ക്യാഷ്‌ലെസ് എക്കോണമിയൊക്കെ പ്രോത്സാഹിപ്പിക്കുന്നത് ശരി; ഇന്ത്യയിലെ മൊബൈല്‍ ബാങ്കിങ്ങ് ആപ്പുകളൊന്നും സുരക്ഷിതമല്ലെന്ന് ക്വാല്‍കോം
Daily News
ക്യാഷ്‌ലെസ് എക്കോണമിയൊക്കെ പ്രോത്സാഹിപ്പിക്കുന്നത് ശരി; ഇന്ത്യയിലെ മൊബൈല്‍ ബാങ്കിങ്ങ് ആപ്പുകളൊന്നും സുരക്ഷിതമല്ലെന്ന് ക്വാല്‍കോം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th December 2016, 9:10 pm

mb


ഓണ്‍ലൈന്‍ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കുന്ന ഹാര്‍ഡ്‌വെയര്‍ തലത്തിലുള്ള സുരക്ഷ മിക്ക ബാങ്കുകളിലും ഇല്ലെന്നാണ് ക്വാല്‍കോം പറയുന്നത്.


ന്യൂദല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ക്യാഷ്‌ലെസ് എക്കണോമി പ്രോത്സാഹിപ്പിക്കുന്നതിനിടെ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള വാലറ്റ്, മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി മൊബൈല്‍ ചിപ്‌സെറ്റ് നിര്‍മ്മാതാക്കളായ ക്വാല്‍കോം രംഗത്ത്.

കള്ളപ്പണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം പിന്നീട് കാഷ് ലെസ് എക്കണോമിയിലേക്ക് വഴിമാറിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു ഇക്കാര്യവും പറഞ്ഞിരുന്നത്. ഡിജിറ്റല്‍ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ പരസ്യപ്രചരണവും സര്‍ക്കാര്‍ നടത്തുന്നുതിനിടെയാണ് പുതിയ മുന്നറിയിപ്പ്.

ഓണ്‍ലൈന്‍ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കുന്ന ഹാര്‍ഡ്‌വെയര്‍ തലത്തിലുള്ള സുരക്ഷ മിക്ക ബാങ്കുകളിലും ഇല്ലെന്നാണ് ക്വാല്‍കോം പറയുന്നത്. ഇത് ആരെയും ആശ്ചര്യപ്പെടുത്തും എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം ക്വാല്‍കോം മുന്നറിയിപ്പ് നല്‍കി.


ഇന്ത്യയിലെ തന്നെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകളില്‍ പോലും ഹാര്‍ഡ് വെയര്‍ ലെവല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് ക്വാല്‍കോം സീനിയര്‍ ഡയറക്ടര്‍ പ്രോഡക്ട് മാനേജ്‌മെന്റ്  സൈ ചൗധരി പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ വഴിയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സുരക്ഷ ലഭ്യമാക്കാന്‍ ക്വാല്‍കോം ഡിജിറ്റല്‍ പേയ്‌മെന്റ കമ്പനികളുമായി ബന്ധപ്പെട്ട് വരികയാണെന്നും അടുത്ത വര്‍ഷം മുതല്‍ തന്നെ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുള്ള മൊബൈല്‍ ചിപ്പ് സെറ്റുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മൊബൈല്‍ ഫോണുകള്‍ വൈറസിന്റെയോ മാല്‍വെയറിന്റെയോ പിടിയിലായാല്‍ യൂസര്‍ക്ക് അതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവും ക്വാല്‍കോം വിപുലപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.