പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിലിരുത്തി രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ മന്‍മോഹന്‍ സിംഗ് നിരത്തിയ 7 വാദങ്ങള്‍ ഇവയാണ്.
ന്യൂദല്‍ഹി: രാജ്യസഭയില്‍ നോട്ടുനിരോധനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയിരുന്നു.
സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ വീഴ്ചയാണ്. നോട്ടുനിരോധനത്തിന്റെ പരിണിതഫലം മോദിക്ക് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിലിരുത്തി രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ മന്‍മോഹന്‍ സിംഗ് നിരത്തിയ 7 വാദങ്ങള്‍ ഇവയാണ്.
1. കള്ളപ്പണത്തിനെതിരെയും തീവ്രവാദികളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ ലക്ഷ്യങ്ങളോട് ഞാന്‍ വിയോജിക്കുന്നില്ല. എന്നാല്‍ നോട്ട് നിരോധനത്തില്‍ ചരിത്രപരമായ കെടുകാര്യസ്ഥതയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന്, പൊതുവെ രാജ്യത്ത് രണ്ട് അഭിപ്രായങ്ങള്‍ ഇല്ല. സര്‍ക്കാരിന്റെ ഈ നടപടിയിലൂടെ ദുരിതമനുഭവിക്കുന്ന പൊതുജനങ്ങളുടെ വേവലാതി സര്‍ക്കാര്‍ പരിഗണിക്കണം.
2. എല്ലാ ദിവസവും ബാങ്കിങ് സംവിധാനത്തില്‍ ചില്ലറ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരുന്നത് നല്ല രീതിയല്ല. ഇത്തരത്തില്‍ ഓരോ ദിവസവും പുതിയ തീരുമാനങ്ങളെടുുക്കേണ്ടി വരുന്നത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും ധനമന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും വലിയ വീഴ്ചയെയാണ് കാണിക്കുന്നത്.
3. നോട്ടു നിരോധനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണങ്ങളുണ്ടാക്കുന്ന നടപടിയാണെന്ന് പറയുന്നവര്‍ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ കെയ്ന്‍സിന്റെ “ദീര്‍ഘകാലമാവുമ്പോഴേക്കും നമ്മളെല്ലാം മരിച്ചിട്ടുണ്ടാകും” എന്ന വാചകം ഓര്‍ക്കുന്നത് നന്നായിരിക്കും.
4. വമ്പന്‍ പരാജയമാണ് സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം. ഭവിഷ്യത്തുകള്‍ എന്തെല്ലാമെന്ന ചിന്തിക്കാതെയാണ് ഈ തീരുമാനമെടുത്തത്. രാജ്യത്തെ ജനങ്ങളളോട് 50 ദിവസം ക്ഷമിക്കൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്, അത് ചുരുങ്ങിയ സമയമാണെന്നും. എന്നാല്‍ പാവപ്പെട്ടവരും നിരാലംബരുമായ സാധാരണക്കാരെ സംബന്ധിച്ച് 50 ദിവസം എന്നത് അതികഠിനവും ദുരിതപൂര്‍ണവുമായ ദിനങ്ങളാണ്. അതുകൊണ്ടു തന്നെയാണ് ഇതിനു തുടര്‍ച്ചയായി അറുപതിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇത് സാധാരണ ജനങ്ങള്‍ക്ക് രാജ്യത്തെ കറന്‍സി, ബാങ്കിങ് സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകും.
5. ബാങ്കുകളില്‍ പണം നിക്ഷേപിച്ച ജനങ്ങള്‍ക്ക് അത് പിന്‍വലിക്കാന്‍ പോലുമാകുന്നില്ലെന്ന കാര്യം മാത്രം മതി ഈ തീരുമാനത്തിന്റെ ദോഷത്തിന് ഉദാഹരണമായിട്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയണം.
6. ബാങ്കില്‍ പണം നിക്ഷേപിച്ച ജനങ്ങളെ ആ പണം പിന്‍വലിക്കാന്‍ അനുവദിക്കാത്ത ഏതെങ്കിലും രാജ്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി പറഞ്ഞു തരണം.
7. എന്റെ അഭിപ്രായത്തില്‍ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം കാര്‍ഷിക മേഖലയെയും ചെറുകിട വ്യവസായങ്ങളെയും അനൗദ്യോഗിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങളെയുമാണ് കൂടുതല്‍ ബാധിക്കുക. ദേശീയ വരുമാനം രണ്ട് ശതമാനം താഴാന്‍ ഇത് കാരണമാകും. ഇതിനെ മറികടക്കാന്‍ പ്രധാനമന്ത്രി ക്രിയാത്മകമായ പദ്ധതികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.