ന്യൂദൽഹി: അരുന്ധതി റോയ്, കാശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതിക്കെതിരെ പഞ്ചാബിലെ ജനാധിപത്യ സംഘടനകളുടെ കൺവെൻഷൻ. മൂന്ന് ഡസനിലധികം വരുന്ന ബഹുജന, ജനാധിപത്യ സംഘടനകളാണ് കൺവെൻഷനിൽ പങ്കെടുത്തത്.
സമരങ്ങളുടെ ശബ്ദമാണ് അരുന്ധതി റോയിയെന്നും ഈ ശബ്ദം കാരണം സർക്കാർ ഭീതിയിലാണെന്നും ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.
‘സമരങ്ങളുടെ ശബ്ദമാണ് അരുന്ധതി റോയ്. പ്രയാസകരമായ സമയങ്ങളിൽ എങ്ങനെ പോരാടാമെന്നും എഴുതാമെന്നും സംസാരിക്കാമെന്നും പുഞ്ചിരിക്കാമെന്നും എന്നതിന്റെ വലിയൊരു മാതൃകയാണ് അരുന്ധതി റോയ്. അവരുടെ ശബ്ദത്തെയാണ് ചിലർ ഭയക്കുന്നത്. അവരുടെ പ്രവർത്തനങ്ങളിൽ ഭയപ്പെട്ടവരാണ് അവരെ കേസിൽ കുടുക്കുന്നത്. ഇത്തരം അനീതികൾക്കെതിരെ പ്രതിപക്ഷം ശബ്ദമുയർത്തിയില്ലെങ്കിൽ ജനങ്ങളും അത് കാര്യമാക്കില്ല,’ മുതിർന്ന പത്രപ്രവർത്തകൻ ഭാഷാ സിങ് ചടങ്ങിൽ പറഞ്ഞു.
ഇന്ത്യയെ ഒരു പൊലീസ് രാജ് ആക്കി മാറ്റുകയാണ് ഭരണകൂടത്തിന്റെ യഥാർത്ഥ ഉദ്ദേശമെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സ് പ്രസിഡൻ്റ് പ്രൊഫസർ ജഗ്‌മോഹൻ സിങ് പറഞ്ഞു.
റാഷണലിസ്റ്റ് സൊസൈറ്റിയുടെ ഓർഗനൈസിങ് സെക്രട്ടറി രജീന്ദർ ബദൗർ, അഭിഭാഷകരായ എൻ. കെ. ജിത്ത്, ദൽജീത് സിങ് തുടങ്ങിയവരും കൺവെൻഷനിൽ സംസാരിച്ചു.
2010-ൽ ദൽഹിയിൽ നടന്ന ഒരു പരിപാടിയിൽ എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയിയും കാശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചാണ് അവർക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ദൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന അനുമതി നൽകുകയായിരുന്നു.
ജനങ്ങൾക്കിടയിൽ ശത്രുത വളർത്തുക, കലാപം ഉണ്ടാക്കുകയോ ഭരണകൂടത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ പ്രേരിപ്പിക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ വിവരങ്ങൾ പ്രചരിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് അരുന്ധതി റോയ്‌ക്കെതിരെയും ഹുസൈനെതിരെയും കേസെടുത്തത്.
Content Highlight: Democratic Orgs in Punjab Oppose Sanction to Prosecute Arundhati Roy, Sheikh Showkat Hussain