| Friday, 9th December 2016, 5:50 pm

നോട്ട് നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടം വര്‍ദ്ധിക്കുന്നു; മോദിക്കെതിരെ ബി.എം.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് ബി.എം.എസ് അധ്യക്ഷന്‍ ബാജിനാഥ് റായ് ആരോപിച്ചു.


ന്യൂദല്‍ഹി: നോട്ട് നിരോധന നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടന ഭാരതീയ മസ്ദൂര്‍ സംഘ്.

മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് ബി.എം.എസ് അധ്യക്ഷന്‍ ബാജിനാഥ് റായ് ആരോപിച്ചു. നോട്ട് നിരോധനത്തെ തുടര്‍ന്ന് അസംഘടിത മേഘലയില്‍ തൊഴില്‍ നഷ്ടം കൂടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ ഇതിന്റെ കണക്ക് പരിശോധിച്ചറിയേണ്ടിയിരിക്കുന്നു, ബാജിനാഥ് പറഞ്ഞു.


മോദി അധികാരത്തില്‍ വന്ന 2014ന് ശേഷം സൃഷ്ടിച്ചതിനേക്കാളേറെ ജോലികള്‍ ആളുകള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1.35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ 20 ലക്ഷത്തോളം പേര്‍ക്ക് ഈ കാലയളവില്‍ തൊഴില്‍ നഷ്ടമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ സര്‍ക്കാരിന്റെ കാലത്തും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. എന്നാല്‍ നോട്ട് നിരോധനത്തോടെ ഈ സ്ഥിതി കൂടുതല്‍ വഷളായി. ഇന്ത്യയില്‍ കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ കൊണ്ടുവരുന്നത് പ്രയാസമേറിയ കാര്യമായിരിക്കുമെന്നും ബാജി വ്യക്തമാക്കി. ഇവിടെ എല്ലാവര്‍ക്കും കറന്‍സി ഉപയോഗിച്ചുള്ള ഇടപാട് ശീലമായിരിക്കുകയാണ്.


നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ടതൊന്നും ചെയ്യുന്നില്ലെന്നും ബാജിനാഥ് കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more