| Sunday, 29th March 2015, 11:53 am

പ്രകൃതിസംരക്ഷണത്തിനും കടലവകാശത്തിനും വേണ്ടി ജനാധിപത്യ കൂട്ടായ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍പറേറ്റ് രാജിനും ഭൂമാഫിയ രാജിനുമെതിരെ പ്രക്ഷോഭമാരംഭിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ജനാധിപത്യ കൂട്ടായ്മ തീരുമാനിച്ചു. മെയ് രണ്ടാം വാരം തിരുവനന്തപുരത്ത് നടക്കുന്ന ജനാധിപത്യ കണ്‍വെന്‍ഷനോടെ പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കം കുറിക്കാനാണ് തീരുമാനം.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വനവും പ്രകൃതിയും സമുദ്രസമ്പത്തും വിദേശമൂലധനശക്തികള്‍ക്കും കമ്പോളശക്തികള്‍ക്കും കൊള്ളയടിക്കാന്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്ന നീക്കങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ജനാധിപത്യ കൂട്ടായ്മ ആവശ്യപ്പെട്ടു.

നന്ദിഗ്രാം ഉള്‍പ്പെടെയുള്ള കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം (LARR Act) യു.പി.എ. സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. അതേസമയം ഇന്ത്യയിലെ ഏറെക്കുറെ എല്ലാ പാരസ്ഥിതി – വന നിയമങ്ങളും, ആദിവാസി വനാവകാശ നിയമങ്ങളും ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

മോദി സര്‍ക്കാരിന്റെ ഭേദഗതി നീക്കത്തിനെതിരെ ഇടത് – വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയതലത്തില്‍ രംഗത്തു വന്നിട്ടുണ്ടെങ്കിലും, കേരളത്തിലെ വനമേഖലയും കാര്‍ഷിക മേഖലയും കമ്പോളവല്‍ക്കരിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നവരാണ്. തീരദേശ മേഖലയെ സംരക്ഷിക്കാനുള്ള ക്രിയാത്മകമായ സമീപനവും കേരളത്തിലെ പാര്‍ട്ടികള്‍ക്കില്ലെന്നും കൂട്ടായ്മ ആരോപിച്ചു.

ഹാരിസണ്‍/ടാറ്റ തുടങ്ങിയ വന്‍കിട കുത്തകകള്‍ കൈവശം വെക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് കൈമാറി ദലിത് – ആദിവാസി – ഭൂരഹിതര്‍ക്ക് കൃഷി ഭൂമി നല്‍കണമെന്ന ആവശ്യം ജനാധിപത്യ കൂട്ടായ്മ ആവശ്യപ്പെടും. കേരളത്തിലെ നെല്‍വയലും തണ്ണീര്‍ തടങ്ങളും സംരക്ഷിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ ദുര്‍ബ്ബലമാണ്. ഭക്ഷ്യസുരക്ഷയെ മുന്‍നിര്‍ത്തി കുട്ടനാട് തുടങ്ങിയ കാര്‍ഷിക മേഖലയില്‍ റിയല്‍ എസ്റ്റേറ്റുകാര്‍ കൈവശം വെക്കുന്ന കൃഷിഭൂമി സര്‍ക്കാര്‍ വില കൊടുത്ത് ഏറ്റെടുക്കാനും, സ്വകാര്യവ്യക്തികള്‍ കൈവശം വെക്കുന്ന തണ്ണീര്‍തടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനും ജനകീയ കൂട്ടായ്മ ആവശ്യപ്പെടും.

തീരദേശവാസികളുടെയും മത്സ്യതൊഴിലാളികളുടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ ഡോ. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം കടലവകാശനിയമവും തീരദേശ പഞ്ചായത്ത് രൂപീകരണവും ജനകീയ കൂട്ടായ്മ ആവശ്യപ്പെടും. വി.ഡി. മജീന്ദ്രന്‍ ജനകീയ കൂട്ടായ്മയ്ക്ക് അദ്ധ്യക്ഷത വഹിച്ചു. ഇ. പി. കുമാരദാസ് സ്വാഗതം പറഞ്ഞു. എം. ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. നാരായണന്‍ (ചെയര്‍മാന്‍ എസ്.സി/എസ്.ടി വിദ്യാഭ്യാസസമിതി), ജാക്‌സണ്‍ പൊള്ളയില്‍, പി.വി. വില്‍സണ്‍ (സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍) തുടങ്ങി നിരവധി പേര്‍ ജനകീയ കൂട്ടായ്മയില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more