ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയില്‍, നോട്ടുനിരോധനത്തെ ന്യായീകരിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ടുനിരോധനം നിലവില്‍ വന്നതോടെ സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെട്ടെന്നും നികുതിപ്പണം കൂടുതല്‍ എത്താന്‍ ആരംഭിച്ചെന്നും വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധനവുണ്ടായെന്നും ജയ്റ്റ്‌ലി ബ്ലോഗില്‍ പറയുന്നു.
ബാങ്കുകളില്‍ നോട്ടുകള്‍ തിരിച്ചെത്തിയതിനാല്‍ നോട്ടുനിരോധനം പരാജയമായിരുന്നു എന്നു വിലയിരുത്തുന്ന പ്രസ്താവനകള്‍ ധാരാളം കാണാന്‍ സാധിക്കുന്നുണ്ടെന്നും, എന്നാല്‍ ഇതു മാത്രം മാനദണ്ഡമാക്കി നിരോധനത്തെ അളക്കരുതെന്നുമാണ് ജയ്റ്റ്‌ലിയുടെ വാദം. “ബാങ്കുകളില്‍ തിരിച്ചെത്താത്ത നോട്ടുകളെ അസാധുവാക്കല്‍ മാത്രമായിരുന്നോ നോട്ടുനിരോധനത്തിന്റെ ലക്ഷ്യം? തീര്‍ച്ചയായും അല്ല.” ജയ്റ്റ്‌ലി കുറിക്കുന്നു.
നികുതിപ്പണം കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു നോട്ടുനിരോധനത്തിന്റെ പ്രാഥമിക ലക്ഷ്യം. സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാക്കുക എന്നതും കള്ളപ്പണക്കാര്‍ക്ക് തിരിച്ചടി നല്‍കുക എന്നതും ഇതിന്റെ ഭാഗമായിരുന്നു.
“ഇതാണ് നോട്ടുനിരോധനത്തിന്റെ ഗുണഫലം. സമ്പദ്ഘടനയെ കൂടുതല്‍ കണിശമാക്കുക, കൂടുതല്‍ പണം വിനിമയത്തിലുണ്ടാകുന്ന അവസ്ഥയിലെത്തിക്കുക, നികുതി വഴിയുള്ള വരുമാനം കൂട്ടുക, ആദ്യ രണ്ടുപാദങ്ങളില്‍ വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കുക – ഇവയെല്ലാമായിരുന്നു ലക്ഷ്യങ്ങള്‍” ജയ്റ്റ്‌ലി പറയുന്നു.
നികുതിപ്പണം എത്തുന്നതിന്റെ നിരക്ക് നോട്ടുനിരോധനത്തിനു മുന്നെ 6.6ഉം 9ഉം മാത്രമായിരുന്നെന്നും, ശേഷമുള്ള വര്‍ഷങ്ങളില്‍ അത് 15ഉം 18ഉം ശതമാനമായി വര്‍ദ്ധിച്ചെന്നും അദ്ദേഹം വിശദീകരിക്കുന്നു. വരുന്ന സാമ്പത്തിക വര്‍ഷത്തിലും ഈ വര്‍ദ്ധനവ് തുടരുമെന്നാണ് ജയ്റ്റ്‌ലിയുടെ നിരീക്ഷണം.