ആഗസ്റ്റ് പതിനഞ്ചിനല്ല ഇന്ത്യയില്‍ ജനാധിപത്യം വന്നത്; ദ്വാരകയിലെ യാദവകാലം മുതല്‍ക്കേ ജനാധിപത്യമുണ്ടെന്ന് അമിത് ഷാ
national news
ആഗസ്റ്റ് പതിനഞ്ചിനല്ല ഇന്ത്യയില്‍ ജനാധിപത്യം വന്നത്; ദ്വാരകയിലെ യാദവകാലം മുതല്‍ക്കേ ജനാധിപത്യമുണ്ടെന്ന് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2021, 7:57 pm

 

ന്യൂദല്‍ഹി: ജനാധിപത്യമെന്നത് 1947 ആഗസ്റ്റ് 15നോ, 1950ല്‍ ഭരണഘടന നിലവില്‍ വന്നതിനോ ശേഷമുണ്ടായതല്ല എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബ്യൂറോയുടെ 51ാം സ്ഥാപകദിനത്തിന്റെ ഭാഗമായി ദല്‍ഹിയിലെ ആസ്ഥാനത്തു നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം.

‘ജനാധിപത്യമെന്നത് രാജ്യത്തിന്റെ പ്രകൃതമാണ്. 1947 ആഗസ്റ്റ് 15നോ 1950ല്‍ ഭരണഘടന നിലവില്‍ വല്ലതിനു ശേഷമോ ഉണ്ടായതാണ് ജനാധിപത്യം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണ്. ജനാധിപത്യം നമ്മുടെ പ്രകൃതമാണ്,’ അമിത് ഷാ പറഞ്ഞു.

നമ്മുടെ ഗ്രാമങ്ങളില്‍ ജനാധിപത്യത്തിന്റെ ഭാഗമായുള്ള പഞ്ച് പരമേശ്വര്‍മാര്‍ ഉണ്ടായിരുന്നെന്നും ദ്വാരകയിലെ യാദവന്മാര്‍ക്കിടയിലും ബീഹാറിലും ജനാധിപത്യ ഭരണകൂടമുണ്ടായിരുന്നതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഡ്രോണ്‍ ആക്രമണം, മയക്കുമരുന്ന് കടത്ത്, വ്യാജ കറന്‍സി, സൈബര്‍ ആക്രമണം, ഹവാല റാക്കറ്റുകള്‍ തുടങ്ങി ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്കനുസരിച്ച് തങ്ങളുടെ പ്രവര്‍ത്തനരീതി പരിഷ്‌കരിക്കാന്‍ ആഭ്യന്തര മന്ത്രി ബി.പി.ആര്‍.ഡിയെ ഉപദേശിച്ചു.

ഇത്തരം വെല്ലുവിളികളെ നേരിടാനും അതിനനുസരിച്ച് പൊലീസ് സേനയെ തയ്യാറാക്കാനും ലോകമെമ്പാടുമുള്ള മികച്ച രീതികളെക്കുറിച്ച് ബി.പി.ആര്‍.ഡി ഗവേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു

പൊലീസ് സംവിധാനത്തിന്റെ ഏറ്റവും താഴെതട്ടില്‍ വരുന്ന കോണ്‍സ്റ്റബിളുമാര്‍ ജനാധിപത്യത്തിന്റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരാണെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തെ ക്രമസമാധാന നില വിജയിച്ചിട്ടില്ലെങ്കില്‍ ജനാധിപത്യം നല്ല നിലയിലാകില്ലെന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിവിധ തീവ്രവാദ സംഘങ്ങളുടെ ഭാഗമായ 3,700ഓളം പേരാണ് കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ കീഴടങ്ങിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  ‘Democracy Is The Nature Of Our Country’: Amit Shah