ന്യൂദല്‍ഹി: നോട്ടുനിരോധനം അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നേടിക്കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് കേന്ദ്ര സാമ്പത്തിക മന്ത്രാലയ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് നിരോധനത്തിന്റെ എല്ലാ ഉദ്ദേശങ്ങളും നടന്നിട്ടുണ്ടെന്ന് പ്രസ്താവിച്ചത്.
കള്ളപ്പണം തിരിച്ചു പിടിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായമെത്തുന്നത് തടയുക, കള്ളനോട്ടു വ്യവസായം തകര്‍ക്കുക, ഡിജിറ്റല്‍ സാമ്പത്തിക വിനിമയം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ നോട്ടുനിരോധനത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റപ്പെട്ടതായി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറയുന്നു.
“നോട്ടുനിരോധനം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റിയിട്ടുണ്ടെ”ന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ഗാര്‍ഗ് പറഞ്ഞത്. രാജ്യത്തൊരിടത്തും നോട്ടിനു ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിസര്‍വ് ബാങ്ക് ഇന്നു പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, നിരോധിക്കപ്പെട്ട അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് കോടി രൂപയുടെ കള്ളനോട്ട് പുറത്തുവരുമെന്ന പ്രഖ്യാപനം നടത്തിയിരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഇതേത്തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത്.
ഇതിനിടെയാണ് നോട്ടുനിരോധനം പരാജയമായിരുന്നില്ലെന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന പ്രതികരണം.