പ്രൊ-ഇസ്രാഈല്‍ ലോബികളുടെ ഭീഷണികള്‍ക്കിടയിലും ഇല്‍ഹാന്‍ ഉമറിന് പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് നേതൃത്വം
World
പ്രൊ-ഇസ്രാഈല്‍ ലോബികളുടെ ഭീഷണികള്‍ക്കിടയിലും ഇല്‍ഹാന്‍ ഉമറിന് പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st September 2023, 11:21 am

 

വാഷിംഗ്ടണ്‍: യു.എസ് കോണ്‍ഗ്രസിലെ മിനസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗമായ ഇല്‍ഹാന്‍ ഉമറിന് അടുത്ത തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ അറിയിച്ച് ഡെമോക്രാറ്റിക് നേതൃത്വം. ഇസ്രാഈല്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ യു.എസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയില്‍ നിന്ന് വോട്ടിങ്ങിലൂടെ ഇല്‍ഹാനെ നേരത്തെ പുറത്താക്കിയിരുന്നു.

ഇസ്ലാമോഫോബിയക്കെതിരെ നിരന്തരം ശബ്ദിക്കുന്ന ഇല്‍ഹാന് യു.എസ് ജനപ്രതിനിധി സഭയില്‍ പാര്‍ട്ടി നേതാവായ ഹകീം ജെഫ്രീസ്, ന്യൂനപക്ഷ വിപ്പ് കാതറിന്‍ ക്ലാര്‍ക്ക്, ഡെമോക്രാറ്റിലെ പ്രധാന നേതാക്കളായ നാന്‍സി പെലോസി, സ്റ്റെനി ഹോയര്‍, ജിം ക്ലെയ്ബണ്‍ എന്നിവരാണ് പ്രസ്താവനയിലൂടെ പിന്തുണ അറിയിച്ചത്.

ജനപ്രതിനിധികള്‍ സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ നേതാക്കള്‍ പിന്തുണയ്ക്കുന്നത് സാധാരണമാണെങ്കിലും അമേരിക്കയില്‍ ഇസ്രാഈലി താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ലോബിയിങ് സംഘമായ അമേരിക്ക-ഇസ്രായേല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (എ.ഐ.പി.എ.സി)യുടെ അനുയായിയായിട്ടുള്ള ഹക്കീം ജെഫ്രീസ് ഇല്‍ഹാന്‍ ഉമറിന് നല്‍കിയ പിന്തുണ ശ്രദ്ധേയമാണ്.

‘ഉമര്‍ മൂന്ന് പ്രാവശ്യം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുകയും ബജറ്റ് കമ്മിറ്റി പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തു,’ എന്നാണ് ജെഫ്രീസ് അമേരിക്കയിലെ ഒരു ദിനപത്രത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞത്.

ആഗസ്റ്റ് മാസം തുടക്കത്തില്‍ ഇസ്രാഈലിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരെ പ്രതിരോധിക്കാന്‍ എ.ഐ.പി.എ.സി ഒരു കൂട്ടം സ്ഥാനാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അമേരിക്കന്‍-ഇസ്രാഈല്‍ ലോബി ലക്ഷ്യമിട്ടവരുടെ പട്ടികയില്‍ ഇല്‍ഹാന്‍ ഉമറും ജമാല്‍ ബോമാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഫലസ്തീന്‍-ഇസ്രാഈല്‍ വിഷയത്തില്‍ ഇരുവരും ഇസ്രാഈലിനെ നിശിതമായി വിമര്‍ശിക്കാറുണ്ട്.

മുമ്പും ജെഫ്രീസ് ഇവരെ പിന്തുണച്ചിട്ടുണ്ട്. 2022ല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ആക്ഷന്‍ സമിതിയില്‍ നിന്ന് ബോമാനും ഒമറിനും മറ്റൊരു ഇസ്രാഈല്‍ വിമര്‍ശകയായ ജനപ്രതിനിധി കോറി ബുഷിനും 5,000 ഡോളര്‍ വീതം നല്‍കിയിരുന്നു.

‘ഏറ്റവും പുരോഗമനവാദികളായവര്‍ മുതല്‍ സെന്ററിസ്റ്റ് ആയവര്‍ വരെയുള്ള ഓരോ ഡെമോക്രാറ്റിക് പ്രതിനിധിയുടെയും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം പിന്തുണയ്ക്കുന്ന രീതി അദ്ദേഹം തുടരുമെന്ന് ജെഫ്രീസിന്റെ വക്താവ് ഓണ്‍ലൈന്‍ മാധ്യമമായ പൊളിറ്റിക്കോയോട് പറഞ്ഞു.

കഴിഞ്ഞ കോണ്‍ഗ്രസ് പ്രാഥമിക തിരഞ്ഞെടുപ്പില്‍ ഉമറിനെതിരെ മത്സരിച്ച ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എ.ഐ.പി.എ.സിക്ക് കീഴിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് പ്രൊജക്റ്റ് എന്ന ആക്ഷന്‍ സമിതി 350,000 ഡോളറാണ് ചിലഴിച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ പങ്കെടുത്തതില്‍ നേരത്തെ ല്‍ഹാന്‍ ഉമര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഇസ്ലാമോഫോബിയ തടയുന്നതിന് ഉമര്‍ അവതരിപ്പിച്ച ബില്‍ യു.എസ് ജനപ്രതിനിധി സഭ 2021ല്‍ പാസാക്കിയിരുന്നു. എല്‍.ജെ.ബി.ടി.ക്യൂ മുന്നേറ്റങ്ങള്‍ക്ക് വേണ്ടിയും നിരന്തരം ശബ്ദിക്കുന്ന ഉമര്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ രണ്ട് മുസ്‌ലിം വനിതകളിലൊരാളാണ്.

Content Highlight: Democratic leadership backs Ilhan Omar amid primary threat from pro-Israel groups