'യുദ്ധ കുറ്റവാളി'; അമേരിക്കന്‍ കോണ്‍ഗ്രസില്‍ നെതന്യാഹുവിനെതിരെ പോസ്റ്റര്‍ ഉയര്‍ത്തി ഫലസ്തീന്‍ വംശജയായ യു.എസ് പ്രതിനിധി
World News
'യുദ്ധ കുറ്റവാളി'; അമേരിക്കന്‍ കോണ്‍ഗ്രസില്‍ നെതന്യാഹുവിനെതിരെ പോസ്റ്റര്‍ ഉയര്‍ത്തി ഫലസ്തീന്‍ വംശജയായ യു.എസ് പ്രതിനിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th July 2024, 3:09 pm

വാഷിങ്ടൺ: യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധിച്ച് ഡെമോക്രാറ്റിക് നേതാവ് റാഷിദ ത്‌ലൈബ്.

സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ നെതന്യാഹുവിന് നേരെ റാഷിദ ‘യുദ്ധ കുറ്റവാളി’ എന്നെഴുതിയ പോസ്റ്റര്‍ ഉയര്‍ത്തുകയായിരുന്നു. യു.എസിലെ ഏക ഫലസ്തീന്‍-അമേരിക്കന്‍ വനിത പ്രതിനിധിയും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രണ്ട് മുസ്‌ലിം സ്ത്രീകളില്‍ ഒരാളുമാണ് റാഷിദ ത്‌ലൈബ്.

കെഫിയ ധരിച്ചുകൊണ്ടാണ് റാഷിദ ത്‌ലൈബ് സമ്മേളനത്തില്‍ പങ്കെടുത്തത്. മണിക്കൂറുകളോളം യുദ്ധ കുറ്റവാളിയെന്ന് എഴുതിയ പോസ്റ്ററുകള്‍ സമ്മേളനത്തില്‍ റാഷിദ ഉയര്‍ത്തിപിടിച്ചിരുന്നു.

നെതന്യാഹുവിന്റെ പ്രസംഗത്തിന് പിന്നാലെ, യു.എസിന്റെ തെരുവുകളില്‍ ഇസ്രഈലിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് റാഷിദ പിന്തുണ പ്രഖ്യാപിച്ചു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പിന്തുണ അറിയിച്ചത്.

‘ഇസ്രഈലിലെ വര്‍ണ്ണവിവേചന സര്‍ക്കാര്‍ ഗസയിലെ ഫലസ്തീനികളെ വംശഹത്യക്ക് ഇരയാക്കുന്നു. നെതന്യാഹു സര്‍ക്കാരിനെതിരെ ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. ഇസ്രഈലിനെതിരെ പ്രതിഷേധിക്കാന്‍ തങ്ങളുടെ അവകാശങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നവരെ പിന്തുണക്കുകയും ചെയ്യുന്നു,’ എന്നാണ് റാഷിദ ത്‌ലൈബ് പറഞ്ഞത്.

റാഷിദക്ക് പുറമെ ആയിരക്കണക്കിന് ആളുകളാണ് നെതന്യഹുവിന്റെ യു.എസ് സന്ദര്‍ശനത്തില്‍ ക്യാപിറ്റോള്‍ ഹില്ലിന് അകത്തും പുറത്തുമായി പ്രതിഷേധിച്ചത്. നെതന്യാഹു കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തതിന് പിന്നാലെ നഗരത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം നടന്നു. നെതന്യാഹു താമസിച്ചിരുന്ന ഹോട്ടലിന് പുറത്തും പ്രതിഷേധം നടന്നിരുന്നു.

ഗസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ആവശ്യമായനടപടികള്‍ സ്വീകരിക്കുക, അതിനു വേണ്ടി ഇസ്രഈലിന് മേല്‍ സമ്മര്‍ദം ചെലുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നെതന്യാഹുവിന്റെ കോലം കത്തിക്കുകയും ചെയ്തു.

വൈറ്റ് ഹൗസും യു.എസ് കോണ്‍ഗ്രസും ഉള്‍പ്പെടെ നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഓഫീസുകള്‍ക്കും ചുറ്റും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. യു.എസ് ക്യാപിറ്റോളിന് പുറത്ത്, പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Democratic leader Rashida Tlaib protests Israeli Prime Minister Benjamin Netanyahu at a joint session of the US Congress