സംഘപരിവാരത്തിന്റെ ചരിത്രവും പ്രവര്‍ത്തനരീതിയുമറിയാവുന്നവര്‍ക്കറിയാം, ഈ സാമ്പത്തിക അടിയന്തരാവസ്ഥ അവര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഫാസിസ്റ്റ് ഭരണത്തിലേക്കുള്ള ആദ്യചുവടുവെപ്പുമാത്രമാണെന്ന്. ജനങ്ങളെ എങ്ങനെ വിധേയരാക്കാമെന്ന പരീക്ഷണം. ജനതയെയാകെ ഒരു ഏകാധിപത്യത്തിനുകീഴിലാക്കുവാനുള്ള ബൃഹദ്പദ്ധതിയിലെ ആദ്യപരീക്ഷണം മാത്രമാണിത്.
നോട്ട് പിന്‍വലിക്കല്‍ നടപടിയും അനുബന്ധ നിയന്ത്രണങ്ങളും പരാജയമായിരുന്നു എന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തോട് ഞാന്‍ അശേഷം യോജിക്കുന്നില്ല. അത് സാധാരണ മനുഷ്യരുടെ ജീവിതം ദുരിതമയമാക്കിയെന്നത് നേരാണെങ്കിലും പ്രധാനമന്ത്രിയെസ്സംബന്ധിച്ചിടത്തോളം അഭിമാനിക്കാന്‍ വകയുള്ളതാണ്. മോഡിയുടെ അവകാശവാദങ്ങളെല്ലാം പാളിപ്പോയെന്നാണല്ലോ വിമര്‍ശനം. മോഡി പറഞ്ഞതൊന്നുമായിരുന്നില്ല അദ്ദേഹം ഉദ്ദേശിച്ചിരുന്നതെന്നറിയാത്തവരാണ് ഈ ആവലാതിക്കാര്‍.
സംഘപരിവാരത്തിന്റെ ചരിത്രവും പ്രവര്‍ത്തനരീതിയുമറിയാവുന്നവര്‍ക്കറിയാം, ഈ സാമ്പത്തിക അടിയന്തരാവസ്ഥ അവര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഫാസിസ്റ്റ് ഭരണത്തിലേക്കുള്ള ആദ്യചുവടുവെപ്പുമാത്രമാണെന്ന്. ജനങ്ങളെ എങ്ങനെ വിധേയരാക്കാമെന്ന പരീക്ഷണം. ജനതയെയാകെ ഒരു ഏകാധിപത്യത്തിനുകീഴിലാക്കുവാനുള്ള ബൃഹദ്പദ്ധതിയിലെ ആദ്യപരീക്ഷണം മാത്രമാണിത്. അതിലദ്ദേഹം വിജയിച്ചുനില്‍ക്കുമ്പോഴാണ് മോഡി പരാജയം സമ്മതിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഫാസിസം വരുന്ന വഴികളെക്കുറിച്ച് അറിവില്ലാത്തവര്‍, നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഫാസിസം ഫാസിസം എന്ന് പറഞ്ഞിട്ടെന്തുകാര്യം?
പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ക്കും പാര്‍ട്ടിക്കുമറിയാം, ഇന്ത്യക്കാരെ പടിപടിയായി ഫാസിസത്തിലേക്ക് നയിക്കേണ്ടതെങ്ങിനെയെന്ന്. ഒരടിയന്തരാവസ്ഥാപ്രഖ്യാപനവുമില്ലാതെ ജനാധിപത്യവിരുദ്ധരീതികള്‍ സമര്‍ത്ഥമായി നടപ്പാക്കാന്‍ ശേഷിയുള്ള സംഘപരിവാരത്തെ പ്രതിപക്ഷം വളരെ വിലകുറച്ചാണ് കാണുന്നത്. ഹിമാലയന്‍ വിഡ്ഡിത്തമെന്ന് മോഡിയുടെ പരിഷ്‌കാരത്തെ വിമര്‍ശിക്കുന്നവര്‍ വിഡ്ഡികളുടെ ഹിമാലയന്‍ സ്വര്‍ഗ്ഗത്തിലാണ്.
അതുകൊണ്ടാണ്, മോഡി പരാജയപ്പെട്ടുവെന്ന് പറഞ്ഞ് പരിഹസിക്കുന്നവരുടെകൂടെ ഞാനില്ലാത്തത്. അവസാനത്തെ ചിരി മോഡി സാറിന്റേതാണെന്നറിയാത്തവരുടെ കൂടെച്ചിരിക്കാന്‍ പേടിയാവുന്നു. സാമര്‍ത്ഥ്യക്കാരെ മണ്ടന്മാരെന്ന് വിളിച്ച് കളിയാക്കിച്ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളു.
ഇതൊരു ദുരന്തപ്രവചനമല്ല. ഒരു കബ് റിപ്പോര്‍ട്ടറുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങ് മാത്രമാണ്. എം.ടിയുടെ തുഞ്ചന്‍പറമ്പ് പ്രസംഗം മുഴുവന്‍ കേട്ടവര്‍ എന്നോട് വിയോജിക്കുകയില്ല. വെറുതെയല്ല, ബി.ജെ.പി എംടിക്കെതിരെ ബഹളമുണ്ടാക്കുന്നത്. വരാനിരിക്കുന്ന ഇരുണ്ടകാലത്തിന്റെ സൂചനയായി ഈ സാമ്പത്തികാടിയന്തരാവസ്ഥയെ തിരിച്ചറിയുന്നില്ലെങ്കില്‍ പ്രതിപക്ഷത്തിന് അതിന്റെ കടമ നിര്‍വ്വഹിക്കാനാവില്ലെന്നതാണ് വാസ്തവം.
കണ്ണടച്ചിരുട്ടാക്കിയാല്‍ പുറത്തെ ഇരുട്ട് കണ്ടില്ലെന്ന് നടിക്കാമെന്നേയുള്ളൂ. തുഗ്ലക്കിന്റെ വിഡ്ഡിത്തരങ്ങളൊന്നും വിഡ്ഡിത്തങ്ങളായിരുന്നില്ലെന്നും അതിന് അയാള്‍ക്ക് കണിശമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും പറഞ്ഞ എം.ടി സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനല്ലായിരിക്കാം. പക്ഷെ, ആ വിലയിരുത്തലില്‍ ഒരു ചരിത്രവിദ്യാര്‍ത്ഥിയുടെ ഉള്‍ക്കാഴ്ചയും ഉല്‍ക്കണ്ഠയുമുണ്ട്. ആരും തിരിച്ചറിയാത്ത ഇത്തരം ഉല്‍ക്കണ്ഠകള്‍ വെളിപ്പെടുത്തുകയാണ് മനുഷ്യപ്പറ്റുള്ള ഒരെഴുത്തുകാരന്റെ ധര്‍മ്മം.
എം.ടിയെപ്പോലുള്ള വലിയ എഴുത്തുകാര്‍ ആ ദൗത്യം നിര്‍വ്വഹിക്കുന്നത് തങ്ങള്‍ക്ക് ദോഷകരമാണെന്നറിയാവുന്നവര്‍ എ.എന്‍. രാധാകൃഷ്ണന്റെ മട്ടില്‍ പ്രതികരിക്കുന്നതും സ്വാഭാവികം. കാടും മരവുമല്ല, കാതലാണ് എം.ടി. വാസുദേവന്‍നായര്‍ എന്ന എഴുത്തുകാരന്‍ കാണുന്നത്. കാതല്‍ കാണുന്നവരെയാണ് ഏകാധിപത്യവാസനയുള്ള വ്യക്തികളും പാര്‍ട്ടികളും ഭയപ്പെടുന്നത്; കാടടക്കി വെടിവെക്കുന്നവരെയല്ല.