നോട്ടു നിരോധനത്തിന്റെ രക്തസാക്ഷികള്‍
Daily News
നോട്ടു നിരോധനത്തിന്റെ രക്തസാക്ഷികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th November 2017, 5:06 pm

 

കോഴിക്കോട്: 500 രൂയുടെയും 1000 രൂപയുടെയും നോട്ടുകള്‍ റദ്ദാക്കിക്കൊണ്ടുള്ള മോദി സര്‍ക്കാറിന്റെ പ്രഖ്യാപനത്തിനു ഒരു വയസ് പൂര്‍ത്തിയാകുകയാണ്. സാമ്പത്തിക വിദഗ്ദര്‍ പ്രവചിച്ചതുപോലെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയ നോട്ടു നിരോധനം.

സമ്പദ് വ്യവസ്ഥയെ മാത്രമല്ല രാജ്യത്തെ ഓരോ ജനങ്ങളുടെയും ജീവിതത്തെയും താറുമാറാക്കുന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. നോട്ടു നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ഈ കാലയളവില്‍ മരണപ്പെട്ടത് 150 തിലേറെപ്പേരായിരുന്നു. പ്രഖ്യാപനം വന്ന് ഒരാഴ്ചക്കുള്ളില്‍ത്തന്നെ 33 പേരായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ മരണസഖ്യ 90 ലേക്കും ഉയര്‍ന്നിരുന്നു.

പണം മാറ്റി വാങ്ങുന്നതിനും പിന്‍വലിക്കാനുമായി ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ടി വന്നതിനെത്തുടര്‍ന്നായിരുന്നു കൂടുതല്‍ മരണവും. പണം ലഭിക്കാതെ വന്നതോടെ വിവാഹവും പെട്ടെന്നുള്ള ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയാതെ ആത്മഹത്യ ചെയ്തവരും കുറവായിരുന്നില്ല.

 

അക്രമ സംഭവങ്ങളില്‍പ്പെട്ട് മരിച്ചവരും കോളേജ് ഫീസടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. പണം ഇല്ലാത്തതിനെത്തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ചവരും ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെട്ടതാണ് ഈ രകത്സാക്ഷി പട്ടിക..

മോദിക്കുണ്ടായ “വെളിപാടിന്റെ” ഫലമായി കൊലചെയ്യപ്പെട്ടവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന എല്ലാവരും. ആത്മഹത്യ ചെയ്‌തെന്നു പറയുമ്പോഴും ഭരണകൂടം കൊലചെയ്യുകയായിരുന്നു ഇവരെയെന്ന് നിസംശയം പറയാം. കാരണം മുന്നിലുള്ള വഴികളെല്ലാം അടച്ച് രാജ്യ സ്‌നേഹത്തിന്റെ പുറത്ത് മുന്നോട്ട് പോകാന്‍ പറഞ്ഞാല്‍ അത് എത്രത്തോളം പ്രായോഗികമാണെന്ന് അധികാര വര്‍ഗം ചിന്തിക്കേണ്ടിയിരുന്നു..

ഭരണകൂടത്താല്‍ കൊലചെയ്യപ്പെട്ട് രക്തസാക്ഷിത്വം വരിച്ചവര്‍ ഇവരൊക്കെ

1 സുഖ്‌ദേവ് സിങ്

ഹൃദയാഘാതമായിരുന്നു മരണകാരണം. മകളുടെ വിവാഹത്തിനു നാലുദിവസം മുമ്പായിരുന്നു മരണം. മകളുടെ വിവാഹത്തിനു സ്വരുക്കൂട്ടിവെച്ച പണം ആരും സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നതോടെ ടെന്‍ഷനിലായിരുന്നു സുഖ്‌ദേവെന്ന് ഭാര്യ സുര്‍ജിത് കൗര്‍ പറയുന്നു.

2 പെരളശേരി ചോരക്കളത്ത് കെ.കെഉണ്ണി

തലശേരി സ്വദേശിയായ ഉണ്ണി 5ലക്ഷം രൂപ നിക്ഷേപിക്കാനായി ബാങ്കിലേക്കു പോയതായിരുന്നു. ആദ്യദിവസം പണം നിക്ഷേപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീണ്ടും പോകുകയായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനായ ഇയാള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും വീണു മരിക്കുകയായിരുന്നു. തലേദിവസം ലോണായി വാങ്ങിയതായിരുന്നു ഈ അഞ്ചുലക്ഷം രൂപ. കറന്‍സി നോട്ടുകള്‍ മാറാന്‍ കഴിയാതിരുന്നതോടെ ടെന്‍ഷനിലായിരുന്നു ഉണ്ണി.

3. ഒഡീഷയിലെ സംബല്‍പൂരില്‍ രണ്ടുവയസുകാരി കൃത്യസമയത്ത് ചികിത്സകിട്ടാതെ മരിച്ചു. കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ചില്ലറയില്ലാത്തതിനാല്‍ ഓട്ടോ ഡ്രൈവര്‍ തയ്യാറായില്ല. കുട്ടിയുടെ മാതാപിതാക്കളുടെ പക്കല്‍ 500രൂപയുടെ നോട്ടായിരുന്നു ഉണ്ടായിരുന്നത്.

 

 

4 ലക്ഷ്മി നാരായണ

സെക്കന്തരാബാദിലെ ആന്ധ്ര ബാങ്ക് ബ്രാഞ്ചിനു മുമ്പിലെ ക്യൂവില്‍ രണ്ടു മണിക്കൂറോളം കാത്തുനിന്ന ഈ 75കാരന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 1.7ലക്ഷം രൂപ നിക്ഷേപിക്കാന്‍ പോയതായിരുന്നു അദ്ദേഹം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്കില്‍ പ്രത്യേകം ക്യൂ ഉണ്ടായിരുന്നില്ല.

5 സുരേന്ദ്ര ശര്‍മ്മ

ബീഹാറിലെ ഔറംഗാബാദില്‍ ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കവെയാണ് ഇദ്ദേഹം മരിക്കുന്നത്.

6 ഹഖ് ലോധി

മധ്യപ്രദേശിലെ ഛാത്പൂര്‍ ജില്ലയിലെ കര്‍ഷകനാണ് ഹഖ ലോധി. റാബി സീസണിലേക്കുള്ള കൃഷിക്ക് കൃത്യസമയത്ത് വിത്തും വളവും വാങ്ങാന്‍ പണില്ലാത്തതിനാല്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. “പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ബാങ്കില്‍ നിന്നും ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം അദ്ദേഹം ആത്മഹത്യ ചെയ്യില്ലായിരുന്നു” എന്നാണ് അദ്ദേഹത്തിന്റെ ബന്ധുവായ ഭൂപേന്ദ്ര ലോധി പറഞ്ഞതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

7 അസീസ് അന്‍സാരി

മീറത്തിലെ ഫാക്ടറി തൊഴിലാളിയായിരുന്നു ഈ 60കാരന്‍. ബാങ്കിനു മുമ്പില്‍ നില്‍ക്കവെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. രണ്ട് ദിവസം ക്യൂനിന്നിട്ടും അദ്ദേഹത്തിനു നോട്ടു മാറാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം ദിവസം കാത്തുനില്‍ക്കവെയായിരുന്നു മരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

 

8 രഘുനാഥ് വര്‍മ്മ

ജലൗണില്‍ നിന്നും സ്‌കൂള്‍ അധ്യാപകനായി വിരമിച്ചയാളാണ് ഇദ്ദേഹം. ബാങ്ക് ക്യൂവില്‍ വെച്ചായിരുന്നു മരണം. “വിവാഹച്ചിലവുകള്‍ക്കായി രണ്ടു ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. മൂന്ന് ദിവസം അച്ഛന്‍ ബാങ്കില്‍ പോയി. പണം പിന്‍വലിക്കാനും മാറാനും സഹായിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജരോട് പലതവണ സംസാരിച്ചിരുന്നു. മാനേജര്‍ അത് ചെവിക്കൊണ്ടില്ല. ശനിയാഴ്ച മാനേജരുടെ കാലില്‍ വീണിരുന്നു.” രഘുനാഥിന്റെ മകന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

9. ബുലന്ദേശ്വറിലെ കുട്ടിയുടെ മരണം

സാംസ്‌കാരിക മന്ത്രി മഹേശ് ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള ബുലന്ദേശ്വറിലെ കൈലാശ് ആശുപത്രിയില്‍ ചികിത്സകിട്ടാതെ ഒരു കുട്ടി മരിച്ചിരുന്നു. 10,000രൂപ പ്രവേശനഫീസായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ കുട്ടിയുടെ മാതാപിതാക്കളുടെ പക്കല്‍ പഴയ കറന്‍സി നോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

10 റിസ്‌വാന

ദല്‍ഹി സ്വദേശിയായ ഈ 24 കാരി തൂങ്ങിമരിക്കുകയായിരുന്നു. മൂന്നു ദിവസമായി കറന്‍സി മാറ്റിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ ബുദ്ധിമുട്ടിലായിരുന്നു ഇവരെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

11. സൂറത്തിലെ 50കാരിയുടെ മരണം

വീട്ടിലേക്കു റേഷന്‍ വാങ്ങാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഈ 50കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ കടക്കാര്‍ വിസമ്മതിക്കുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

12. ഷബാന

പടിഞ്ഞാറന്‍ യു.പി സ്വദേശിയായ ഈ 20കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. ബാങ്കില്‍ നിന്നും നോട്ടുമാറിയെടുക്കാന്‍ കഴിയാതെ വീട്ടിലേക്കു മടങ്ങിവന്ന സഹോദരന്‍ കണ്ടത് ഇവര്‍ സീലിങ് ഫാനില്‍ തൂങ്ങിക്കിടക്കുന്നതായിരുന്നു.

13 കര്‍ണാടകയിലെ 40കാരി

കര്‍ണാടകയിലെ ചിക്ബല്‍പൂരില്‍ 40 കാരി ആത്മഹത്യ ചെയ്തു. മാറ്റിയെടുക്കാനായി ബാങ്കിലേക്കു കൊണ്ടുപോയ 15,000രൂപ നഷ്ടപ്പെട്ടുപോയതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. മദ്യപാനിയായി ഭര്‍ത്താവ് കാണാതെ സ്വരുക്കൂട്ടിവെച്ച തുകയായിരുന്നു അതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

14 രവി പ്രധാന്‍

റായിഗഢിലെ കര്‍ഷകനായിരുന്നു ഈ 45കാരന്‍. കയ്യിലുണ്ടായിരുന്ന 3000രൂപ മാറാനായി രണ്ടുദിവസത്തോളം ബാങ്കിനു മുന്നില്‍ ക്യൂ നിന്നും കഴിയാതായതോടെ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടില്‍ കുടുങ്ങിപ്പോയ രണ്ട് ആണ്‍മക്കളെ തിരിച്ചെത്തിക്കാന്‍ വേണ്ടിയായിരുന്നു പണം.

15. ഗുജറാത്തിലെ 69കാരി

ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയിലെ ലിംബ്ഡി നഗരവാസിയായ ഇവര്‍ ബാങ്കില്‍ ക്യൂ നില്‍ക്കവെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിനു മുന്നിലായിരുന്നു സംഭവമെന്ന് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

16. കാണ്‍പൂര്‍ സ്വദേശിയായ വൃദ്ധ

ഒറ്റയ്ക്കു ജീവിക്കുകയായിരുന്നു ഈ വൃദ്ധ നോട്ട് എണ്ണുന്നതിനിടെയായിരുന്നു മരണപ്പെട്ടത്. 2.69ലക്ഷം വിലയുള്ള പിന്‍വലിച്ച കറന്‍സി നോട്ടുകളാണ് പൊലീസ് ഇവരുടെ മൃതശരീരത്തിനടുത്തുനിന്നും കണ്ടെടുത്തതെന്ന് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

17 കാണ്‍പൂരിലെ യുവാവ്

നോട്ടു പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചത്. തലേദിവസം ഭൂമി വിറ്റവകയില്‍ ഇയാള്‍ക്ക് 70ലക്ഷം രൂപ അഡ്വാന്‍സ് കിട്ടിയിരുന്നു. മാസങ്ങളായുള്ള ശ്രമത്തിനൊടുവിലായിരുന്നു ഭൂമി വില്‍ക്കാന്‍ കഴിഞ്ഞതെന്നും എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

18 നവജാതശിശു

മാതാപിതാക്കളുടെ കയ്യില്‍ പുതിയ കറന്‍സി നോട്ടുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നവജാതശിശുവിന് ചികിത്സ നിഷേധിച്ചതിനാല്‍ കുഞ്ഞു മരിച്ചെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മാത്രമാണ് പഴയ കറന്‍സി നോട്ടുകള്‍ സ്വീകരിച്ച് ചികിത്സിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

 

19 കൊമാലി

പത്തൊന്‍പതുമാസം പ്രായമുള്ള ഈ കുട്ടി മരുന്നുവാങ്ങാന്‍ രക്ഷിതാക്കളുടെ പക്കല്‍ പുതിയ കറന്‍സി നോട്ടുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

20 കുഷ്

ഒരു വയസുമാത്രം പ്രായമുള്ള കുഷ് ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. പനി ബാധിച്ച കുഷിനെ ഉത്തര്‍പ്രദേശിലെ മൈന്‍പുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മാതാപിതാക്കളുടെ പക്കല്‍ നൂറു രൂപ നോട്ട് ചില്ലറയില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ വിസമ്മതിക്കുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നു മാതാപിതാക്കളുടെ പക്കല്‍ പഴയ 500രൂപ നോട്ടുമാത്രമേയുണ്ടായിരുന്നുള്ളൂ.

21 രാജസ്ഥാനിലെ നവജാത ശിശു

രാജസ്ഥാനിലെ പാലി ജില്ലയിലെ ചാംപാലാല്‍ മെഘ്വാലിന്റെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വിസമ്മതിച്ചു. മെഘ്വാലിന്റെ പക്കല്‍ പഴയ 500ന്റെയും 1000ത്തിന്റെയും നോട്ടുമാത്രമായിരുന്നു ഉണ്ടായിരുന്നത്.

22. ഉത്തര്‍പ്രദേശിലെ അലക്കുകാരി

ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ ജില്ലയിലെ ഇവര്‍ നോട്ടുനിരോധനം സംബന്ധിച്ച് അറിയുന്നത് താന്‍ സ്വരുക്കൂട്ടിവെച്ച 1,000രൂപ നോട്ട് നിക്ഷേപിക്കാനായി ബാങ്കില്‍ പോയപ്പോഴാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന് നിയമസാധുതയില്ലെന്നു അറിഞ്ഞതോടെ അതിന്റെ ഞെട്ടലില്‍ അവര്‍ മരണപ്പെടുകയായിരുന്നു.

23 കന്ദുകുരി വിനോദ

തെലങ്കാനയിലെ മഹുബാബാദ് സ്വദേശിയായ ഈ 55 കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ സമ്പാദ്യമായ 54 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ യാതൊരു വിലയുമില്ലെന്ന് മനസിലായതോടെയായിരുന്നു ഇത്. ഭര്‍ത്താവിനെ ചികിത്സിക്കാനും, മകളുടെ വിവാഹം നടത്താനും, ചെറിയൊരു ഭൂമിവാങ്ങാനുമായി സ്ഥലം വിറ്റു കണ്ടെത്തിയതായിരുന്നു ഈ പണമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

24 ബംഗാളിലെ കൊലപാതകം

എ.ടി.എമ്മില്‍ നിന്നും വെറും കയ്യുമായി വന്ന ഭാര്യയെ രോഷാകുലനായ ഭര്‍ത്താവ് കൊല ചെയ്യുകയായിരുന്നു. എ.ടി.എമ്മില്‍ ക്യൂ നില്‍ക്കാന്‍ മടിയായിട്ട് ഭാര്യ മടങ്ങിയതാണെന്നു കരുതിയായിരുന്നു കൊലപാതകമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നു. നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്ന് ടെന്‍ഷനിലായിരുന്നു ഇയാള്‍.

25 രാം അവാധ് സാഹ്

ബീഹാറിലെ കൈമൂര്‍ ജില്ലയിലെ ഈ 45 കാരന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മകളുടെ വിവാഹത്തിന് സ്ത്രീധനമായി നല്‍കാനായി 35,000രൂപ ഇയാള്‍ കരുതിയിരുന്നെന്നും ഈ പഴയനോട്ടുകള്‍ വധുവിന്റെ ഭര്‍തൃകുടുബും സ്വീകരിക്കില്ലെന്നു ഭയന്നിരുന്നെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

 

26 സുമിത്

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷാറിലെ ബി.എസ്.എഫ് ജവാന്റെ മകനാണ് ഈ പതിനേഴുകാരന്‍. ചെറിയ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ നല്‍കാന്‍ അമ്മ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു സുമിത് എന്ന് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

27 വിശ്വാസ് വര്‍ധക്

മുംബൈയിലെ ബാങ്കില്‍ കറന്‍സി നിക്ഷേപിക്കാന്‍ കാത്തുനില്‍ക്കവെ ഹൃദയാഘാതം മൂലമാണ് ഈ 72 കാരന്‍ മരിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

28 ബര്‍കത് ഷെയ്ക്ക്

ഗുജറാത്തിലെ താപാരൂലില്‍ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കാത്തുനില്‍ക്കവരെ ഹൃദയാഘാതം മൂലം മരിച്ചു. ഫാമിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വേണ്ടിയായിരുന്നു പണമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

29 കാര്‍ത്തികേയന്‍

ആലപ്പുഴ സ്വദേശിയായ ഈ 75കാരന്‍ ബാങ്കിനു മുമ്പില്‍വെച്ചാണ് മരിച്ചത്. മണിക്കൂറുകളായി ക്യൂ നില്‍ക്കുകയായിരുന്നു.

30 ഗോപാലഷെട്ടി

ഉഡുപ്പി സ്വദേശിയായ ഈ 96കാരന്‍ ബാങ്കു തുറക്കുന്നതിനു മുമ്പു തന്നെ ക്യൂവില്‍ സ്ഥാനം മുറപ്പിച്ചിരുന്നു. നീണ്ട ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

 

31 വിനയ് കുമാര്‍ പാണ്ഡെ

ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരനായിരുന്നു ഈ 65കാരന്‍. മധ്യപ്രദേശിലെ സാഗറില്‍ ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കവെ തളര്‍ന്നു വീണു മരിക്കുകയായിരുന്നെന്ന് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

32 ഭോപ്പാലിലെ ബാങ്ക് ജീവനക്കാരന്‍

ഭോപ്പില്‍ എസ്.ബി.ഐ ബാങ്ക് ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനം മൂലം ബാങ്ക് ജീവനക്കാര്‍ അധികസമയം ജോലി ചെയ്യേണ്ടി വന്നിരുന്നു.

33 ഫാസിയാബാദിലെ ബിസിനസുകാരന്‍

ഉത്തര്‍പ്രദേശിലെ ഫാസിയാ ബാദിലെ ഈ ബിസിനസുകാരന് മോദിയുടെ പ്രഖ്യാപനം ടി.വിയില്‍ കണ്ടുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഡോക്ടര്‍മാര്‍ എത്തും മുമ്പു തന്നെ ഇയാള്‍ മരണപ്പെട്ടിരുന്നെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

34 ടീര്‍താജി

ഗോരഖ്പൂരിലെ 60 കാരിയായ വൃദ്ധ. ചാന്ദിനി ചൗക് ഏരിയയിലെ കുശാല്‍ നഗറിലെ ജില്ലയില്‍ ബാങ്കിനു മുന്നിലെ അടച്ചിട്ട ഗേറ്റിനു സമീപത്തായിരുന്നു ടീര്‍താജി മരിച്ച് വീഴുന്നത്. അലക്കുകാരനായ ഭര്‍ത്താവിന്റെ കൈവശം ഉണ്ടായ രണ്ട് 1,000 രൂപ നോട്ട് മാറാന്‍ എത്തിയതായിരുന്നു ഇവര്‍.

35. രാജേഷ് കുമാര്‍

റോഹ്തക് കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജറായ രാജേഷ് കുമാര്‍ തുടര്‍ച്ചയായി മൂന്നു ദിവസം ജോലി ചെയ്യേണ്ടി വന്നതുമൂലമുള്ള സമ്മര്‍ദ്ദമൂലമാണ് മരണപ്പെട്ടത്. 56 കാരനായ ഇദ്ദേഹത്തെ ഓഫീസിനകത്തായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

36. ലാല്‍ മുനി ദേവി

ബീഹാറിലെ സപ്‌നേരി ഗ്രാമവാസി. നൈ ബസാറിലെ പഞ്ചാബ് നാഷല്‍ ബാങ്കിലെ ക്യൂവില്‍ നില്‍ക്കേ കുഴഞ്ഞു വീണു മരിച്ചു.

37. ദേശ്‌രാജ് സിങ്

മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മുരാദ്പൂര്‍ വില്ലേജുകാരനായ ഈ 55 കാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

38. സുരേന്ദ്ര ശര്‍മ

ബീഹാറിലെ ഔറംഗാബാന്ദില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കവേ നെഞ്ച് വേദനയെത്തുടര്‍ന്നാണ് സുരേന്ദ്ര ശര്‍മ മരണപ്പെടുന്നത്.

39 ഖാലിദ് ഹസന്‍

കാരനായ ഖാലിദ് ഹസന്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ക്യൂവില്‍ നില്‍ക്കവേ നെഞ്ചുവേദനയെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഇദ്ദേഹം.

40 സുരേഷ് സോണാര്‍

മകളുടെ വിവാഹത്തിനാവശ്യമായ പണം മാറ്റിയെടുക്കുന്നതിനായി ഉത്തര്‍പ്രദേശിലെ ബാലിയയിലുള്ള സ്റ്റേസ്റ്റ് ബാങ്കിന്റ ബ്രാഞ്ചിനു മുന്നില്‍ നില്‍ക്കവേയാണ് 40 കാരനായ സുരേഷ് സോണാര്‍ കുഴഞ്ഞു വീണ് മരണപ്പെടുന്നത്.

 

41 തുകാരം ജെനു താന്‍പൂര്‍

പൂനെ നാസിക് ഹൈവേയിലെ രാജ്ഗുരുനഗറിലുള്ള സ്റ്റേറ്റ് ബാങ്ക് ബ്രാഞ്ചിലെ പ്യൂണായ 54 കാരന്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കഠിനമായി ജോലിചെയ്യേണ്ടി വന്നതിനെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

42. ഖലീക് ഹസന്‍ ഖാന്‍

മൂന്നു ദിവസത്തോളം നോട്ടു മാറ്റിയെടുക്കാന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നതിനെത്തുടര്‍ന്നാണ് ടെമ്പോ ഡ്രൈവറായ 45 കാരന്‍ മരണപ്പെടുന്നത്.

43. കെ വിജയലക്ഷ്മി

70 വയസുകാരിയായ ആന്ധ്രാ സ്വദേശിയായ വിജയലക്ഷ്മി ജില്ലാ ബാങ്കിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കവേയാണ് മരണപ്പെടുന്നത്.

44. അഭിജിത് പോള്‍

ബാങ്കിലേക്ക് പണം കൊണ്ടുപോവുകയായിരുന്ന വാനിന്റെ ഡ്രൈവറായ അഭിജിത്തിനെ ആസാമില്‍ അക്രമകാരികള്‍ വാന്‍ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

45. സൗദ് ഉര്‍ റഹ്മാന്‍

48 കാരനായ ദല്‍ഹി സ്വദേശിയായ സൗദ് ഉര്‍ റഹ്മാന്‍, ലാല്‍ കൗണില്‍ ബാങ്കിനു മുന്നില്‍ എട്ടു മണിക്കൂറോളം ക്യൂവില്‍ നിന്നതിനെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

46. സിയാ റാം

യു.പിയലെ 70 കാരനായ കൂലിപ്പണിക്കാരനായ സിയാ റാം ദീര്‍ഘ നേരം ക്യൂവില്‍ നിന്നതിനെത്തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതത്തെത്തുര്‍ന്നായിരുന്നു മരണപ്പെട്ടത്.

47 മൊഹമ്മദ് ഇദ്‌രീസ്

പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി ബാങ്കിലെത്തി നീണ്ട ക്യൂവില്‍ അകപ്പെട്ട 45 കാരന്‍ ഇദ്‌രീസ്
നെഞ്ചുവേദനയെത്തുടര്‍ന്നായിരുന്നു മരണപ്പെട്ടത്.

48. വെങ്കടേഷ് രാജേഷ്

സ്റ്റേറ്റ് ബാങ്കിന്റെ ഗാന്ധിനഗര്‍ ബ്രാഞ്ചിലെ ജീവനക്കാരനായ 51 കാരനായ വെങ്കടേഷ് രാജേഷ് നെഞ്ച് വേദനയെത്തുടര്‍ന്നായിരുന്നു മരണപ്പെട്ടത്.

 

49. രത്‌ന റാം

രാജസ്ഥാനിലെ പിലാനിയില്‍ ബാങ്ക് ക്യൂവില്‍ നില്‍ക്കവേയാണ് 75 കാരനായ രത്‌ന റാം മരണപ്പെടുന്നത്.

50. എസ്.കെ ഷെരീഫ്

നെല്ലോറിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഡെപ്യൂട്ടി മാനേജരായ 46കാരന്‍. അധിക ജോലിമൂലമുണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മരണപ്പെട്ടു.

51. കാംത് പ്രസാദ്

അസുഖ ബാധിതനായ 75 കാരനായ യു.പിയിലെ കാംത് പ്രസാദ് ബാങ്ക് ഓഫ് ഇന്ത്യയിലെ ബാങ്കിനു മുന്നില്‍ നിന്നു മരണപ്പെടുകയായിരുന്നു.

52. ബാബു ലാല്‍

50 വയസ്സ് അലിഗര്‍ഹ് സ്വദേശി

53. കൗസല്ല്യാ ദേവി

80 കാരി ചാരു ബസാറിലെ സെന്‍ട്രല്‍ ബാങ്ക് മാനേജര്‍

54. ജമ്മുകാശ്മീരിലെ എട്ടുവയസുകാരന്‍

കയ്യില്‍ പഴയ നോട്ടായതിന്റെ പേരില്‍ പിതാവിന് മകനു മതിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല

55. ഹൈദര്‍ അലി

ബിഹാറില്‍ ഷഫിഛക്ക് ഗ്രാമത്തിലെ ടെയ്‌ലര്‍

56. ദീനബന്ധു ദാസ്

മകളുടെ വിവാഹത്തിന് പണം തയ്യാറാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഹൃദയാഘാതത്താല്‍ മരണപ്പെട്ട 58 കാരന്‍

57. യു.പിയിലെ ടിന്‍ഡാവാരിയിലെ മൂന്നു വയസ്സുകാരി

58. സുരേഷ് പ്രജാപതി

കോളേജ് ഫീസ് നല്‍കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്ത പത്തൊമ്പതുകാരന്‍

59. സതീഷ് ശര്‍മ

ആറുമണിക്കൂറോളം ക്യൂവില്‍ നിന്നതിനെത്തുടര്‍ന്ന് മരണപ്പെട്ട ദല്‍ഹി നജാഫ്‌നഗറിലെ 49 കാരന്‍

60. രാമനാഥ് കുശ്വാഹ

യു.പിയിലെ ഗുര്‍ഡലിഹ ഗ്രാമത്തിലെ 65 കാരന്‍.

 

61. ഓമനക്കുട്ടന്‍ പിള്ള

73 കാരനായ ഓമനക്കുട്ടന്‍ പിള്ള ആത്മഹത്യചെയ്യുകയായിരുന്നു.

62. ചാപാര്‍ ഗ്രാമത്തിലെ ദളിത് പെണ്‍കുട്ടി

63. പ്യാര സിങ്ങ്

പഞ്ചാബിലെ ലൂധിയാനയില്‍ ക്യൂവില്‍ നില്‍ക്കവേ മരണപ്പെട്ട 84 കാരന്‍

64. രവീന്ദര്‍ സിങ്

പഞ്ചാബിലെ മജ്പുര ഗ്രാമത്തിലെ 42 കാരന്‍. ബാങ്കില്‍ നിന്നും പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്തു.

65. മഞ്ജു മാഞ്ചി

പണമില്ലാത്തതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഡയാലിസിസ് ചെയ്യാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മരണപ്പെട്ട ഗയയിലെ ഓര്‍മ സ്വദേശി.

66. ജിലുഭായി ഘച്ചാര്‍

റാന്‍പൂരില്‍ ബാങ്ക് ഓഫ് ബറോഡയുടെ മുന്നില്‍ വെച്ച് നെഞ്ച് വേദനയെത്തുടര്‍ന്ന് മരണപ്പെട്ട 70 കാരന്‍

67. ഇന്ദ്രസാനി ദേവി

പണം പിന്‍വലിക്കാനായി ബാങ്കിലെത്തി ക്യൂവിലകപ്പെട്ട് മരണപ്പെട്ട് 70 കാരി.

68. മൂര്‍ത്തി ദേവി

മുസാഫര്‍ നഗറിലെ ഹനുമാന്‍ ചൗക്കില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ബ്രാഞ്ചില്‍ പണം മാറ്റിവാങ്ങാനെത്തിയപ്പോള്‍ കുഴഞ്ഞു വീണു മരിച്ചു

69. അക്ബര്‍

ബുലന്ദ്ഹറിനടുത്ത ഖുജ്ര സ്വദേശിയായ 27 കാരന്‍. റിക്ഷാ തൊഴിലാളിയായ ഇയാള്‍ തന്റെ കയ്യിലുണ്ടായിരുന്ന നാല് അഞ്ഞൂറിന്റെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി ശ്രമിച്ച് കഴിയാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

 

70. ചിരഞ്ജി ലാല്‍

ജയ്പൂരിലെ കലേന്ദ്രയിലെ 70 കാരന്‍. അസുഖ ബാധിതനായ ഇയാള്‍ ബാങ്കില്‍ ക്യൂവില്‍ നില്‍ക്കവേ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലാവുകയും മരണപ്പെടുകയുമായിരുന്നു.

71. കര്‍ണ്ണാടകയിലെ ഫാര്‍മസിസ്റ്റ്

കര്‍ണ്ണാടകയിലെ മതികേരെയിലെ സുബ്ബയ്യ ഹോസ്പിറ്റലിനു സമീപത്തെ ഫാര്‍മസി ജീവനക്കാരനായ 27 കാരന്‍. മെഡിക്കല്‍ഷോപ്പ് മാനേജര്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. മാറ്റിയെടുത്ത നോട്ട് മോഷ്ടിച്ചെന്ന ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു ആത്മഹത്യ.

72. ലൂധിയാനയിലെ 19 കാരന്‍

തന്റെ സമ്പാദ്യം വെറുതെയായെന്ന ചിന്തയെത്തുടര്‍ന്നായിരുന്നു പഞ്ചാബിലെ ലൂധിയാന സ്വദേശിയായ പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്തത്. ബിസിനസ് തുടങ്ങുന്നതിനായി ശേഖരിച്ച പണം നോട്ട് നിരോധനത്തോടെ ഉപയോഗ ശൂന്യമായെന്നു കരുതിയായിരുന്നു ആത്മഹത്യ.

73. പ്രഹ്ലാദ് സിങ്ങ്

രാജസ്ഥാനിലെ നഗൗറിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രഹ്ലാദ് സിങ്ങെന്ന 70 കാരന്‍ ബിക്കാനീറിലെ ബാങ്കില്‍ ക്യൂവില്‍ നില്‍ക്കവേ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു.

74. ദര്‍ശന്‍ സിങ്ങ്

ഗ്വാളിയോറിലെ കോണ്‍ഗ്രസ് നേതാവായ ദര്‍ശന്‍ സിങ്ങ്. നോട്ടു നിരോധത്തിനെതിരായ റാലിയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചു വേദനയെത്തുടര്‍ന്ന് മരിക്കുകയായിരുന്നു.

75. പ്രഭാവതി

ഒഡീഷയിലെ രാഗ്‌നിപൂര്‍ ഗ്രാമത്തിലെ നവ വധുവായ പ്രഭാവതി ഭര്‍ത്താവിന്റെ വീട്ടില്‍ കൊല്ലപ്പെടുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ 1.70 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടിയതിനെത്തുടര്‍ന്നായിരുന്നു വീട്ടുകാര്‍ ഇവരെ കൊലപ്പെടുത്തിയത്.

76. ധരണി കാന്തി ഭൗമിക്

കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ സ്വദേശിയായ ധരണി കാന്തി ഭൗമിക കൊല്‍ക്കത്തയില്‍ എ.ടി.എമ്മിനു മുന്നില്‍ ക്യൂ നില്‍ക്കവേ കുഴഞ്ഞുവീണു മരണപ്പെടുകയായിരുന്നു.

77. ജലന്ത്പൂരിലെ വസ്ത്ര വ്യാപാരി

ജലന്ത്പൂരിലെ വസ്ത്ര വ്യാപാരിയായ വയോധികന്‍ ബാങ്ക് ഓഫ് ബറോഡയുടെ ജലന്ത്പൂര്‍ ബ്രാഞ്ചില്‍ ക്യൂ നില്‍ക്കവേ മരണപ്പെടുകയായിരുന്നു.

78. മോഹന്‍ ലാല്‍

ജയ്പൂര്‍ സ്വദേശിയായ 80 കാരന്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീറിന്റെ ക്യൂവില്‍ നില്‍ക്കവേ കുഴഞ്ഞുവീണു മരണപ്പെടുകയായിരുന്നു.

79. ഷിബു നന്ദി

ബെഹ്‌ല സ്വദേശിയായ കരാറുകാരനായ ഷിബു നന്ദി തന്റെ ജോലിക്കാര്‍ക്ക് കൂലി നല്‍കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

 

80. ബല്‍റാംപൂരിലെ 32 ദിവസം പ്രായമുള്ള കുട്ടി

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബീഹാറിലെ ബല്‍റാംപൂരിലെ ബാങ്കില്‍ ക്യൂ നില്‍ക്കുകയായിരുന്ന സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന 32 ദിവസം പ്രായമുള്ള കുട്ടി ബാങ്കിലെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെടുകയായിരുന്നു.

81 ബിശ്വദേപ് നാസ്‌കര്‍

റിട്ടയേര്‍ഡ് ഉദ്യാഗസ്ഥനായ ബിശ്വദേപ് നാസ്‌കര്‍ തന്റെ പെന്‍ഷന്‍ തുക വാങ്ങുന്നതിനായി ബാങ്കിലെത്തിയപ്പോഴാണ് മരണപ്പെട്ടത്. 80 കാരനായ ഇയാള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യുടെ റയിദിഖിയിലെ ശാഖയില്‍ വച്ചാണ് മരണപ്പെടുന്നത്.

82. റബിന്‍ മുഖര്‍ജി

മഛ്‌ലാന്ദ്പൂരിലെ എസ്.ബി.ഐ ബ്രാഞ്ചില്‍ പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് 72 കാരനായ റബിന്‍ മുഖര്‍ജി മരണപ്പെടുന്നത്.

83. കല്ലോല്‍ റോയ് ചൗധരി

കൊല്‍ക്കത്തയില്‍ എ.ടി.എമ്മിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കവേയാണ് 45 കാരനായ കല്ലോല്‍ റോയ് ചൗധരി മരണപ്പെടുന്നത്.

84. റാസിയ

തന്റെ കൈവശം ഉണ്ടായിരുന്ന ആറു 500 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി ബാങ്കുകളില്‍ കയറി ഇറങ്ങുന്നതിനിടെയാണ് അലിഗഢിലെ 45 കാരിയായ വീട്ടമ്മ മരണപ്പെടുന്നത്.

85. മോദു സിങ് ഗുജ്ജര്‍

രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ മോദു സിങ് ഗുജ്ജര്‍ പണം പിന്‍വലിക്കുന്നതിനായി ബാങ്ക് ക്യൂവില്‍ നില്‍ക്കവേ നെഞ്ചു വേദനയെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

86. ഇബോഹ്ന്ബി അകോയിജം

ഇംഫാലില്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ തന്റെ പെന്‍ഷന്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു ഇബോഹ്ന്ബി അകോയിജം മരണപ്പെടുന്നത്.

87. ലൂധിയാനയിലെ വയോധിക

ലൂധിയാനയില്‍ ബാങ്ക് ക്യൂവില്‍ നില്‍ക്കവേ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളിയതിനെത്തുടര്‍ന്ന് നിലത്തുവീണു മരണപ്പെട്ട വയോധിക. വീഴ്ചയിലേറ്റ പരുക്കായിരുന്നു മരണകാരണം.
2016 നവംബര്‍ എട്ടിനു രാത്രിയായിരുന്നു നരേന്ദ്ര മോദി 500 രൂപയുടെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപനം നടത്തിയത്. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ നടത്തിയ നോട്ടു നിരോധനം കവര്‍ന്നെടുത്തത് 150 ലേറെ ജീവനുകളായിരുന്നു. നോട്ടു നിരോധനത്തിന്റെ രക്ത സാക്ഷി പട്ടിക ഇവിടെ അവസാനിക്കുന്നതല്ല.

നവംബര്‍ എട്ടിന് രാത്രി പ്രഖ്യാപനം കേള്‍ക്കവെ ഹൃദയാഘാതം മുലം മരിച്ചവര്‍ മുതല്‍ 2016 ഡിസംബര്‍ ഒമ്പതിന് നോട്ടു നിരോധനം ഒരു മാസത്തിലെത്തി നില്‍ക്കുന്നതുവരെ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ “കൊല്ലപ്പെട്ടവരുടെ” വിവരങ്ങള്‍ മാത്രമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. അതും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായവ മാത്രം.. ഇതിലുമേറെയാണ് മരണപ്പെട്ടവരുടെ എണ്ണം..