| Wednesday, 5th April 2023, 10:53 pm

'താജ്മഹലും കുത്തബ് മിനാറും പൊളിക്കൂ പകരം ക്ഷേത്രം പണിയൂ'; ബി.ജെ.പി എം.എൽ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: താജ്മഹലും കുത്തബ് മിനാറും പൊളിക്കണമെന്നും പകരം ക്ഷേത്രം പണിയണമെന്നും പ്രധാനമന്ത്രിയോട് നിർദേശിച്ച ബി.ജെ.പി എം.എൽ.എ രൂപ് ജ്യോതി കുർമി. മുംതാസിനോടുള്ള സ്‌നേഹം കൊണ്ട് തന്നെയാണോ ഷാജഹാൻ താജ്മഹൽ പണിതത് എന്ന് കണ്ടെത്തണമെന്നും കുർമി ആവശ്യമുന്നയിച്ചിട്ടുണ്ട്.

പല സംസ്ഥാനങ്ങളിലേയും സിലബസിൽ നിന്നും മുഗൾ ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു കുർമിയുടെ പരാമർശം.

മു​ഗളന്മാർ 1500കളിൽ ഇന്ത്യയിലെത്തിയ അധിനിവേശക്കാരാണ്. അവരെ കുറിച്ച് വിദ്യാർത്ഥികൾ പഠിക്കേണ്ടതില്ലെന്നും കുർമി പറഞ്ഞതായി ന്യൂസ്ലൈവ് ടി.വി റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രം പണിയാൻ തന്റെ ഒരു വർഷത്തെ ശമ്പളം നൽകാമെന്നും ബി.ജെ.പി നേതാവ് പറയുന്നുണ്ട്.

“താജ്മഹലും കുത്തബ് മിനാറും ഉടനടി പൊളിക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങൾ നിർമിക്കണം. ആ രണ്ട് ക്ഷേത്രങ്ങളുടെയും വാസ്തുവിദ്യ മറ്റ് സ്മാരകങ്ങൾക്ക് ഒരിക്കലും നികത്താൻ കഴിയാത്ത വിധത്തിലായിരിക്കണം” കുർമി പറഞ്ഞു.

അതേസമയം പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും മുഗൾ സാമ്രാജ്യത്തെ കുറിച്ചുള്ള ഭാഗങ്ങളും നീക്കിയിട്ടുണ്ട്. കോൾഡ് വാർ ഇറ, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം തുടങ്ങിയ പാഠങ്ങളും നീക്കം ചെയ്തവയുടെ പട്ടികയിൽ വരും.

സംഭവത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാർ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുകയാണെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

2014 മുതൽ ആധുനിക ഇന്ത്യൻ ചരിത്രം ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതവുമായി സമന്വയിപ്പിച്ചാണ് എൻ.സി.ഇ.ആർ.ടി.സി തീരുമാനമെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ പ്രതികരിച്ചു.

Content Highlight: ‘Demolish Taj Mahal and Qutub Minar’, Assam BJP MLA Rupjyoti Kurmi

We use cookies to give you the best possible experience. Learn more