| Saturday, 17th November 2018, 5:28 pm

രാഷ്ട്രീയപരമല്ല മറിച്ച് ധാര്‍മ്മികപരമായ നീക്കമായിരുന്നു നോട്ടുനിരോധനം; അരുണ്‍ ജെയ്റ്റലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: 2016ല്‍ 500, 1000 രൂപയുടെ നോട്ടുകള്‍ കമ്പോളത്തില്‍ നിന്നും പിന്‍വലിച്ച മോദി സര്‍ക്കാരിന്റെ നീക്കം ധാര്‍മ്മികപരമായിരുന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതൊരു രാഷ്ട്രീയപരമായ നീക്കം അല്ലായിരുന്നുവെന്നും മധ്യപ്രദേശിലെ ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ ജെയ്റ്റ്‌ലി പറഞ്ഞു.

“അതൊരു രാഷ്ട്രീയപരമായ ഒരു നീക്കമല്ല. വളരെ ധാര്‍മ്മികമായൊരു നീക്കമായിരുന്നത്”- ചടങ്ങിനു ശേഷം നോട്ടു നിരോധനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുെട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നോട്ടു നിരോധനത്തോടെ രാജ്യത്തെ നികുതി അടവ് കുത്തനെ ഉയര്‍ന്നെന്നും, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റേയും വരുമാനം വര്‍ദ്ധിച്ചെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ പ്രചരണങ്ങളില്‍ ബി.ജെ.പിയുടെ ഭരണപരാജയമായി ഉയര്‍ത്തിക്കാട്ടുന്നത് നോട്ടുനിരോധനമാണ്. നോട്ടുനിരോധനമാണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതി എന്ന് വെള്ളിഴാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

വീണ്ടും ഭരണത്തില്‍ വന്നാല്‍ മധ്യപ്രദേശില്‍ പുതിയ 10 ലക്ഷം തൊഴില്‍ സാധ്യതകള്‍, മെട്രോ, റോഡ് നിര്‍മ്മാണം മുതലായവയാണ് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഒരു ഇളക്കം അനിവാര്യമായിരുന്നെന്നും അതാണ് നോട്ടുനിരോധനത്തില്‍ കലാശിച്ചതെന്നും നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. മധ്യപ്രദേശിലെ 260 അസംബ്ലി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 8 നാണ് നടക്കുക.

Latest Stories

We use cookies to give you the best possible experience. Learn more