| Friday, 16th December 2016, 5:17 pm

നോട്ട് നിരോധനം 1971 ല്‍ ഇന്ദിരയുടെ കാലത്ത് നടപ്പാക്കേണ്ടതായിരുന്നുവെന്ന് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്


1971 ല്‍ ഇന്ദിരാ ഗാന്ധി നോട്ട് നിരോധനം നടപ്പാക്കിയിരുന്നെങ്കില്‍ രാജ്യം ഇന്നു കാണുന്നതു പോലെയാവില്ലായിരുന്നുവെന്നും മോദി പറഞ്ഞു. 


ന്യൂദല്‍ഹി: നോട്ട് നിരോധനത്തെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. 1971 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തുതന്നെ നോട്ട് അസാധുവാക്കല്‍ നടപ്പാക്കേണ്ടിയിരുന്നുവെന്ന് മോദി പറഞ്ഞു.

വീണ്ടും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു മോദിയുടെ വാക്കുകള്‍. 1971 ല്‍ ഇന്ദിരാ ഗാന്ധി നോട്ട് നിരോധനം നടപ്പാക്കിയിരുന്നെങ്കില്‍ രാജ്യം ഇന്നു കാണുന്നതു പോലെയാവില്ലായിരുന്നുവെന്നും മോദി പറഞ്ഞു. നമ്മള്‍ക്ക് ഇത് 1971 ചെയ്യേണ്ടതായിരുന്നു. അന്ന് ചെയ്യാത്തതിനെ തുടര്‍ന്ന് രാജ്യത്തിന് വലിയ നഷ്ടമാണ് ഉണ്ടായതെന്നും മോദി പറഞ്ഞു.

ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. നോട്ട് നിരോധനം നടപ്പാക്കണമെന്ന്  അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി ചവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇനിയും തെരഞ്ഞെടുപ്പുകള്‍ നേരിടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധി നിര്‍ദേശം തള്ളുകയായിരുന്നു, മോദി പറഞ്ഞു.


മുന്‍ ബ്യൂറോക്രാറ്റ് മാധവ് ഗോഡ്‌ബോലെയുടെ ഒരു പുസ്തകത്തിലാണ് ഇത്തരമൊരു പ്രതികരണം വന്നത്. ഈ സംഭവം ഉദ്ധരിച്ചാണ് മോദി ഇന്ദിരയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി.

അഴിമതിവിരുദ്ധ പോരാട്ടത്തിന് എതിരാണ് പ്രതിപക്ഷം. കോണ്‍ഗ്രസ് എന്നും രാജ്യത്തേക്കാള്‍ വലുതായി പാര്‍ട്ടിയെയാണ് കണ്ടതെന്നും മോദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മുന്‍പ് 2ജി, കല്‍ക്കരി തുടങ്ങിയ അഴിമതിക്കെതിരെ അന്ന് പ്രതിപക്ഷമായിരുന്ന എന്‍.ഡി.എ ഒരുമിച്ചു നിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ കള്ളപ്പണവും അഴിമതിയും തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയാണു ഇന്നത്തെ പ്രതിപക്ഷം യോജിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.


അതേസമയം, ജനങ്ങള്‍ക്കരികിലേക്കു പോകാന്‍ ബി.ജെ.പി എം.പിമാരോട് മോദി ആവശ്യപ്പെട്ടു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് എം.പിമാര്‍ മണ്ഡലങ്ങളിലെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more