| Saturday, 17th December 2016, 1:06 pm

നോട്ട് നിരോധനം : 50 ദിവസത്തിന് ശേഷം പ്രശ്‌നം വളരെ കൂടും: പിന്നീട് മെല്ലെ മെല്ലെ താഴുമെന്ന് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്


നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് 50 ദിവസമൊക്കെ ആകുമ്പോഴേക്കും വളരെ കൂടും.


ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ 50 ദിവസത്തെ സമയമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്. 50 ദിവസംകൊണ്ട് എല്ലാം സാധാരണ നിലയിലാകുമെന്നും അതുവരെ സമയം നല്‍കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ പറഞ്ഞതുപോലെ അന്‍പത് ദിവസം കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ലെന്ന സൂചനയാണ് ഇപ്പോള്‍ മോദി നല്‍കുന്നത്.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് 50 ദിവസത്തിന് ശേഷം പ്രശ്‌നം വളരെ കൂടുതമെന്നും പിന്നീട് അത് മെല്ലെ മെല്ലെ താഴുമെന്നും മോദി തന്റെ പ്രസംഗത്തില്‍ പറയുന്നു.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് 50 ദിവസമൊക്കെ ആകുമ്പോഴേക്കും വളരെ കൂടും. എന്നാല്‍ പിന്നീട് അത് മെല്ലെ മെല്ലെ കുറഞ്ഞ് സാധാരണ നിലയിലാവും- ഇതായിരുന്നു മോദിയുടെ വാക്കുകള്‍.


നോട്ട് അസാധുവാക്കല്‍ തീരുമാനം കൊണ്ട് വെറും 50 ദിവസത്തെ ബുദ്ധിമുട്ട് മാത്രമാണ് ജനങ്ങള്‍ക്ക് നേരിടേണ്ടി വരികയെന്നും അതിന് ശേഷം ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു ഇന്ത്യയാകും അവര്‍ക്ക് ലഭിക്കുകയെന്നുമായിരുന്നു നേരത്തെ പ്രധാനമന്ത്രി ഗോവയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

തന്റെ ഈ തീരുമാനം തെറ്റാണെന്ന് തെളിയുകയാണെങ്കില്‍ അതിന്റെ ശിക്ഷ നേരിടാന്‍ താന്‍ തയ്യാറാണെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉറപ്പില്‍ നിന്നാണ് മോദി ഇപ്പോള്‍ പിന്‍വലിയുന്നതെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഡിസംബര്‍ മുപ്പത് എന്ന സമയപരിധിക്കു ശേഷവും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം തുടരുമെന്ന് ധനമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കുകളില്‍ നിന്ന് ഇപ്പോള്‍ ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയാണ്. എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം എടുക്കാവുന്നത് ഇപ്പോള്‍ 2500 രൂപയാണ്.

ഡിസംബര്‍ മുപ്പതിനു ശേഷം ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50,000 ആയി ഉയര്‍ത്തിയേക്കും. എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്നത് 5000 രൂപയാക്കുമെന്നുമാണ് അറിയുന്നത്.

അതേസമയം കള്ളപ്പണത്തിനെതിരെ ഒരു മിന്നലാക്രമണം കൂടി മോദി നടത്തുമെന്നും ജനവരി 31ന് രാത്രി പുതിയ പ്രഖ്യാപനവുമായി മോദി രംഗത്തെത്തുമെന്ന അഭ്യൂഹവും ഇതിനിടെ ശക്തമാകുന്നുണ്ട്.

നോട്ട് അസാധുവാക്കല്‍ നടപടിയെ ന്യായീകരിച്ച് നരേന്ദ്രമോദി ഇന്നലെ വീണ്ടും രംഗത്തെത്തിയിരുന്നു. 1971 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്തുതന്നെ നോട്ട് അസാധുവാക്കല്‍ നടപ്പാക്കേണ്ടിയിരുന്നുവെന്നും അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി ചവാന്‍ ഇക്കാര്യം നിര്‍ദേശിച്ചെങ്കിലും കോണ്‍ഗ്രസിന് ഇനിയും തിരഞ്ഞെടുപ്പുകള്‍ നേരിടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധി ആ നിര്‍ദ്ദേശം തള്ളുകയായിരുന്നു എന്നും മോദി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more