കാഷ്‌ലെസ് ഇടപാടുകള്‍ മാത്രം മതിയെന്ന് ബി.ജെ.പിയുടെ കര്‍ശന നിര്‍ദേശം : രണ്ട് മാസമായി കൂലി ലഭിക്കാത്ത തോട്ടം തൊഴിലാളി ആത്മഹത്യ ചെയ്തു
Daily News
കാഷ്‌ലെസ് ഇടപാടുകള്‍ മാത്രം മതിയെന്ന് ബി.ജെ.പിയുടെ കര്‍ശന നിര്‍ദേശം : രണ്ട് മാസമായി കൂലി ലഭിക്കാത്ത തോട്ടം തൊഴിലാളി ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd January 2017, 10:07 am

asaam

ആസ്സാം: ആസ്സാമിലെ ദിബ്രുഗര്‍ ജില്ലയില്‍ തോട്ടം തൊഴിലാളി ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നോട്ട് നിരോധനം ശേഷം കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഏറെ ദുരിതത്തിലായിരുന്നു അച്യുത്  ബുയാന്റെ കുടുംബമെന്നും ബന്ധുക്കള്‍ പറയുന്നു.

നോട്ട് നിരോധനത്തിന് ശേഷം ഇവര്‍ക്ക് കൂലി ലഭിച്ചിരുന്നില്ലെന്നും  കടബാധ്യത തീര്‍ക്കാന്‍ കഴിയാതെ വന്നതോടെയാവാം ആത്മഹത്യയെ കുറിച്ച് അദ്ദേഹം ചിന്തിച്ചതെന്നും മുന്‍ എം.എല്‍.എയും ഐ.എന്‍.ടി.യു.സി നേതാവുമായി രാഹു സാഹു പറഞ്ഞു.

പിപ്പാരട്ടോളി എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം. നോട്ട് നിരോധനത്തിന് ശേഷം കാഷ്‌ലെസ് ഇടപാടുകള്‍ മാത്രമേ ഇവിടെ നടത്താവൂ എന്ന് ബി.ജെ.പിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് കൂലിയായി പണം നല്‍കിയിരുന്നില്ല. വലിയ കടബാധ്യതയുള്ള അച്യുതിന്റെ കുടുംബം ഇതോടെ ദുരിതത്തിലായി. കടം വീട്ടാന്‍ ഒരുവഴിയും ഇല്ലാത്തതുകൊണ്ടാകാം അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും സാഹു പറയുന്നു.


നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയ ശേഷം തോട്ടം മേഖലയിലെ തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലാണ്. നോട്ട് നിരോധനത്തിന് ശേഷം പല തോട്ടം മുതലാളിമാരും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല.


ഇവിടെ പണരഹിത ഇടപാടുകള്‍ നടത്തണമെന്നാണ് ബി.ജെ.പിയുടെ നിര്‍ദേശം. എന്നാല്‍ ആളുകള്‍ക്ക് ഇവിടെ ഇന്റര്‍നെറ്റ് പോലും ലഭ്യമല്ല. അടിസ്ഥാന ബാങ്കിങ് ഘടന പോലും ഇവിടില്ലെന്നും മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആരോപിച്ചു.