നോട്ട് നിരോധനം ഗൂഢലക്ഷ്യത്തോടെയുള്ള തീരുമാനം: ആര്‍ക്കും എതിര്‍ക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല: മോദിയെ വിമര്‍ശിച്ച് അരുണ്‍ ഷൂരി
Daily News
നോട്ട് നിരോധനം ഗൂഢലക്ഷ്യത്തോടെയുള്ള തീരുമാനം: ആര്‍ക്കും എതിര്‍ക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല: മോദിയെ വിമര്‍ശിച്ച് അരുണ്‍ ഷൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2017, 3:23 pm

arun67

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി രാജ്യത്തിന്റെ 70 വര്‍ഷത്തെ സാമ്പത്തിക നയത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് മുന്‍കേന്ദ്രമന്ത്രി അരുണ്‍ ഷൂരി.

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ധനകാര്യ മന്ത്രാലയത്തിലെ ഒരു അണ്ടര്‍ സെക്രട്ടറിയെപ്പോലെയാണ് പെരുമാറുന്നതെന്നും വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന അരുണ്‍ ഷൂരി കുറ്റപ്പെടുത്തി.


നോട്ട് അസാധുവാക്കല്‍ തീരുമാനം മോദിയുടേത് മാത്രമായിരുന്നോ എന്ന ചോദ്യത്തിന് കൂടിയാലോചന നടത്താതെയുള്ള തീരുമാനത്തിന് ഉദാഹരണമാണ് നോട്ടു നിരോധനമെന്നായിരുന്നു ഷൂരിയുടെ മറുപടി.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നും അരുണ്‍ ഷൂരി പറഞ്ഞു.

അതേസമയം ഒരിക്കല്‍ വോട്ടു ചെയ്ത ജനങ്ങള്‍ക്ക് പിന്നീട് യോഗ്യരായ മറ്റൊരാള്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കുമെന്ന കാര്യം ഓര്‍ക്കണമെന്നും ഷൂരി പറഞ്ഞു. നോട്ട് നിരോധനമെന്നത് ഗൂഢമായ ഒരു തീരുമാനമായിരുന്നു. ഒരാളുടെ മനസില്‍ ഉദിച്ച ആശയം. ആര്‍ക്കും അതിനെ എതിര്‍ക്കാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെയും അരുണ്‍ ഷൂറി കുറ്റപ്പെടുത്തി. പ്രവര്‍ത്തിയിലും കാര്യക്ഷമതയിലും ഇത്രയും ദുര്‍ബലമായ ഒരു പ്രധാനമന്ത്രിയുടെ ഓഫീസ് മുമ്പുണ്ടായിട്ടില്ലെന്നായിരുന്നു അരുണ്‍ ഷൂരിയുടെ വാക്കുകള്‍.

നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന ഒരു പൊതു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ഷൂരി.