| Sunday, 2nd December 2018, 9:20 am

നോട്ടുനിരോധനത്തിന് കള്ളപ്പണത്തെ തൊടാനായില്ല, തെരഞ്ഞെടുപ്പ് സമയത്ത് പിടിച്ചെടുത്തത് റെക്കോഡ് കള്ളപ്പണം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനം കള്ളപ്പണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. നോട്ടുനിരോധനത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ റെക്കോഡ് കള്ളപ്പണം പിടിച്ചെടുത്തതായും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നോട്ടുനിരോധനം കള്ളപ്പണത്തിന് എന്തെങ്കിലും തരത്തിലുള്ള ആഘാതം ഉണ്ടാക്കിയോ എന്ന ചോദ്യത്തിന്,”തീര്‍ച്ചയായും ഒന്നുമില്ല. നോട്ടുനിരോധനത്തിനു ശേഷം റെക്കോഡ് കള്ളപ്പണമാണ് തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ പിടിച്ചെടുത്തത്. ഈയിടെ തെരഞ്ഞെടുപ്പ് നടന്നതും നടക്കാനിരിക്കുന്നതുമായ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നും 200 കോടിയോളം രൂപയാണ് ഞങ്ങള്‍ പിടിച്ചെടുത്തത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് അതീവ ശക്തവും, സ്വാധീനമുള്ള ആളുകളാണ് ഇതില്‍ ഇടപെട്ടിരിക്കുന്നത് എന്നുമാണ് ഇതില്‍ നിന്നും തെളിയുന്നത്”, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Also Read ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ “വനിതാ മതില്‍” സംഘടിപ്പിക്കും: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്ന സമൂഹമാധ്യമങ്ങള്‍ വളര്‍ന്നതായും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താന്‍ സമൂഹമാധ്യമ ഭീമന്മാരായ ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവരുമായി ഇന്ത്യ ചര്‍ച്ച നടത്തിയതായും അദ്ദഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് സൈലന്റ് പിരീഡിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെയും തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ അനുവദിക്കില്ല അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കുന്ന കാര്യം യാഥാര്‍ഥ്യമാവുക തന്നെ ചെയ്യുമെന്നും ഒ.പി. റാവത്ത് പറഞ്ഞിരുന്നു.

Also Read സംഘപരിവാറിന്റെ നിരന്തര സൈബര്‍ ആക്രമണം; നവമാധ്യമങ്ങളിലെ എഴുത്ത് നിര്‍ത്തിയെന്ന് സാറാ ജോസഫ്

ജനവരിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിക്കപ്പെട്ട റാവത്ത് ഇന്നലെ സ്ഥാനത്തു നിന്നും വിരമിച്ചിരുന്നു. പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറ ഇന്ന് സ്ഥാനമേല്‍ക്കും.

Latest Stories

We use cookies to give you the best possible experience. Learn more