ദൽഹിയിൽ പൊളിച്ചുമാറ്റിയ പള്ളി; 100 വർഷം മുമ്പ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പട്ടികയിൽ
national news
ദൽഹിയിൽ പൊളിച്ചുമാറ്റിയ പള്ളി; 100 വർഷം മുമ്പ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പട്ടികയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th February 2024, 9:01 am

ന്യൂദൽഹി: അനധികൃത നിർമിതിയെന്നാരോപിച്ച് മെഹ്റോളിയിൽ പൊലീസ് തകർത്ത 600 വർഷം പഴക്കമുള്ള അഖൂൻജി പള്ളി 1922ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്.

കെട്ടിട നിർമാണ തിയ്യതി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും എ.ഡി 1853ൽ പള്ളിയിൽ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെന്നും എ.ഡി 1398ൽ തൈമുർ ഇന്ത്യ പിടിച്ചടക്കിയപ്പോൾ നിലവിൽ ഉണ്ടായിരുന്ന ഈദ്ഗാഹിനോട് പടിഞ്ഞാറായാണ് പള്ളിയുള്ളത് എന്നും പ്രസിദ്ധീകരണത്തിൽ പറയുന്നതാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

റിസർവ് വനപ്രദേശമായ സഞ്ജയ്‌ വനിലെ അനധികൃത നിർമിതിയാണെന്ന് ആരോപിച്ച് ജനുവരി 30നാണ് ദൽഹി വികസന അതോറിറ്റി അഖൂൻജി മസ്ജിദും അതിനോട് ചേർന്ന മദ്രസയും പൊളിച്ചുമാറ്റിയത്.

എന്തിന്റെ അടിസ്ഥാനത്തിലാണ് പള്ളി പൊളിച്ചുമാറ്റിയത് എന്ന് വിശദീകരണം നൽകാൻ ജനുവരി 31ന് ദൽഹി ഹൈക്കോടതി നഗര വികസന അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊളിച്ചുമാറ്റുന്നതിന് മുമ്പ് പള്ളി അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു.

1994ൽ മാത്രമാണ് സഞ്ജയ്‌ വൻ റിസർവ്ഡ് വനഭൂമിയാക്കി മാറ്റുന്നതെന്നും പിന്നെ എങ്ങനെയാണ് പുരാതനമായ പള്ളി കയ്യേറ്റ നിർമിതിയാകുക എന്നുമാണ് ചരിത്രകാരന്മാരും ആക്ടിവിസ്റ്റുകളും ചൂണ്ടിക്കാണിക്കുന്നത്.

പള്ളി പൊളിക്കാൻ യാതൊരു മുന്നറിയിപ്പും നൽകാതെയെത്തിയ ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ പള്ളി അധികൃതരുടെ ഫോണുകൾ ബലമായി പിടിച്ചുവാങ്ങിയെന്ന് ആരോപണമുണ്ട്. മദ്രസയിൽ നിന്ന് വസ്ത്രവും ഭക്ഷണവും പുസ്തകങ്ങളും എടുത്തുമാറ്റുവാൻ വിദ്യാർത്ഥികൾക്ക് സാവകാശം പോലും നൽകിയിരുന്നില്ല.

കെട്ടിടം തകർത്ത ശേഷം അവശിഷ്ടങ്ങൾ പോലും പൂർണമായി എടുത്തുമാറ്റി യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് ദൽഹി വികസന അതോറിറ്റി പരിസരം വിട്ടത് എന്നും വിമർശനമുണ്ട്.

CONTENT HIGHLIGHT: Demolished Mosque in Mehrauli; ASI recorded it a century ago