ന്യൂദല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം. കേന്ദ്ര നടപടി സുപ്രീംകോടതി ശരിവെച്ചു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചില്‍ നാല് പേര്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ബി.വി. നാഗരത്‌നം നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി.
ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍, ബി.വി. നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് വ്യക്തമാക്കി. അതിനാല്‍ നടപടി റദ്ദാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ട് മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും, നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നിറവേറ്റിയോ എന്നത് പ്രസക്തമല്ലെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഗവായ് പറഞ്ഞു.
എന്നാല്‍ നോട്ട് നിരോധനത്തില്‍ കേന്ദ്രം നടപടി ക്രമം പാലിച്ചില്ലെന്ന് ഭിന്ന വിധി പറഞ്ഞ ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. നിരോധനം നിയമനിര്‍മാണത്തിലൂടെ നടപ്പാക്കേണ്ടതായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.
നോട്ട് നിരോധനത്തിനെതിരായ 58 ഹരജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
2016 ഡിസംബര്‍ 16ന് നിരോധനത്തിനെതിരായ ഹരജികള്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. ഈ കേസുകളില്‍ 2022 ഡിസംബര്‍ ഏഴിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.
Content Highlight: Demonetisation Verdict: SC upholds demonetisation