| Friday, 30th December 2016, 6:15 pm

നോട്ട് നിരോധന തീരുമാനം അരമണിക്കൂറുകൊണ്ടെടുത്ത ആര്‍.ബി.ഐ യോഗത്തിന്റെ മിനിറ്റ്‌സ് പുറത്ത് വിടണമെന്ന് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: നോട്ട് നിരോധന തീരുമാനത്തിന് അംഗീകാരം നല്‍കാനായി ചേര്‍ന്ന നവംബര്‍ 8ലെ റിസര്‍വ് ബാങ്ക് യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവിടണമെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ആവശ്യപ്പെട്ടു.

അരമണിക്കൂര്‍ കൊണ്ടെടുത്ത തീരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 86 ശതമാനവും ബാങ്കുകളില്‍ തിരികെയെത്തിയെന്ന ആര്‍.ബി.ഐ വാദം തെറ്റാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. അരമണിക്കൂര്‍ യോഗം ചേര്‍ന്ന് നിശ്ചയിക്കാവുന്നതല്ല ഈ കണക്കുകളെന്നും അദ്ദേഹം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നോട്ട് നിരോധന തീരുമാനത്തിന് പിന്നില്‍ വന്‍ പിടിപ്പുകേടും അഴിമതിയുമാണ് ഉള്ളതെന്നും ചിദംബരം ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിക്കാതെയും നോട്ട് വിനിമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെയും കറന്‍സി പ്രിന്റിങ് പ്രസുകളുടെ ശേഷി അറിയാതെയുമാണ് ഈ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വന്‍തോതില്‍ 2000 രൂപ നോട്ടുകള്‍ പിടിക്കുന്നത് റിസര്‍വ് ബാങ്കിലും കറന്‍സി ചെസ്റ്റുകളിലും ബാങ്കുകളിലും വന്‍ അഴിമതി നടക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ചിദംബരം രംഗത്തെത്തിയിരിക്കുന്നത്.


നോട്ട് നിരോധനത്തിലൂടെ ലോകത്തിലെ ഭീകരവാദ ശൃംഖലയുടെയും ലഹരി മാഫിയയുടെയും മനുഷ്യക്കടത്തു ലോബിയുടെയും അധോലോക പ്രവര്‍ത്തനങ്ങളുടെയും ചിറകരിയാന്‍ നമുക്ക് സാധിച്ചെന്ന് പറഞ്ഞ് ചിദംബരം മോദിയെ പരിഹസിക്കുകയും ചെയ്തു.

നോട്ട് അസാധുവാക്കല്‍ നടപടി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ വിജയമെന്ന് താന്‍ നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സകല നടപടികളും പാളിപ്പോയെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നവംബര്‍ 8ന് ശേഷം സ്വീകരിച്ച അസാധുനോട്ടുകളുടെ മുഴുവന്‍ കണക്കുകളും കൈമാറണമെന്ന് ആര്‍.ബി.ഐ, ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സ്വീകരിച്ച അസാധുനോട്ടുകള്‍ കറന്‍സി ടെസ്റ്റിനായി സമര്‍പ്പിക്കണമെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

We use cookies to give you the best possible experience. Learn more