മുഖ്യമന്ത്രിയായിരിക്കെ മോദി 2012ല്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പില്‍ നിന്നും 25 കോടി രൂപ കൈപ്പറ്റിയെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് വരുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
ന്യൂദല്‍ഹി: രാജ്യത്ത് നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ സാധാരണക്കാര്‍ വലയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരട്ടമുഖം തുറന്നുകാട്ടി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയും കള്ളപ്പണ ഇടപാട് നടത്തിയെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കെ മോദി 2012ല്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പില്‍ നിന്നും 25 കോടി രൂപ കൈപ്പറ്റിയെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് വരുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദല്‍ഹി നിയമസഭയുടെ പ്രത്യേക സെഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്. നോട്ടുകള്‍ അസാധുവാക്കിയ നടപടി റദ്ദാക്കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയതിനു പിന്നാലെയായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.
2012ല്‍ 25 കോടി രൂപയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് കൈക്കൂലിയായി കൈമാറിയത്. ഇത് കണക്കില്‍ പെടാത്ത പണമാണ്. ഇക്കാര്യങ്ങള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ലാപ്‌ടോപില്‍ ഉണ്ട്. ഈ തെളിവ് വ്യക്തമാക്കുന്നത് നരേന്ദ്ര മോദിയും കള്ളപ്പണക്കാരനാണെന്നാണ്, കെജ്‌രിവാള്‍ പറഞ്ഞു.
2013 ഒക്ടോബര്‍ 15നാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന്റെ പ്രസിഡന്റിന്റെ വീട്ടില്‍
ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ്ത്. റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുക്കളില്‍ ഒന്ന് ഒരു ലാപ് ടോപ് ആയിരുന്നു. ഈ ലാപ് ടോപ്പില്‍ മോദിയെ ആരോപണ വിധേയനാക്കുന്ന ഒരു വിവരം ഉണ്ടായിരുന്നു.
ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന, 2012 നവംബര്‍ 16 മുതലുള്ള വിവരങ്ങളില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിക്ക് 25 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. ആ കാലയളവില്‍ മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി, കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
ലാപ്‌ടോപിലെ വിവരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഗുജറാത്ത് കെമിക്കല്‍സിനെയാണ് സൂചിപ്പിച്ചിരുന്നതെന്നായിരുന്നു ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വാദം. വലിയ സംശയമാണ് ഇക്കാര്യത്തില്‍ ഉയരുന്നത്. ആദിത്യ ബിര്‍ള ഗ്രൂപ്പ് എന്തെങ്കിലും പ്രത്യേക താല്‍പ്പര്യത്തിനാണോ ഈ പണം നരേന്ദ്ര മോദിക്ക് കൈമാറിയതെന്നും കെജ്‌രിവാള്‍ ചോദിച്ചു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ ആ സമയത്ത് കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍. എന്നാല്‍ അവര്‍ മിണ്ടിയില്ല. കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ചില ഇടപാട് ഉണ്ടായിരിക്കുമെന്നും കെജ്‌രിവാള്‍ ആരോപിച്ചു.