| Friday, 17th December 2021, 9:00 pm

കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ അജണ്ടയെയാണ് എതിര്‍ക്കുന്നത്; വിവാഹ പ്രായം 21 ആക്കുന്നതിലുള്ള നിലപാടില്‍ വിശദീകരണവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് വിയോജിക്കുന്നതില്‍ വിശദീകരണവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ ഈ അവസാന അജണ്ട മാത്രം കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണനയായി മാറിയിരിക്കുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

ജനനം മുതല്‍ സ്ത്രീകളുടെ പോഷകാഹാര നിലവാരം കുറവാണെങ്കില്‍, 21-ാം വയസ്സില്‍ വിവാഹിതരാകുകയും 22-ല്‍ ആദ്യത്തെ കുഞ്ഞ് ജനിക്കുകയും ചെയ്യുന്നത് കൊണ്ട് അമ്മയുടെയും കുട്ടികളുടെയും അതിജീവനത്തിന്റെ സാധ്യതയെ മെച്ചപ്പെടുത്താന്‍ കഴിയില്ല.

മാതൃ-ശിശു ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് വിവാഹപ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത്. സ്ത്രീകള്‍, കൗമാരക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ക്രൂരതയാണിത്.

അല്‍പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് സുരക്ഷിതമായ ജനനം ഉറപ്പാക്കാന്‍ കഴിയുന്ന പ്രാഥമികാരോഗ്യ കേന്ദ്രം, പോഷകാഹാര പദ്ധതികള്‍, പൊതുജനാരോഗ്യ സൗകര്യങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുകയും മെച്ചപ്പെടുത്തുകയുമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

വിവാഹപ്രായം 21 ആക്കി വര്‍ധിപ്പിക്കുക എന്നതിനര്‍ത്ഥം പെണ്‍കുട്ടികള്‍ക്ക് 21 വയസ്സ് തികയുന്നതുവരെ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ യാതൊരു അഭിപ്രായവും ഉണ്ടാകില്ല എന്നാണ്.

പെണ്‍മക്കള്‍ക്കെതിരെ രക്ഷിതാക്കള്‍ ശൈശവ വിവാഹ നിയമം ഉപയോഗിക്കും. പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്മാരായി തെരഞ്ഞെടുക്കുന്ന ആണ്‍കുട്ടികളെ ശിക്ഷിക്കുന്നതിനുള്ള ഒരു ഉപകരണമായി ഇത് മാറുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘യഥാര്‍ത്ഥത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആണ്‍കുട്ടിയുടെ വിവാഹപ്രായം 18 ആയി കുറയ്ക്കണമെന്നും തുല്യത കൊണ്ടുവരണമെന്നും 21 ആയി നിശ്ചയിച്ചിട്ടുള്ള പ്രകൃതിവിരുദ്ധ പ്രായപരിധി എടുത്തുകളയണമെന്നും ആവശ്യപ്പെട്ടിരുന്നു. 21 തികയാത്ത
പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ശിക്ഷിക്കപ്പെടുന്നത് ആണ്‍കുട്ടിയാണ്.

കൂടാതെ, യുവാക്കളെ അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാന്‍ അനുവദിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ലോകമെമ്പാടും കൂടുതലായി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്ത്, ഈ നിര്‍ദ്ദേശം അങ്ങേയറ്റം ക്രൂരവും വികലമായ വീക്ഷണകോണില്‍ നിന്ന് ഉണ്ടാകുന്നതായി തോന്നുന്നു,’ പ്രസ്താവനയില്‍ പറഞ്ഞു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നീ സേവനങ്ങള്‍ മെച്ചപ്പെടുത്താനുമാണ് മുന്‍ഗണന നല്‍കേണ്ടത്. സര്‍ക്കാര്‍ നടത്തുന്ന പല ‘ജനസംഖ്യാ നിയന്ത്രണ’ പരിപാടികളും സ്ത്രീകള്‍ക്ക് ഭാരമായി മാറുകയും 2 കുട്ടികളില്‍ കൂടുതലുള്ള സ്ത്രീകള്‍ക്ക് അവരുടെ അടിസ്ഥാന അവകാശങ്ങളില്‍ ചിലത് നിഷേധിക്കപ്പെടുകയും ക്ഷേമ പദ്ധതികളില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.

ആദ്യം ഇത്തരം ശിക്ഷാ നടപടികള്‍ സര്‍ക്കാര്‍ നീക്കം ചെയ്യട്ടെ. ഹ്രസ്വകാല കുടുംബാസൂത്രണം കൂടുതല്‍ സുരക്ഷിതവും സ്ത്രീകളുടെ ആവശ്യങ്ങളോട് സെന്‍സിറ്റീവും ആകട്ടെ. ശാസ്ത്രത്തിന്റെയും പുരോഗമനത്തിന്റെയും പുകമറ സൃഷ്ടിച്ചുകൊണ്ട് പോഷകാഹാരം, ആരോഗ്യം, പൊതുജനങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവയിലെ ഈ സര്‍ക്കാരിന്റെ മോശം റെക്കോര്‍ഡില്‍ നിന്ന് നമ്മുടെ കണ്ണുകളെ തിരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒരാളെ വിവാഹം കഴിക്കാനുള്ള വെല്ലുവിളി നേരിടുന്നു. ഒരു പെണ്‍കുട്ടിയുടെ ലൈംഗികത നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായും ഉപാധിയായും ഇത് പ്രവര്‍ത്തിക്കും. നിലവിലുള്ള നിയമം 18 വയസ്സിന് ശേഷം അവര്‍ ആഗ്രഹിക്കുന്നെങ്കില്‍ വിവാഹം വൈകിപ്പിക്കുന്നതില്‍ നിന്നും അല്ലെങ്കില്‍ വിവാഹം കഴിക്കാതിരിക്കുന്നതില്‍ നിന്നും അവരെ തടയുന്നില്ല. മറുവശത്ത്, നിര്‍ദിഷ്ട എന്‍ഫോഴ്സ്മെന്റ്, 21 വയസ്സിന് താഴെയുള്ള സ്ത്രീയുടെ എല്ലാ വിവാഹങ്ങളെയും ‘ബാല്യവിവാഹം’ ആയി ക്രിമിനല്‍ കുറ്റമാക്കുമെന്ന വസ്തുത നമുക്ക് കാണാതിരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Democratic Women's Association with explanation on raising the age of marriage to 21
We use cookies to give you the best possible experience. Learn more