| Saturday, 26th September 2020, 4:04 pm

പാലാരിവട്ടം പാലം തിങ്കളാഴ്ച മുതല്‍ പൊളിച്ച് തുടങ്ങും; ഗതാഗതം തടസ്സപ്പെടുത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടം പാലം തിങ്കളാഴ്ച മുതല്‍ പൊളിച്ചു തുടങ്ങും. ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും പാലം പൊളിച്ചു മാറ്റുകയെന്ന് അധികൃതര്‍ അറിയിച്ചു.

എട്ട് മാസം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാമെന്നാണ് പാലാരി വട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഡി.എം.ആര്‍.സി വ്യക്തമാക്കുന്നത്.

ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലം പൊളിച്ചുമാറ്റുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയും ഡി.എം.ആര്‍.സിയും ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തിങ്കളാഴ്ച മുതല്‍ പാലം പൊളിച്ച് മാറ്റാനുള്ള തീരുമാനം എടുത്തത്.

ടാറ് ഇളക്കിമാറ്റുന്നതിനുള്ള പ്രാഥമിക ജോലികളാകും തിങ്കളാഴ്ച തുടങ്ങുക. ആദ്യഘട്ടത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെങ്കിലും പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം പൊളിച്ച് മാറ്റുമ്പോള്‍ ഗതാഗതനിയന്ത്രണങ്ങളുണ്ടായേക്കാമെന്നും അധികൃതര്‍ പറയുന്നു.

ഒരുവശം ഗതാഗതത്തിന് തുറന്ന് നല്‍കുകയും മറ്റേവശത്ത് പണി നടക്കാനാണ് സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കി. രാത്രിയും പകലുമായായിരിക്കും പണി നടക്കുക.

പാലം പൊളിച്ച് പണിയുന്നതിന് ഡി.എം.ആര്‍.സിക്ക് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഡി.എം.ആര്‍.സി തലവന്‍ ഇ ശ്രീധരനാണ് മേല്‍നോട്ടം നിര്‍വഹിക്കുക.

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ പണം നല്‍കേണ്ടതില്ലെന്ന് ശ്രീധരന്‍ അറിയിച്ചിരുന്നു. കൊച്ചിയില്‍ ഡി.എം.ആര്‍.സി പണിത നാല് പാലങ്ങളുടെ എസ്റ്റിമേറ്റ് തുകയിലും ചുരുങ്ങിയ തുകയില്‍ പണി തീര്‍ക്കാന്‍ സാധിച്ചതിനാല്‍ 17.4 കോടി രൂപ ബാങ്കിലുണ്ടെന്നും ഇത് വെച്ച് പണി നടത്താമെന്നുമായിരുന്നു ഇ ശ്രീധരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Demolition of  Palarivattom bridge will start day after tomorrow

We use cookies to give you the best possible experience. Learn more