നോട്ട് നിരോധന നടപടിക്കെതിരെ ജനലക്ഷങ്ങള്‍ 700 കിലോമീറ്റര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
Daily News
നോട്ട് നിരോധന നടപടിക്കെതിരെ ജനലക്ഷങ്ങള്‍ 700 കിലോമീറ്റര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th December 2016, 5:24 pm

ldf-human-chain


നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന തീരുമാനത്തോടുള്ള മലയാളികളുടെ ആഴത്തിലുള്ള എതിര്‍പ്പ് തുറന്നുകാട്ടുന്നതായിരുന്നു മനുഷ്യച്ചങ്ങലയിലെ ജനസാന്നിധ്യം.


തിരുവനന്തപുരം: നോട്ട് നിരോധന നടപടിക്കും സഹകരണപ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള മനുഷ്യച്ചങ്ങലയില്‍ ജനലക്ഷങ്ങളുടെ പങ്കാളിത്തം.

നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന തീരുമാനത്തോടുള്ള മലയാളികളുടെ ആഴത്തിലുള്ള എതിര്‍പ്പ് തുറന്നുകാട്ടുന്നതായിരുന്നു മനുഷ്യച്ചങ്ങലയിലെ ജനസാന്നിധ്യം. രാജ്യത്തിന്റെ സമ്പദ്ഘടനയെ ഒറ്റരാത്രികൊണ്ട് സ്തംഭിപ്പിച്ച മോദി സര്‍ക്കാരിനെതിരെയുള്ള ജനകീയപ്രതിഷേധത്തിന്റെ മഹാശൃംഖലയായി മാറി മനുഷ്യച്ചങ്ങല.

ldf-human-chain1

തെക്ക് തിരുവനന്തപുരം രാജ്ഭവനില്‍ നിന്ന് തുടങ്ങി വടക്ക് കാസര്‍കോട് വരെ 700 കിലോമീറ്റര്‍ നീണ്ട മനുഷ്യചങ്ങലയില്‍  നാടിന്റെ നാനാമേഖലയിലുള്ള ലക്ഷങ്ങള്‍  ജാതിമത വിഭാഗീയതകള്‍ക്കതീതമായി കൈ കോര്‍ത്തു. നോട്ടുകള്‍ നിരോധിച്ചതിലൂടെ ഒന്നരമാസമായി ജനങ്ങള്‍ അനുഭവിക്കുന്ന കൊടും ദുരന്തത്തിന്റെ പ്രതികരണമായി മാറുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ഇതിലെ ജനപങ്കാളിത്തം.

human-chain

വൈകിട്ട് അഞ്ചു മണിക്ക് രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചങ്ങലയുടെ ആദ്യ കണ്ണിയായി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവരും രാജ്ഭവനു മുന്നില്‍ അണിനിരന്നു. ഘടകക്ഷികള്‍ക്ക് പുറമെ ജെ.എസ്.എസ്, ഐ.എന്‍.എല്‍, സി.എം.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളും ചങ്ങലയില്‍ പങ്കാളികളായി.

ldf-human-chain2


കോഴിക്കോട്ട് ധനമന്ത്രി തോമസ് ഐസക്ക്, മുന്‍ മന്ത്രി എളമരം കരീം, കെ.പി രാമനുണ്ണി, സത്യന്‍ മൊകേരി തുടങ്ങിയവര്‍ ചങ്ങലയില്‍ അണിചേര്‍ന്നു.

ldf-human-chain3

കലാസാംസ്‌കാരികകായിക രംഗത്തെ പ്രതിഭകളും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും യുവാക്കളും അധ്യാപകരും ജീവനക്കാരും തൊഴിലാളികളും കര്‍ഷകരും തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ മനുഷ്യച്ചങ്ങലയില്‍ കുടുംബസമേതം കണ്ണികളായി. സഹകരണമേഖലയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ അജന്‍ഡയ്ക്കുള്ള താക്കീതുമായി  രാഷ്ട്രീയഭേദമന്യേ നിക്ഷേപകരും സഹകരണ പ്രസ്ഥാനങ്ങളെ സ്‌നേഹിക്കുന്നവരും നടപടിക്കെതിരായ പ്രതിഷേധത്തില്‍ പങ്കാളികളായി.