മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തി 22 ദിവസം പിന്നിടുന്നു. എന്നാല്‍ അന്ന് തൊട്ട് ഇന്ന് വരെ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരും അനുഭവിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള ദുരിതമാണ്.
ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. മോദിയുടെ മുന്നൊരുക്കമില്ലാത്ത തീരുമാനം രാജ്യത്തെ അപകടത്തിലാക്കിയെന്നും ദേവഗൗഡ കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തില്‍ മോദി പാര്‍ലമെന്റില്‍ വന്ന് നിലപാട് വ്യക്തമാക്കണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടു. ഇത്തരമൊരു തീരുമാനത്തിന് മുന്‍പ് അത് പാര്‍ലമെന്റിലെങ്കിലും പറയാനുള്ള മാന്യത മോദി കാണിക്കണമായിരുന്നു.
കള്ളപ്പണത്തിനെതിരായ ഒരു നടപടിയേയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ വളരെ മുന്നൊരുക്കത്തോടെ മാത്രമേ നോട്ട് അസാധുവാക്കല്‍ പോലുള്ള ഇത്തരമൊരു തീരുമാനം മോദി എടുക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. വളരെ തിടുക്കത്തിലെടുത്ത ഒരു തീരുമാനമായിപ്പോയി ഇത്.
മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തി 22 ദിവസം പിന്നിടുന്നു. എന്നാല്‍ അന്ന് തൊട്ട് ഇന്ന് വരെ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരും അനുഭവിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള ദുരിതമാണ്. ഈ ദുരിതം 50 ദിവസത്തേക്ക് സഹിക്കണമെന്നാണ് മോദി പറഞ്ഞത്. അതില്‍ 22 ദിവസം പിന്നിട്ടു. ഇനി എത്ര ദിവസം കൂടി സഹിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തോട് ചോദിക്കാനുള്ളത്.
കര്‍ണാടകയിലെ ഒരു ബാങ്കിലും ആവശ്യക്കാര്‍ക്ക് നല്‍കാന്‍ പണമില്ല. അതുകൊണ്ട് തന്നെ പല ബാങ്കുകളും ഉച്ചയാകുമ്പോഴേക്കും അടക്കുകയാണ്. അത്രയും നേരം കാത്തുനില്‍ക്കുന്ന ജനങ്ങള്‍ നിരാശരായി മടങ്ങുന്നു. എന്തൊരു അവസ്ഥയാണ് ഇത്. ശരിയായ വിലയിരുത്തലുകള്‍ നടത്താതെയുള്ള മോദിയുടെ ഈ തീരുമാനം രാജ്യത്തെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചെന്നും ദേവഗൗഡ പറയുന്നു.