ന്യൂദല്‍ഹി: നോട്ടുനിരോധിക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് അംഗീകരിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന് വിവരാവകാശ രേഖ. 2016 നവംബര്‍ എട്ടിന് നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആര്‍.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡിനു ലഭിച്ചത്.
ഡിസംബര്‍ 16നാണ് റിസര്‍വ്വ് ബാങ്ക് കേന്ദ്രം നിര്‍ദേശം അംഗീകാരം നല്‍കിക്കൊണ്ട് ഫയല്‍ സര്‍ക്കാറിന് തിരിച്ചത്. അതായത് നോട്ടുനിരോധം പ്രഖ്യാപിച്ച് 38 ദിവസങ്ങള്‍ക്കുശേഷം.
വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 2016 നവംബര്‍ എട്ടിന് വൈകുന്നേരം 5.30ന് നടന്ന ആര്‍.ബി.ഐ ബോര്‍ഡിന്റെ യോഗത്തിന്റെ മിനുട്‌സാണ് വിവരാകാശ നിയമത്തിലൂടെ പുറത്തുവന്നത്. ആര്‍.ടി.ഐ ആക്ടിവിസറ്റായ വെങ്കിടേശ് നായകാണ് വിവരാവകാശ നിയമപ്രകാരം ഈ വിശദാംശങ്ങള്‍ തേടിയത്. ആദ്യം ആര്‍.ബി.ഐ രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ചിരുന്നു.
കള്ളപ്പണം തിട്ടപ്പെടുത്താനുള്ള ചുമതല ലഭിച്ച എന്‍.ഐ.പി.എഫ്.പിയും മറ്റ് രണ്ട് സംഘടനകളും സമര്‍പ്പിച്ച കള്ളപ്പണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട മിനുട്‌സില്‍ പരാമര്‍ശിക്കുന്നില്ല.
കള്ളപ്പണത്തില്‍ ഭൂരിപക്ഷവും സ്വര്‍ണമായോ, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിന്റെ രൂപത്തിലോ ആണെന്ന നിഗമനത്തിലാണ് ആര്‍.ബി.ഐ. അത്തരം സമ്പത്തില്‍ നോട്ടുനിരോധനത്തിന് യാതൊരു പ്രതിഫലനും സൃഷ്ടിക്കാനാവില്ലെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
Also read:ഹിന്ദു മരിച്ചു, അല്ല സര്‍ഫ് എക്‌സല്‍ കൊന്നു; സംഘപരിവാര്‍ പ്രചരണത്തെ ട്രോളി സോഷ്യല്‍ മീഡിയ
സമ്പദ് വ്യവസ്ഥയില്‍ ഹ്രസ്വകാലത്തേക്ക് നെഗറ്റീവ് ഇംപാക്ടാവും നോട്ടുനിരോധനം സൃഷ്ടിക്കുകയെന്ന് ആര്‍.ബി.ഐ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.