| Wednesday, 29th August 2018, 11:34 am

നോട്ടുനിരോധനം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് കണ്ടെത്തല്‍; പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തടഞ്ഞുവെച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: മോദി സര്‍ക്കാറിന്റെ നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാക്കി എന്ന് കണ്ടെത്തിയ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ബി.ജെ.പി തടഞ്ഞുവെച്ചു. രാജ്യത്തിന്റെ ജി.ഡി.പിയില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തിയെന്ന് കണ്ടെത്തിയ സമിതിയുടെ റിപ്പോര്‍ട്ടാണ് ബി.ജെ.പി എം.പിമാര്‍ തടഞ്ഞുവെച്ചത്. റിപ്പോര്‍ട്ട് വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടാതിരിക്കാനും എം.പിമാര്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

31 അംഗ സമിതിയില്‍ പതിനേഴ് പേരും ബി.ജെ.പി എം.പിമാരാണ്. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള സമിതിയുടെ ഈ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബേ പാര്‍ലമെന്റ് കമ്മിറ്റി ചെയര്മാന് വീരപ്പ മൊയിലിക്ക് കത്തെഴുതിയിട്ടുണ്ട്.


Read Also : കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരക്കിട്ട ധനസമാഹരണം; 700 കോടിക്കും മുകളില്‍ വരുമെന്ന് സൂചന


രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത നോട്ടുനിരോധത്തിന്റെ സത്യാവസ്ഥ പുറത്തു വരുന്നതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിമുഖതയാണ് റിപ്പോര്‍ട്ട് തടയാന്‍ കാരണമെന്നാണ് ഉയരുന്ന വിമര്‍ശനം.

നോട്ടു നിരോധം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും എന്നാല്‍ സര്‍ക്കാര്‍ യാഥാര്‍ഥ്യം മറച്ചു വെക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നിരവധി കാരണങ്ങള്‍ നിരത്തിക്കൊണ്ട് വലിയ പ്രചരണത്തോടെ നടപ്പിലാക്കിയ നടപടി കള്ളപ്പണത്തെ നേരിടാനും ക്യാഷ്ലെസ്സ് എക്കണോമിയെ പ്രോത്സാഹിപ്പിക്കാനും ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനും സഹായിച്ചു എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

ഈ മാസം അവസാനത്തോടുകൂടി ഈ സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് തടഞ്ഞുവെച്ച പുറത്തുവരുന്നത്. സമിതിക്കായുള്ള പുതിയ അംഗങ്ങളെ സെപ്തംബര്‍ ഒന്നിനാണ് തിരഞ്ഞെടുക്കുന്നത്. അതിനാല്‍ ഈ റിപ്പോര്‍ട്ട് ഇനി പാര്‍ലമെന്റിന്റെ പരിഗണക്ക് വരില്ല. റിപ്പോര്‍ട്ടും അതിന്മേലുള്ള ചര്‍ച്ചയും ബി.ജെ.പി എം.പിമാര്‍ ഇതുവരെയും തടഞ്ഞു വെച്ചിരിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more