ന്യൂദല്‍ഹി: രാജ്യത്തെ വിലവര്‍ധനയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെതുടര്‍ന്ന് 19 രാജ്യസഭാ എം.പിമാരെ സംസ്‌പെന്‍ഷന്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയെന്‍. ഒരു വര്‍ഷത്തിനിടയില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട എം.പിമാരുടെ എണ്ണത്തിലെ ഏറ്റവും കൂടിയ എണ്ണമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തെതുടര്‍ന്ന് നടപടി നേരിട്ട എം.പിമാരില്‍ ഒന്‍പത് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ അംഗങ്ങളാണ്. നരേന്ദ്രമോദിയും അമിത ഷായും ജനാതിപത്യത്തെ പിരിച്ചുവിടുകയാണെന്നും എന്താണവര്‍ എം.പിമാരെക്കുറിച്ച് പറയുന്നതെന്നും, നടപടിക്കു ശേഷം ഡെറിക് ചോദിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
നടപടി നേരിട്ട 19 എം.പിമാരില്‍ ഏഴ് പേര്‍ ഡെറികിന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരാണ്. സുസ്മിത ദേവ്, മോസം നൂര്‍ ഡോ. ശാന്തനു സെന്‍, ഡോലാ സെന്‍, നദിമാല്‍ ഹാഖ്, അഭി രഞ്ജന്‍ ബിശ്വാസ്, ശാന്താ ഛേത്രി തുടങ്ങിയവരാണ് നടപടി നേരിട്ടവരില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍.
കഴിഞ്ഞ ദിവസമാണ് നാല് എം.പിമാരെ ലോക്സഭയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതിനുതൊട്ടുപിന്നാലെയാണ് അനിയന്ത്രിതമായ പെരുമാറ്റമെന്നാരോപിച്ച് 19 എം.പിമാരെ ഇപ്പോള്‍ രാജ്യസഭയില്‍നിന്നും പിരിച്ചുവിട്ടിരിക്കുന്നത്.
19 രാജ്യസഭാ എം.പിമാരെയും ഒരു ആഴ്ചയിലേക്കാണ് പിരിച്ചുവിട്ടതെങ്കില്‍ കഴിഞ്ഞ ദിവസം ലോക്സഭയില്‍നിന്ന് നാല് എം.പിമാരേയും പിരിച്ചുവിട്ടത് ഒരു മുഴുവന്‍ സെഷനിലേക്കായിരുന്നു.
മറ്റ് വിഷയങ്ങള്‍ക്കൊപ്പം രാജ്യത്തെ വിലക്കയറ്റവും പ്രതിപക്ഷം സഭയില്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ വിലക്കയറ്റത്തിനെതിരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് അനുവാദം നല്‍കുന്നില്ലെന്നാരോപിച്ചാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധം നടത്തിയത്.
തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറായിരുന്നുവെന്നും എന്നാല്‍ പ്രതിപക്ഷം തുടര്‍ച്ചയായി സഭാ നടപടികളെ തടസ്സപ്പെടുത്തുകയായിരുന്നു എന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാദിച്ചു. ധനമന്ത്രി വന്നയുടന്‍ വിലക്കയറ്റം ചര്‍ച്ചക്കെടുക്കാമെന്നിരിക്കെയാണ് ചില എം.പിമാര്‍ നടപടിക്കാധാരമായ അനിയന്ത്രിതമായ ഇടപെടല്‍ നടത്തിയതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
മുന്‍പ് എന്‍.ഡി.എ സര്‍ക്കാരിനെ കളിയാക്കിക്കൊണ്ടുള്ള ഡെറികിന്റെ ഒരു ട്വീറ്റ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ‘അഞ്ച് വര്‍ഷത്തേക്ക് പ്രതിപക്ഷത്തിന് അടിയന്തരമായി ഏതൊരു പ്രശ്നവും ചര്‍ച്ച ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടു’ എന്നായിരുന്നു ട്വീറ്റ്.
CONTENT HIGHLIGHTS: ‘Democracy suspended…’: Derek O’Brien on action against MPs amid stir