രഹ്ന ഫാത്തിമയ്ക്ക് പിന്തുണയുമായി ജനാധിപത്യ കൂട്ടായ്മ
Kerala News
രഹ്ന ഫാത്തിമയ്ക്ക് പിന്തുണയുമായി ജനാധിപത്യ കൂട്ടായ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th July 2020, 6:08 pm

ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ  രഹ്ന ഫാത്തിമയ്ക്ക് നേരെ നടക്കുന്ന വിവിധങ്ങളായ  അതിക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കൂട്ടായ്മ.

സാമൂഹ്യപ്രവര്‍ത്തകനായ മൈത്രേയന്‍, ഡോ. എ.കെ ജയശ്രീ, ഡോ. രേഷ്മ ഭരദ്വാജ്, എഴുത്തുകാരനായ കെ. വേണു, ഡോ. ജെ ദേവിക, കവി അന്‍വര്‍ അലി, സാമൂഹ്യപ്രവര്‍ത്തകനായ അഡ്വ. സി. ആര്‍ നീലകണ്ഡന്‍, ചലചിത്രപ്രവത്തകനായ കെ.പി. ശശി  തുടങ്ങിയ 101 പേരാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയ പ്രമേയത്തിന്റെ പൂര്‍ണരൂപം,

സുഹൃത്തുക്കളെ,

ഒരു വ്യാഴവട്ടക്കാലമായി സ്ത്രീകളുടെയും ലിംഗ-ലൈംഗിക ന്യുനപക്ഷങ്ങളുടെയും മറ്റു പാര്‍ശ്വവല്‍കൃതരായ മനുഷ്യരുടെയും ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയും, ലിംഗ തുല്യതയ്ക്കുവേണ്ടിയുമെല്ലാം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രെഹ്ന ഫാത്തിമക്കെതിരെ പുരുഷാധിപത്യ സമൂഹവും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ അതിശക്തമായി പ്രതിഷേധിക്കുന്നു.

ലൈംഗികതയുമായും ലിംഗനീതിയുമായും ബന്ധപ്പെട്ട സമരങ്ങളില്‍ രെഹ്ന കൈക്കൊണ്ടിട്ടുള്ള ശക്തവും സുവ്യക്തവുമായ രാഷ്ട്രീയ നിലപാടുകളാണ് ആര്‍ഷ ഭാരത സംസ്‌കാര സംരക്ഷകരെയും സംഘപരിവാര്‍ സംഘടനകളെയും സദാചാര സംരക്ഷകരെയും സര്‍ക്കാരിനെയും അവര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് നമുക്കറിയാം. ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിയമപരമായി തന്നെ മുന്നോട്ടു പോയ രെഹ്നയെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിനു കളങ്കം വരുത്തി എന്ന കുറ്റം ആരോപിച്ചു ഇന്റെര്‍ണല്‍ എന്‍ക്വയറി എന്ന പ്രഹസനം നടത്തി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ അവരെ തെറികള്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും അവര്‍ താമസിക്കുന്ന വീട് ആക്രമിക്കുകയും അവരുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെയോ സര്‍ക്കാര്‍ യാതൊരു നടപടിയും ഇത് വരെ കൈക്കൊണ്ടിട്ടില്ല.

ലിംഗ സമത്വവുമായി ബന്ധപ്പെട്ട വലിയൊരു മുന്നേറ്റമാണിതെന്നും മല കയറിയ സ്ത്രീകള്‍ വിപ്ലവനക്ഷത്രങ്ങളാണെന്നും പ്രഖ്യാപിച്ച് പല വഴിക്ക് പിരിഞ്ഞു പോയതല്ലാതെ മേല്‍പ്പറഞ്ഞ ആക്രമണങ്ങള്‍ ഏറ്റു വാങ്ങിയ രെഹ്നയടക്കമുള്ള സ്ത്രീകള്‍ നേരിട്ട ആക്രമണങ്ങള്‍ അവരിലും അവരുടെ കുടുംബങ്ങളിലുമുണ്ടാക്കിയ മാനസികാഘാതങ്ങള്‍, തൊഴില്‍പരമായും നിയമപരമായും അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയില്‍ അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാന്‍ നമ്മുക്ക് കഴിഞ്ഞിട്ടുണ്ടോ? ഈ വിഷയത്തില്‍ ഇടപെട്ടാലുണ്ടാകുന്ന സകല നിയമ പ്രശ്നങ്ങളും വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയപരവുമായ പ്രശ്നങ്ങളും തൃണവല്ഗണിച്ചുകൊണ്ട് മുന്നോട്ടു പോയ സ്ത്രീകളെ പിന്തുണയ്‌ക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്വം നമ്മുക്കുണ്ട്. വളരെ വൈകാരികമായ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ നിശ്ശബ്ദരായിരിക്കുന്നവര്‍ ഇതേ സദാചാര വാദം തന്നെയാണ് മുന്നോട്ടു വയ്ക്കുന്നതെന്നു മാത്രമല്ല മേല്‍പ്പറഞ്ഞ അക്രമികളെ പിന്തുണയ്ക്കുക കൂടിയാണ് ചെയ്യുന്നത്.

ശരീരത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു രെഹ്ന യൂട്യൂബില്‍ പങ്കു വച്ച വീഡിയോയുമായി ബന്ധപ്പെട്ട കേസിലും ഇതേ സങ്കുചിത നിലപാട് തന്നെയാണ് സാംസ്‌കാരിക രാഷ്ട്രീയ കേരളം സ്വീകരിച്ചത്. സ്ത്രീ ശരീരം ഒരു ലൈംഗിക വസ്തു മാത്രമായി കാണുന്ന പുരുഷമേധാവിത്വ സമൂഹത്തിനെതിരെ സ്ത്രീകളും ലിംഗ ലൈംഗിക ന്യുനപക്ഷങ്ങളും നടത്തിയ മുഴുവന്‍ സമരങ്ങളെയും അത്തരം സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെയും ഇല്ലാതാക്കുന്ന രാഷ്ട്രീയ നിലപാടുകളാണ് പുരോഗമന കേരളവും സര്‍ക്കാരും കൈക്കൊണ്ടത്. രെഹ്നയുടെ മക്കളുടെ ആവശ്യപ്രകാരം രെഹ്നയുടെ ശരീരത്തില്‍ അവരുടെ മകന്‍ ചെയ്ത ആര്‍ട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്ന കുറ്റം ആരോപിച്ചു രെഹ്നക്കെതിരെ എടുത്ത കേസില്‍ ജഛഇടഛ യും ജുവനൈല്‍ ജസ്റ്റിസ് ആക്റ്റും ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ പാലത്തായിയില്‍ നടന്ന ബലാത്സംഗക്കേസില്‍ സുവ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട പ്രതിയെ രക്ഷിക്കാന്‍ ജഛഇടഛ അടക്കമുള്ള റെലെവന്റ് വകുപ്പുകള്‍ എടുത്തു മാറ്റി പ്രതിക്ക് ജാമ്യം അനുവദിച്ചത് നാം കണ്ടതാണ്.

സ്ത്രീശരീരത്തിനുമേലുള്ള പാട്രിയാര്‍ക്കിയുടെ വ്യവസ്ഥാപിതമായ അധികാരങ്ങളെ, തുല്യത നിഷേധിക്കുന്ന സദാചാര സംഹിതകളെ, പെണ്‍ ശരീരത്തിന്റെ വസ്തുവല്‍ക്കരണത്തെ ഒക്കെ ചോദ്യം ചെയ്യുകയും സ്വന്തം ശരീരത്തിനുമേലുള്ള സ്ത്രീയുടെ അധികാരത്തെക്കുറിച്ച് സംസാരിക്കുകയും ശരീരം തന്നെ ഒരു രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്ന ബോഡി പൊളിറ്റിക്സ് തന്നെയാണ് രഹ്നയുടെ രാഷ്ട്രീയം. അവരുടെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കാനോ യോജിക്കാനോ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നിയമവിരുദ്ധമായ കേസുകളും, ഭീഷണികളും, ആള്‍ക്കൂട്ട അക്രമണങ്ങളുമെല്ലാം പൗരബോധമോ തുല്യതയെക്കുറിച്ചുള്ള ധാരണകളോ ഇനിയും വികസിക്കാത്ത പ്രാകൃത സമൂഹത്തിന്റെ ലക്ഷണങ്ങളാണ്. രെഹ്നക്കെതിരെ നടക്കുന്ന സംഘപരിവാര്‍ / സദാചാര സംരക്ഷകരുടെ ആക്രമണങ്ങളെ ചെറുക്കേണ്ടത് പൗരബോധമുള്ള സമൂഹത്തിന്റെയും ജനാധിപത്യ സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ്.

സമൂഹത്തില്‍ വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുകൊണ്ട് മതവികാരം വൃണപ്പെടുത്തുക എന്ന ഗുരുതരമായ കുറ്റം (295അ) ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ചതിനു ശേഷം പ്രസ്തുത കുറ്റം തെളിയിക്കുന്ന ആധികാരികമായ ഒരു തെളിവ് പോലും ഹാജരാക്കാന്‍ പോലീസിനിത് വരെ സാധിച്ചിട്ടില്ല. അത് മാത്രമല്ല സമാനമായ കേസുകളില്‍ യാതൊരു നിയമനടപടിയും എടുക്കാതെ രെഹ്നയെ ലക്ഷ്യം വയ്ക്കുന്നത് രെഹ്നയുടെ മുസ്ലീം ഐഡന്റിറ്റിയും പരമ്പരാഗതമായ പുരുഷമേധാവിത്വ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സ്വതന്ത്ര ജീവിതവുമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സര്‍വ്വ സാധാരണമായ സാമൂഹിക സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങാത്ത സ്ത്രീ/ ക്വിയര്‍ ജീവിതങ്ങളെ അടിച്ചമര്‍ത്തി സദാചാര സങ്കല്പങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതില്‍ മലയാളികള്‍ക്കുള്ള നൈപുണ്യം മുന്‍പും നാം കണ്ടറിഞ്ഞിട്ടുള്ളതാണ്. ഈ വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ട് വളരെ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നമ്മള്‍ നീങ്ങിയില്ലെങ്കില്‍ അവര്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നിര്‍ബാധം തുടരും.

രെഹ്നയെ പിന്തുണച്ചുകൊണ്ട് നിരവധി പ്രതികരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പത്രമാധ്യമങ്ങളും വന്നെങ്കിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്തുന്നതിനായുള്ള യാതൊരു തരത്തിലുള്ള സഹായങ്ങളും രെഹ്നക്ക് ലഭ്യമായിട്ടില്ല. ആയതിനാല്‍ ഈ അവസരത്തില്‍ അവരെ പിന്തുണയ്ക്കാന്‍ സക്രിയമായ കൂട്ടായ്മയും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. രെഹ്നക്കും ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ നിലപാടെടുത്തതിന്റെ പേരില്‍ പ്രശ്നങ്ങള്‍ നേരിടുന്ന മറ്റു സ്ത്രീകള്‍ക്കും ആവശ്യമായ സാമൂഹികവും സാമ്പത്തികവും വൈകാരികവും നിയമപരവും രാഷ്ട്രീയപരവുമായ പിന്തുണ നല്‍കാനും ലിംഗ സമത്വവുമായി ബന്ധപ്പെട്ട സമരങ്ങളോട് ഐക്യപ്പെടുവാനും പൊതു സമൂഹത്തോടും കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സുഹൃത്തുക്കളോടും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.

ശബരിമല വിഷയത്തിലടക്കം രെഹ്നയുടെ പേരില്‍ എടുത്തിട്ടുള്ള മുഴുവന്‍ കള്ളക്കേസുകളും പിന്‍വലിക്കണമെന്നും ജഛഇടഛ യുടെ ദുരുപയോഗവും, അധികാര ദുര്‍വിനിയയോഗവും അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കേരള സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ തെറികള്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും അവര്‍ താമസിക്കുന്ന ബി എസ് എന്‍ എല്‍ ക്വാര്‍ട്ടേഴ്‌സ് ആക്രമിക്കുകയും അവരുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

നിയമപരമായ വിശദീകരണങ്ങള്‍ പലകുറി നല്‍കിയിട്ടും അന്വേഷണ കമ്മീഷന്‍ മുന്‍പാകെ ആധികാരികമായ തെളിവുകള്‍ ഹാജരാക്കിയിട്ടും രെഹ്നയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട ബി എസ എന്‍ എല്‍ നടപടി റദ്ധാക്കി അവരെ ജോലിയില്‍ തിരിച്ചെടുക്കണമെന്നും ബി എസ് എന്‍ എല്ലിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു

ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചു വിട്ടതിനെതിരെ രെഹ്ന സമര്‍പ്പിച്ച ഹര്ജിയില്‍ തീരുമാനമാകുന്നതിനു മുന്‍പ് രെഹ്നയെയും കുടുംബത്തെയും ബി എസ് എന്‍ എല്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പുറത്താക്കാനുള്ള നടപടി പിന്‍വലിക്കണമെന്നും ബി എസ് എന്‍ എല്ലിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്…
അഭിവാദ്യങ്ങളോടെ…

ജനാധിപത്യ കൂട്ടായ്മ
കേരളം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ