സ്വന്തം അമ്മയെ ക്യൂവില്‍ നിര്‍ത്തിവരെ മോദി രാഷ്ട്രീയം കളിക്കുന്നുവെന്ന് കെജ്‌രിവാള്‍
Daily News
സ്വന്തം അമ്മയെ ക്യൂവില്‍ നിര്‍ത്തിവരെ മോദി രാഷ്ട്രീയം കളിക്കുന്നുവെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th November 2016, 6:03 pm

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി അസാധു നോട്ടുകള്‍ മാറാനെത്തിയത് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ ആരോപണമുന്നയിച്ചത്. 


ന്യൂദല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ മാറാന്‍ സ്വന്തം അമ്മയെവരെ ക്യൂവില്‍ നിര്‍ത്തി മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി അസാധു നോട്ടുകള്‍ മാറാനെത്തിയത് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ ആരോപണമുന്നയിച്ചത്.

രാജ്യ നയത്തിനുവേണ്ടിയാണ് മോദി അമ്മയെ ക്യൂവില്‍ നിര്‍ത്തിയതെങ്കില്‍ അതു ശരിയായില്ല. എന്റെ വീട്ടിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെങ്കില്‍ ഞാന്‍ ക്യൂവില്‍ നില്‍ക്കുമായിരുന്നു. ഒരിക്കലും അമ്മയെ ക്യൂവില്‍ നിര്‍ത്തില്ലായിരുന്നെന്നും കെജ്‌രിവാള്‍ ദല്‍ഹിയില്‍ പറഞ്ഞു.

അതേസമയം, നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ജനങ്ങളെ യാചകരാക്കി മാറ്റിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയേ മതിയാവൂ. രാജ്യത്തെ നിലവിലെ സാഹചര്യം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും മമത പറഞ്ഞു.

അസാധുവായ നോട്ടുകള്‍ മാറാനെത്തുന്നവരുടെ കയ്യില്‍ മഷി പുരട്ടാനുള്ള തീരുമാനം ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നവംബര്‍ 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവരുടെ കൈയില്‍ മഷി പുരട്ടുന്ന മാതൃകയില്‍ ചെയ്യാനുള്ള ഈ തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് എന്താണു പറയാനുള്ളതെന്നും മമത ചോദിച്ചു.

ഈ മാസം എട്ടിന് രാത്രി എട്ടു മണിയോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് വന്‍ പ്രതിസന്ധിയാണ് രാജ്യത്ത് ഉടലെടുത്തത്.