള്ള പരിപാടിയില്‍ സംസാരിക്കവെയാണ് അവരുടെ പ്രതികരണം.

2016ലെ നോട്ട് നിരോധനത്തില്‍ തനിക്ക് വിയോജിപ്പാണെന്ന് നാ​ഗരത്ന പറഞ്ഞു. സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന നിയമവിരുദ്ധ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അവര്‍ ആരോപിച്ചു. പെട്ടെന്ന് ഉണ്ടായ നോട്ട് നിരോധനം സാധാരണക്കാരനെയാണ് ദുരിതത്തിലാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തന്റെ കൈവശം നിലവിലുള്ള പണം കൊണ്ട് സാധിക്കില്ലെന്ന് മനസ്സിലാക്കി നോട്ട് മാറ്റാന്‍ നെട്ടോട്ടം ഓടേണ്ടി വന്ന സാധാരണക്കാരന്റെ അവസ്ഥ ചിന്തിച്ച് നോക്കണമെന്നും നാഗരത്‌ന പറഞ്ഞു. ‘കറന്‍സിയുടെ 86 ശതമാനം 500, 1000 നോട്ടുകളായിരുന്നു. 86ശതമാനം വരുന്ന കറന്‍സി നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ സര്‍ക്കാരിന് ഇത് നഷ്ടപ്പെട്ടുവെന്നാണ് ഞാന്‍ കരുതുന്നത്,’ നാഗരത്‌ന പറഞ്ഞു.

കളളപ്പണം വെളുപ്പിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമായിരുന്നു നോട്ട് നിരോധനമെന്നും അവര്‍ കുറ്റപ്പെടുത്തി. ആദായനികുതി വകുപ്പ് ഇതില്‍ പിന്നീട് എന്ത് നടപടിയാണ് എടുത്തതെന്ന് ആര്‍ക്കും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.

സാധാരണക്കാരന്റെ വിഷമം എന്താണെന്ന് മനസിലാക്കിയതിന് ശേഷമാണ് താന്‍ വിയോജിപ്പ് വ്യക്തമാക്കിയതെന്നും നാഗരത്‌ന കൂട്ടിച്ചേര്‍ത്തു. അര്‍ധ രാത്രിയോടെ വന്ന പ്രഖ്യാപനത്തില്‍ ആര്‍.ബി.ഐ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

‘വേണ്ട ചര്‍ച്ചകള്‍ നടത്താതെ തിടുക്കത്തോടെയാണ് പ്രഖ്യാപനം നടന്നത്. അന്നത്തെ ധനമന്ത്രിക്ക് പോലും തീരുമാനത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ചിലര്‍ പിന്നീട് വെളിപ്പെടുത്തിയത്,’ നാഗരത്‌ന പറഞ്ഞു. ഒരു വൈകുന്നേരമെടുത്ത തീരുമാനത്തിന് പിന്നാലെയാണ് അതേ ദിവസം രാത്രി നോട്ട് നിരോധിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഗവര്‍ണര്‍മാരെയും പരിപാടിയില്‍ നാഗരത്‌ന വിമര്‍ശിച്ചിരുന്നു. ഗവര്‍ണര്‍മാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റിയാല്‍ തന്നെ സുപ്രീം കോടതിയില്‍ വരുന്ന ഹരജികളുടെ എണ്ണം കുറയുമെന്നാണ് നാ​ഗരത്ന പറഞ്ഞത്. കേരളം, തമിഴ്‌നാട് ഉള്‍പ്പടെയുള്ള സര്‍ക്കാരുകള്‍ അവരുടെ ഗവര്‍ണര്‍മാര്‍ക്കെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയില്‍ നില നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അവരുടെ പ്രതികരണം.

Content Highlight: Demonetisation Was a Good Way to Convert Black Money Into White, SC Judge Says

We use cookies to give you the best possible experience. Learn more