India
മാധ്യമങ്ങള്‍ക്ക് മേല്‍ ഭരണകൂടം നിയന്ത്രണം കടുപ്പിക്കുകയാണ്; വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുകയാണ്: പ്രബീര്‍ പുർകായസ്‌ത
ന്യൂദൽഹി: ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ജനങ്ങൾ അതിൽ വിശ്വസിക്കുന്നതിനാലാണെന്ന് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്‌ത . ‘ഇന്നത്തെ ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ലോകൂറും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
മാധ്യമങ്ങളുടെ നിലവാരത്തകർച്ചയും, മാധ്യമങ്ങൾക്ക് മേൽ സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ട്വിറ്റർ, യൂട്യൂബ്, തുടങ്ങിയ പ്ലാറ്റുഫോമുകൾ ഉൾപ്പെടുന്ന മുഖ്യധാരാ ഡിജിറ്റൽ മാധ്യമങ്ങളിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റത്തെക്കുറിച്ചായിരുന്നു. ജസ്റ്റിസ് ലോകൂർ സംസാരിച്ചത്. സർക്കാരിനെ വിമർശിക്കുന്ന മാധ്യമ ഉടമകൾ നേരിടുന്ന സാമ്പത്തിക സമ്മർദങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.
സർക്കാർ പരസ്യങ്ങൾ പിൻവലിക്കുന്നത് മാധ്യമങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നും ജസ്റ്റിസ് ലോകൂർ കൂട്ടിച്ചേർത്തു.
‘മാധ്യമപ്രവർത്തകർക്ക് മേലുള്ള അടിച്ചമർത്തൽ മാത്രമല്ല. സെൽഫോണും ലാപ്ടോപ്പുകളും പോലെയുള്ള പ്രൊഫഷണൽ ഉപകരണങ്ങൾ കണ്ടുകെട്ടുക വരെ സർക്കാർ ചെയ്യുന്നുണ്ട്. അതോടൊപ്പം ഈ മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെട്ട വ്യക്തികളും ഇത്തരം ഭരണകൂട നടപടികൾക്കിരയാകുന്നുണ്ട്. ഇതവരുടെ സ്വകാര്യതക്കുമേലുള്ള കടന്നുകയറ്റമാണ് ,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം യു.എ.പി.എ ചുമത്തി പുർകായസ്‌തയെ ജയിലിലടച്ചിരുന്നു. അദ്ദേഹത്തിന്റെ ഓൺലൈൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിന് ചൈനീസ് ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അദ്ദേഹത്തെ ജയിൽ മോചിതനാക്കുകയായിരുന്നു. ഏഴ് മാസത്തെ ജയിൽ വാസത്തിന് ശേഷം അദ്ദേഹം പുറത്തിറങ്ങി.
ഒരു ജനാധിപത്യ രാജ്യത്ത് സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയേണ്ടതുണ്ടെന്നും അവകാശങ്ങൾ സംരക്ഷിക്കാൻ പൗരന്മാർ ഒരുമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ രണ്ട് തവണ ജയിലിൽ പോയിട്ടുണ്ട്. ആദ്യതവണ അടിയന്തരാവസ്ഥക്കാലത്തും രണ്ടാമത്തെ തവണ കഴിഞ്ഞ വർഷം ഒക്ടോബറിലും. ഈ രണ്ട് ജയിൽവാസവും എനിക്ക് നൽകിയ പല തിരിച്ചറിവുകളും ഉണ്ട്. കോടതികളും പത്രങ്ങളും കൊണ്ട് മാത്രമല്ല ജനാധിപത്യം നിലനിൽക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾ വിശ്വസിക്കുന്നത് കൊണ്ട് കൂടിയാണ്,’ അദ്ദേഹം പറഞ്ഞു.
പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റും മോഡറേറ്ററുമായ ഗൗതം ലാഹിരി, ടി.കെ രാജ് ലക്ഷ്മി, എസ്.കെ പാണ്ഡെ, അഭിനന്ദൻ സെഖരി എന്നിവരുൾപ്പെടെ പ്രമുഖരായ പലരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
Content Highlight: democracy survives only because people believes in it Prabir