| Friday, 8th November 2019, 10:21 am

നോട്ടുനിരോധനത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍; സാമ്പത്തിക മാന്ദ്യവും അസ്ഥിരതയും ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കി കൊണ്ട് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. കള്ളപ്പണം പൂര്‍ണ്ണമായും ഇല്ലാതാക്കുക, ഭീകരവാദികള്‍ക്കുള്ള സാമ്പത്തിക സ്രോതസ് അടക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു നോട്ട് നിരോധനത്തിന് പിന്നില്‍. എന്നാല്‍ ഇത് സാമ്പത്തിക മാന്ദ്യത്തിലേക്കും പണഞെരുക്കത്തിലേക്കും രാജ്യത്തേയും ജനങ്ങളേയും ചെന്നെത്തിച്ചുവെന്നല്ലാതെ പ്രത്യേകിച്ച് നേട്ടങ്ങളെന്തെങ്കിലും കൈവരിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല.

ക്യാഷ്‌ലെസ് ഇക്കണോമി നടപ്പിലാക്കുകയെന്ന മറ്റൊരു ലക്ഷ്യം കൂടി നോട്ട് നിരോധനത്തിന് പിന്നില്‍ ഉണ്ടായിരുന്നു. അതായത് പണമിടമാടുകള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുക. ഈ തലത്തില്‍ രാജ്യത്ത് ഡിജിറ്റലൈസേഷന്‍ വളരെ പെട്ടെന്ന് നടപ്പാക്കാന്‍ നോട്ട് നിരോധനം സഹായിച്ചിട്ടുണ്ടെങ്കിലും ഇതും പൂര്‍ണ്ണമാണെന്ന് പറയാന്‍ കഴിയില്ല.

കാരണം, മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ യു.പി.ഐ, ഡെബിറ്റ് കാര്‍ഡ്‌സ്, മൊബൈല്‍ ബാങ്കിംഗ്, തുടങ്ങിയവക്ക് വന്‍ ജനപ്രീതിയാണുണ്ടായത്. പക്ഷെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2016 നവംബറിനും 2019 സെപ്തംബറിനും ഇടയില്‍ കറന്‍സിയുടെ ഉപയോഗം 13.3 ശതമാനം വര്‍ധിച്ചുവെന്നും ഒപ്പം ബാങ്ക് നിക്ഷേപങ്ങളില്‍ വലിയ ഇടിവുണ്ടായതായും കണക്കാക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് നോട്ട് നിരോധനത്തിലൂടെ കള്ളപണം തടയുന്നതിനായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപ നോട്ടുകള്‍ അസാധുവാക്കപ്പെട്ടെങ്കിലും ഇതില്‍ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ നോട്ട് നിരോധനം അവിടേയും പരാജയപ്പെട്ടു. ഒപ്പം ഭീകരവാദത്തെ നോട്ട് നിരോധനം തുടച്ചു നീക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങളിലും കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല.

ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ വ്യാവസായിക മേഖല നേരിടുന്ന പ്രസിന്ധിക്കും കാരണം നോട്ട് നിരോധനമാണെന്ന് വ്യക്തമാക്കി നിരവധി കമ്പനികളും രംഗത്തെത്തിയിരുന്നു.
ഇത് കൂടാതെ 45 വര്‍ഷത്തെ ഏറ്റഴും വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യം അഭിമുഖീകരിക്കുന്നത്.

ഇത്തരത്തില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ അത് വലിയ നേട്ടമായി കണക്കാക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തിച്ചെന്ന് വേണം കണക്കാക്കാന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more