ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ലീഗായ സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗ് ലാ ലിഗയിൽ മത്സരങ്ങൾ മുറുകുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ആരാധക കൂട്ടമുള്ള ക്ലബ്ബുകളിൽ ഉൾപ്പെടുന്ന ബാഴ്സലോണയും, റയൽ മഡ്രിഡും തമ്മിലാണ് ലീഗിൽ കടുത്ത പോരാട്ടം കാഴ്ചവെക്കുന്നത്.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ ലീഗിലെ മറ്റൊരു കരുത്തുറ്റ ക്ലബ്ബായ അത് ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബാഴ്സ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.
ആവേശകരമായ മത്സരം 22 മിനിട്ട് പിന്നിട്ടപ്പോൾ ഉസ്മാൻ ഡെമ്പലെയാണ് കാറ്റലോണിയൻ ക്ലബ്ബിന്റെ വിജയ ഗോൾ സ്വന്തമാക്കിയത്. സൂപ്പർ താരം റോബർട്ടോ ലെവൻഡോസ്കിയില്ലാതെയാണ് ബാഴ്സ മത്സരത്തിനിറങ്ങിയത്. ലെവയുടെ അഭാവത്തിൽ ഡെമ്പലെയും അൻസു ഫാറ്റിയും ചേർന്നാണ് ബാഴ്സയുടെ മുന്നേറ്റത്തെ നയിച്ചത്.
ഡെമ്പലെയെയും അൻസു ഫാറ്റിയെയും കൂടാതെ യുവതാരം പെഡ്രിയും മികച്ച പ്രകടനമാണ് ബാഴ്സലോണക്കായി കാഴ്ച വെച്ചത്.
എന്നാലിപ്പോൾ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഡെമ്പലെയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ബാഴ്സ ആരാധകർ.
താരത്തെ മെസിയോട് ഉപമിച്ച് വരെ സമൂഹമാധ്യമങ്ങളിൽ ട്വീറ്റുകളും, പോസ്റ്റുകളും വരുന്നുണ്ട്.
“ഡെമ്പലെ സ്വയം വിചാരിക്കുന്നത് അവൻ മെസിയാണെന്നാണ്”, “ഡെമ്പലെയെ സാവി സബ് ചെയ്യരുതായിരുന്നു, അവൻ ഉഗ്രനാണ്”, “ഡെമ്പലെ എന്തൊരു കളി,ഒരു രക്ഷയുമില്ല” തുടങ്ങിയ പോസ്റ്റുകളും, ട്വീറ്റുകളുമാണ് സോഷ്യൽ മീഡിയ നിറയേ.
അതേസമയം 16 മത്സരങ്ങളിൽ നിന്നും 13 വിജയത്തോടെ 41 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്നും 12 വിജയത്തോടെ 38 പോയിന്റുമായി രണ്ടാമത് റയൽ മാഡ്രിഡാണ്. 27 പോയിന്റുമായി അത് ലറ്റിക്കോ മഡ്രിഡ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.
എന്നാൽ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്സ പുറത്തായിരുന്നു. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ ക്വാളിഫിക്കേഷൻ റൗണ്ടാണ് ബാഴ്സക്ക് കളിക്കേണ്ടി വരിക.
Content Highlights:Dembele thinks he is Messi; Barcelona fans tweets in social media