ന്യൂദല്‍ഹി: സംഘര്‍ഷബാധിത പ്രദേശമായ ബഹ്‌റിച്ചില്‍ ബുധനാഴ്ച വരെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രദേശത്ത് ബുള്‍ഡോസിങ് താത്ക്കാലികമായി നിര്‍ത്തിവെക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബുധനാഴ്ച വരെ ജില്ലാ അധികൃതര്‍ നിര്‍ബന്ധിതമായി ഒരു നടപടിയും സ്വീകരിക്കില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിനെയാണ് സോളിസിറ്റര്‍ ജനറല്‍ വിവരമറിയിച്ചത്.
ബഹ്‌റിച്ചിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ബുധനാഴ്ച അടിയന്തിരമായി പരിഗണിക്കുമെന്നും ഗവായ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനെ അറിയിച്ചു. കൂടാതെ അതിനിടെയിലുള്ള മറ്റ് പൊളിക്കല്‍ നടപടികള്‍ മാറ്റിവെക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ ലംഘിക്കാനും റിസ്‌ക്കെടുക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ അത് സര്‍ക്കാരിന്റെ ഇഷ്ടമാണെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ബഹ്‌റിച്ചില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ട രാം കുമാര്‍ മിശ്രയുടെ കൊലപാതകത്തിലെ പ്രധാന പ്രതിയാണെന്ന് കരുതുന്ന സര്‍ഫറാസിന്റേതുള്‍പ്പെടെ ചിലരുടെ വീടുകള്‍ പൊളിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
മതിയായ അറിയിപ്പുകള്‍ ഇല്ലാതെ ഒരു കെട്ടിടവും പൊളിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഈ നീക്കം.
സര്‍ക്കാര്‍ ഇടപെടല്‍ ബഹ്‌റിച്ചില്‍ കലാപം നടന്നതിന് തൊട്ടുപിന്നാലെ ആയതിനാല്‍ തന്നെ പ്രദേശവാസികള്‍ക്കിടയിലും വീട്ടുകാരിലും വ്യാപകമായി ആശങ്ക ജനിപ്പിച്ചിരുന്നു.
ഒക്ടോബര്‍ 13നാണ് ബഹ്റിച്ച് ജില്ലയിലെ മഹാരാജ്ഗഞ്ചില്‍ നടന്ന ദുര്‍ഗാ പൂജാ നിമഞ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടാവുന്നത്. ആരാധനാലയത്തില്‍ നിന്ന് ഉച്ചത്തിലുള്ള നാമജപം നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടാവുന്നത്. സംഘര്‍ഷത്തില്‍ രാം ഗോപാല്‍ മിശ്ര എന്നയാള്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ സംഘര്‍ഷം വര്‍ഗീയ കലാപമായി മാറുകയായിരുന്നു.
Content Highlight: Demolition of houses in Bahrich may be temporarily halted; Government of Uttar Pradesh in the Supreme Court