| Friday, 4th October 2024, 6:14 pm

അനധികൃതമായി കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന വിധി ലംഘിച്ച ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തരവ് പാലിക്കാതെ കെട്ടിടങ്ങള്‍ പൊളിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടികളില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. ഉത്തരവ് പാലിക്കാതെ കെട്ടിടങ്ങള്‍ പൊളിച്ചാല്‍ അവ പുനര്‍നിര്‍മിക്കാന്‍ ആവശ്യപ്പെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കോടതിയലക്ഷ്യമാരോപിച്ച് ലഭിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ തീരുമാനം. കുറ്റാരോപിതരായത് കൊണ്ടുമാത്രം കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് ഗുജറാത്ത് സര്‍ക്കാര്‍ ലംഘിച്ചുവെന്നാരോപിച്ചാണ് സുമ്മസ്ത് പട്‌നി എന്ന വ്യക്തി ഹരജി നല്‍കിയത്.

ഇതേ തുടര്‍ന്ന് ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുകയും ഉത്തരവ് പ്രഖ്യാപിക്കുകയുമായിരുന്നു.

സുപ്രീം കോടതിയുടെ ഉത്തരവ് പരിഗണിക്കാതെ ഗുജറാത്തില്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കെട്ടിടങ്ങള്‍ പൊളിച്ചുവെന്നാണ് ഹരജി.

സോമനാഥ ക്ഷേത്രത്തില്‍ നിന്നും 340 മീറ്റര്‍ അകലെയുള്ള കടലിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളാണ് പൊളിച്ചതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.

ഉത്തരവിനെ അവഹേളിച്ചുവെന്ന് കണ്ടെത്തിയാല്‍  അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാത്രമല്ല പൊളിച്ച കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊടുക്കാനും തങ്ങള്‍ ആവശ്യപ്പെടുമെന്നും സുപ്രീം കോടതി വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞു.

ബുള്‍ഡോസ് രാജിലെ മുന്‍ കോടതി ഉത്തരവ് പ്രകാരം പൊതുനിരത്തുകള്‍, നടപ്പാതകള്‍, റെയില്‍വേലൈനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അനധികൃതമായി എന്തെങ്കിലും നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അത് പൊളിക്കുന്നത് ഉത്തരവിനെ ബാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. പൊതുസുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: demolition of buildings in gujarath; supreme court against them

Latest Stories

We use cookies to give you the best possible experience. Learn more