| Saturday, 10th December 2016, 10:56 am

ദിവസങ്ങളോളം അലഞ്ഞെങ്കിലും നോട്ട് മാറ്റിയെടുക്കാനായില്ല; മൂന്നാറില്‍ ഭക്ഷണം കഴിച്ചശേഷം യുഎസ് പൗരന്‍ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം മാറിയെടുക്കാന്‍ കഴിയാതിരുന്ന വിദേശപൗരന്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി. മൂന്നാറിലാണ് സംഭവം.

ഏതാനും ദിവസംമുമ്പ് കൊച്ചിയിലെത്തിയതായിരുന്നു ഇയാള്‍. രാജ്യാന്തര എ.ടി.എം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍പോയ കൗണ്ടറുകളെല്ലാം കാലിയായിരുന്നു. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും അതും സാധിച്ചില്ല. കയ്യില്‍ പണമില്ലാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ കയറാനായില്ല.

കൈയിലുണ്ടായിരുന്ന പണംകൊണ്ട് വ്യാഴാഴ്ച വൈകീട്ടോടെ മൂന്നാറിലത്തെി. ഇവിടുത്തെ എ.ടി.എം കൗണ്ടറില്‍നിന്ന് പണമെടുക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പല എ.ടി.എമ്മുകളും അടഞ്ഞുകിടക്കുകയായിരുന്നു. തുറന്നവയിലാകട്ടെ പണവുമുണ്ടായിരുന്നില്ല.


വെള്ളം മാത്രം കുടിച്ചായിരുന്നു ഇയാള്‍ ദിവസങ്ങള്‍ തള്ളിനീക്കിയത്.  വിശപ്പ് അസഹനീയമായപ്പോള്‍ അടുത്തുകണ്ട ഹോട്ടലില്‍ കയറിയെങ്കിലും കാര്‍ഡ് സ്വീകരിക്കില്ലെന്ന് ഹോട്ടല്‍ ഉടമ ആദ്യമേ പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ കറന്‍സി കൈയിലില്ലാത്ത കാര്യം മറച്ചുവെച്ച് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ഇതിന് ശേഷം ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

പിന്നാലെ ഓടിയ ഹോട്ടലുടമകള്‍ ഇദ്ദേഹത്തെ പിടിച്ചെങ്കിലും തന്റെ അവസ്ഥ വിവരിച്ചതോടെ അലിവുതോന്നിയ ഹോട്ടലുകാര്‍ ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.

മൂന്നാര്‍ ടൗണില്‍ വിവിധ ബാങ്കുകളുടേതായി ആറിലധികം എ.ടി.എം കൗണ്ടറുകളുണ്ട്. പക്ഷേ, പണമില്ലാത്തിനാല്‍ മിക്കതും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.

We use cookies to give you the best possible experience. Learn more