| Monday, 28th November 2016, 11:47 am

ക്യൂ നിന്ന് മടുത്ത് പണമെല്ലാം അടുപ്പിലിട്ട് കത്തിച്ചു, മോദിയെ താഴെയിറക്കുന്നതുവരെ കഷണ്ടിത്തലയില്‍ പാതിമുടി മാത്രം; നോട്ട് നിരോധനത്തില്‍ കൊല്ലംകാരന്റെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോട്ട് മാറാന്‍ ക്യൂ നിന്ന് രണ്ടാം ദിനം തളര്‍ന്ന് ആശുപത്രിയിലായി തിരിച്ചെത്തിയ ഇദ്ദേഹം തട്ടുകടയില്‍ പാതിരാവരെ പുകയൂതി ഉണ്ടാക്കിയ സമ്പാദ്യമായ 23,000 രൂപയുടെ നോട്ടുകള്‍ അടുപ്പില്‍ തീകൂട്ടി അതിലിട്ടു കത്തിച്ചു. 


കൊല്ലം: നോട്ട് പിന്‍വലിച്ച വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളടക്കം ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ പ്രതിഷേധവുമായി ശ്രദ്ധേയനാകുകയാണ് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ മുക്കുന്നം സ്വദേശി യഹിയ.

നോട്ട് മാറാന്‍ ക്യൂ നിന്ന് രണ്ടാം ദിനം തളര്‍ന്ന് ആശുപത്രിയിലായി തിരിച്ചെത്തിയ ഇദ്ദേഹം തട്ടുകടയില്‍ പാതിരാവരെ പുകയൂതി ഉണ്ടാക്കിയ സമ്പാദ്യമായ 23,000 രൂപയുടെ നോട്ടുകള്‍ അടുപ്പില്‍ തീകൂട്ടി അതിലിട്ടു കത്തിച്ചു. സഹകരണ ബാങ്കിലെ പഴയ വായ്പ അക്കൗണ്ടല്ലാതെ ഇദ്ദേഹത്തിന് ഒരു ബാങ്കിലും അക്കൗണ്ടില്ല. സഹകരണ ബാങ്കുകളില്‍ നിരോധനം വന്നതിനാല്‍ അദ്ദേഹത്തിന് മറ്റുമാര്‍ഗങ്ങള്‍ ഉണ്ടായില്ല.

എന്നിട്ടും യഹിയയുടെ പ്രതിഷേധം തീര്‍ന്നില്ല. അടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പോയി തന്റെ കഷണ്ടിത്തലയില്‍ ഉണ്ടായിരുന്ന മുടി പാതി വടിച്ചിറക്കി. തന്റെ മുഴുവന്‍ അധ്വാനവും സമ്പാദ്യവും ചാരമാക്കിയ മോദിയെ ജനം എന്ന് താഴെയിറക്കുന്നുവോ ഈ നാടിനു എന്നൊരു മോചനമുണ്ടാവുന്നുവോ അന്ന് മാത്രമേ തന്റെ കഷണ്ടിത്തലയിലെ പാതി മുടി പഴയപോലെയാവുകയുള്ളുവെന്ന് ശപഥമെടുക്കുകയും ചെയ്തു ഈ 70 വയസുകാരന്‍.


എഴുത്തുകാരനും കേരള സര്‍വകലാശാല അധ്യാപകനുമായ അഷ്‌റഫ് കടക്കലാണ് യഹിയയുടെ അനുഭവം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഭാര്യയും രണ്ടു പെണ്മക്കളുമടങ്ങുന്നതാണ് യഹിയയുടെ കുടുംബം. തെങ്ങു കയറ്റവും പാടത്തെ പണിയും കൊണ്ട് മക്കളെ കെട്ടിച്ചയക്കാനാവാതെ വന്നപ്പോള്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി അദ്ദേഹം ഗള്‍ഫില്‍ പോയി. പഠിപ്പില്ലാത്ത യഹിയയെ അവിടെ കാത്തിരുന്നത് ആടുജീവിതമായിരുന്നു.


Read more: നോട്ടു നിരോധിച്ച് കൊണ്ട് മോദി നടത്തിയ പ്രസംഗം റെക്കോര്‍ഡ് ചെയ്തതാണെന്ന് വെളിപ്പെടുത്തല്‍; വിവരം പുറത്തുവിട്ട ദൂരദര്‍ശന്‍ മാധ്യമപ്രവര്‍ത്തകന് വധഭീഷണി


ഗതിപിടിക്കാതെ വന്നപ്പോള്‍ നാട്ടിലേക്ക് തന്നെ മടങ്ങി. കയ്യിലുള്ള സമ്പാദ്യവും കടയ്ക്കല്‍ സഹകരണ ബാങ്കിന്റെ വായ്പയുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. പിന്നീട് കടക്കലില്‍ ആര്‍.എം.എസ് എന്ന തട്ടുകട ജീവിതമാര്‍ഗമാക്കി. ഇവിടത്തെ വെപ്പും വിളമ്പുമെല്ലാം യഹിയ ഒറ്റക്കാണ് ചെയ്യുന്നത്. അതുകൊണ്ടു വേഷം നൈറ്റിയാക്കി. വൈകിട്ട് 5 മുതല്‍ അര്‍ദ്ധരാത്രി വരെ ബീഫും ചിക്കന്‍ ഫ്രൈയും തന്റെ “കോമാളിത്തവും” ആസ്വദിക്കാന്‍ കടയില്‍ ആളുണ്ടാകുമെന്ന് യഹിയ പറയുന്നു. ആയിടയ്ക്കാണ് നോട്ട് നിരോധനവും തുടര്‍ന്നുള്ള സംഭവങ്ങളും.

We use cookies to give you the best possible experience. Learn more