ഈ അധ്യയനവര്‍ഷത്തില്‍ വാകയാട് ഗവ. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് പാലക്കാട് സ്വദേശി ഉല്ലുവെന്ന ഉമ്മുക്കുല്‍സുവിന്റെ ഒരു പ്രത്യേക ഉപഹാരം ഉണ്ട്. ഇത്തവണ സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് ഉമ്മുക്കുല്‍സു നല്‍കിയത് സ്വന്തമായി ഉണ്ടാക്കിയ പേനകളാണ്. അതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്. എന്നാല്‍ അതിന് ചില പ്രത്യേകതകളുണ്ട്. അത് ഉണ്ടാക്കിയ ആളിനും.
ഉമ്മുക്കുല്‍സുവിന് പ്രത്യേകതകളൊരുപാടാണ്. പുതുക്കാട് അപ്പക്കാട് പരേതനായ മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയ മകളായ ഉല്ലുവിന് ജനിച്ചപ്പോഴെ കൈകള്‍ ഇല്ല. കാലുകള്‍ വ്യത്യസ്ത നീളത്തിലുമാണ്. നടക്കാന്‍ ബുദ്ധിമുട്ട് കൂടിയപ്പോള്‍ രണ്ടാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നു. എന്നാല്‍ തന്റെ കഴിവുകള്‍ പുറത്തെടുക്കുന്നതിന് അതൊരു തടസ്സമായിരുന്നില്ല.
കാലുകള്‍ കൊണ്ട് ഉമ്മുക്കുല്‍സു എന്ന ഉല്ലു പേനകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. വെറും പേനയല്ല ഉല്ലു ഉണ്ടാക്കുന്നത്. പ്ലാസ്റ്റിക് നിരോധന സന്ദേശം നല്‍കിക്കൊണ്ടുള്ള കടലാസ്സുപേനകളാണ് ഉല്ലു നിര്‍മ്മിക്കുന്നത്. ഈ പേനകള്‍ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഉമ്മുക്കുല്‍സുവിന്റെ പേനകള്‍ ധാരാളമായി വിറ്റുപോകുന്നുമുണ്ട്. ഇത്തരം കടലാസ്സു പേനകളുടെ ഉപയോഗം മറ്റ് സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ നാട്ടുകാരും സ്‌കൂള്‍ അധികൃതരും ശ്രമിക്കുന്നത്.
ഇത്തവണ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉല്ലുവിന്റെ സമ്മാനമായി എത്തിയത് വെറും പേനകളല്ല. വിത്തുപേനകളാണ്. കടലാസ്സില്‍ ഉണ്ടാക്കിയ വിത്തുപേനകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദവും പ്ലാസ്റ്റിക് നിരോധനത്തിന്റെ സന്ദേശം പകരുന്നതുമാണ്. ഏകദേശം 70 പേനകള്‍ ഉമ്മുക്കുല്‍സുവിന്റെ അധ്യയന വര്‍ഷത്തെ സമ്മാനമായി എത്തിയത്.
ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞാലും മണ്ണില്‍ കിടന്ന് വിത്ത് മുളയ്ക്കുന്ന പേനകള്‍ ഏറ്റെടുത്തിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ഇപ്പോള്‍.
കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദ്ധയാണ് ഉമ്മുക്കുല്‍സു. ഇക്കാലയളവിനിടയില്‍ ആയിരത്തോളം പേനകളാണ് ഇവര്‍ നിര്‍മിച്ചത്. കാലുകള്‍ കൊണ്ട് പേന നിര്‍മ്മിക്കുന്ന ഉമ്മുക്കുല്‍സുവിന്റെ ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം പ്ലാസ്റ്റിക് നിര്‍മാര്‍ജനം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയെന്നതാണ്.
പെയിന്റിംഗിലും വിദഗ്ധയായ ഉമ്മുക്കുല്‍സു നൂറിലധികം ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നിട്ടുണ്ട്. കടലാസ്സുപേന നിര്‍മിക്കാന്‍ ഉല്ലുവിന് പത്ത് മിനിറ്റ് മാത്രം മതി. വിവിധ നിറത്തിലുള്ള എ ഫോര്‍ ഷീറ്റിലാണ് വിത്തുപേനകള്‍ നിര്‍മ്മിക്കുന്നത്. എല്ലാവിഭാഗങ്ങളില്‍ ഉള്ള കുട്ടികളും പേനകള്‍ വാങ്ങാന്‍ എത്തുന്നുണ്ട്. പത്ത് രൂപ നിരക്കിലാണ് പേനകള്‍ ഉല്ലു വില്‍ക്കുന്നത്.
സാമ്പത്തിക ലാഭം എന്നതിലുപരി പരിസ്ഥിതിയെ നോവിക്കാതെയുള്ള സേവനമാണ് ഉല്ലുവിന്റെതെന്നാണ് നാട്ടുകാരടക്കമുള്ളവര്‍ പറയുന്നത്.
ഒരു കല്യാണവീട്ടില്‍ വെച്ചാണ് വിത്തുപേന നിര്‍മ്മാണത്തെപ്പറ്റി ഉമ്മുക്കുല്‍സു അറിയുന്നത്. ഇപ്പോള്‍ വിത്തുപേനകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാണ്. ഗ്രീന്‍ പാലിയേറ്റീവ് അംഗമായ എന്‍ജീനിയറിംഗ് വിദ്യാര്‍ഥിനിയായ സുഹ്‌റ ഇപ്പോള്‍ ഉല്ലുവിന്റെ പേനകള്‍ ഇന്റര്‍നെറ്റിലെത്തിക്കുന്നു. ഇവിടെ ഉല്ലുവിന്റെ കരകൗശല വസ്തുക്കള്‍ക്ക് ആവശ്യക്കാരേറെയാണ്.
ഇപ്പോള്‍ ഉമ്മുക്കുല്‍സുവിന് ഉള്ള പ്രധാന വെല്ലുവിളി ഇത്രയും പേനകള്‍ ഒരുമിച്ച് ഒറ്റയ്ക്ക് നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ്. ഇനിയുള്ള പ്രധാന ലക്ഷ്യം ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കുമായി ഒരു കരകൗശലനിര്‍മ്മാണത്തിനും സ്വയം തൊഴില്‍ പരിശീലനത്തിനുമായി ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങുകയെന്നതാണ്. അതിനായുള്ള ശ്രമത്തിലാണ് ഉമ്മുക്കുല്‍സു ഇപ്പോള്‍.
അതേസമയം ഉമ്മുക്കുല്‍സുവിനെ സഹായിക്കാന്‍ നിരവധി പേര്‍ ഇപ്പോള്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന വിത്തുപേനകള്‍ക്ക് ആഗോള അംഗികാരം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഉമ്മുക്കുല്‍സുവിന്‍റെ ശ്രമങ്ങള്‍.