വാഷിംഗ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ യു.എസ് ഹൗസ് പാസാക്കിയ നോണ്‍ ബാന്‍ ബില്ലിന് പിന്തുണയുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍.
താന്‍ അധികാരത്തില്‍ വന്നാല്‍ ആദ്യത്തെ ദിവസം തന്നെ ട്രംപിന്റെ മുസ്‌ലിം നിരോധനത്തിനെതിരെ ഒപ്പിട്ട് ബില്‍ നിയമം ആക്കുമെന്ന് ബൈഡന്‍ പറഞ്ഞു.
പിന്തുടരുന്ന വിശ്വാസത്തിന്റെ പേരില്‍ ആരും വേര്‍തിരിക്കപ്പെടാനോ മാറ്റിനിര്‍ത്തപ്പെടാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
” ഇന്ന്, സഭ നോണ്‍ ബാന്‍ ആക്ട് പാസാക്കി, കാരണം അവര്‍ പിന്തുടരുന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ആരും വേര്‍തിരിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യരുത്. പ്രസിഡന്റ് ട്രംപിന്റെ മുസ്‌ലിം നിരോധനം ഞാന്‍ ആദ്യ ദിവസം അവസാനിപ്പിച്ച് ഈ ബില്ലില്‍ ഒപ്പിട്ട് നിയമമാക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു.
Today, the House passed the #NoBanAct because no one should be discriminated against or singled out based on the faith they practice. I will end President Trump’s Muslim Ban on day one and sign this bill into law.
— Joe Biden (@JoeBiden) July 22, 2020
നേരത്തെയും ട്രംപിന്റെ മുസ്‌ലിം വിരുദ്ധതയ്‌ക്കെതിരെ ബൈഡന്‍ രംഗത്ത് എത്തിയിരുന്നു. അമേരിക്കയിലെ സ്‌കൂളുകളില്‍ ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിപ്പിക്കേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞിരുന്നു.
വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് കടുത്ത വെല്ലുവിളിയാണ് ബൈഡന്‍ ഉയര്‍ത്തുന്നത്. ഈ വരുന്ന നവംബറിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിക്കിടെ തെരഞ്ഞെടുപ്പ് നടത്തുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.