നോട്ടുനിരോധനം 8 ലക്ഷം കോടിയുടെ കുംഭകോണം: കെജ്‌രിവാള്‍
Daily News
നോട്ടുനിരോധനം 8 ലക്ഷം കോടിയുടെ കുംഭകോണം: കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th December 2016, 11:05 am

കള്ളപ്പണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ബി.ജെ.പിക്കാരുടെ കൈകളിലാണ് ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകളുള്ളതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

 


ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം 8 ലക്ഷംകോടിയുടെ തട്ടിപ്പാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിയുടെ സുഹൃത്തുക്കളായ കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കുന്നതിന് വേണ്ടിയുള്ള നീക്കമായിരുന്നെന്നും കെജ്‌രിവാള്‍ പറഞ്ഞു.

വന്‍കിട കമ്പനികള്‍ക്കും വ്യവസായ ഭീമന്‍മാര്‍ക്കും ബാങ്കുകളില്‍ നിന്നും ലോണ്‍ ലഭിച്ചുവെന്നും ഇതില്‍ 50 ശതമാനവും പോയിരിക്കുന്നത് വിദേശത്തേക്കാണെന്നും ബാക്കിയുള്ള തട്ടിപ്പുകാരുടെ കൈകളിലാണെന്നും ഇവ തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയില്‍ ആജ്തക്ക് ടി.വി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

നോട്ടുനിരോധനത്തിലൂടെ 12 ലക്ഷം കോടി തിരിച്ചുകിട്ടിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സമ്പന്നരുടെ കടങ്ങള്‍ എഴുതി തള്ളാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിട്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കള്ളപ്പണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ബി.ജെ.പിക്കാരുടെ കൈകളിലാണ് ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകളുള്ളതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കള്ളപ്പണക്കാരായ 648 പേരുടെ വിവരങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാത്തത് സര്‍ക്കാരിന് വേറെ ഉദ്ദേശങ്ങള്‍ ഉള്ളത് കൊണ്ടാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.