| Friday, 13th September 2024, 7:48 am

ആവശ്യങ്ങള്‍ അംഗീകരിച്ചു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരമവസാനിപ്പിച്ച് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ആര്‍.സികളിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. കേരള റിസോഴ്‌സ് ടീച്ചേര്‍സ് അസോസിയേഷന്‍ (കെ.ആര്‍.ടി.എ) ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

സമരത്തെ തുടര്‍ന്ന് വിദ്യാഭ്യസമന്ത്രി വി. ശിവന്‍കുട്ടി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. പിന്നാലെയാണ് സമരത്തിന്റെ ഒമ്പതാം ദിവസം സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ പ്രതിഷേധം അവസാനിപ്പിക്കുന്നത്.

സുപ്രീം കോടതി വിധി പ്രകാരമുള്ള ജോലിയില്‍ സ്ഥിരപ്പെടുത്തല്‍, ശമ്പള വര്‍ധന തുടങ്ങി എഡ്യൂക്കേറ്റര്‍മാര്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കി. ധന, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതിക്കാണ് ഇതിന്റെ ചുമതല.

മൂന്ന് മാസത്തിനകം സമിതി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. യോഗത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസത്തിന് ടി.എ 40ല്‍ നിന്ന് 100 രൂപയാക്കി ഉയര്‍ത്തും. പരിശീലന ടി.എ 200ല്‍ നിന്നും 350ലേക്ക് ഉയര്‍ത്തും, സ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കും, ഡിസംബര്‍ 31ന് മുമ്പാകെ ഇ.എസ്.ഐ ഏര്‍പ്പെടുത്തും, ഉത്തരവുകള്‍ക്ക് ഏകീകൃത സ്വഭാവമുണ്ടാകും തുടങ്ങിയ ഉറപ്പുകള്‍ സംഘടനാ നേതാക്കള്‍ക്ക് നല്‍കി.

കെ.ആര്‍.ടി.എ സംസ്ഥാന പ്രസിഡന്റ് ആര്‍. സുനിത, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദന്‍, സെക്രട്ടറി എല്‍ദോ ജോണ്‍ എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ സമരം അവസാനിപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തുകയുമുണ്ടായി.

ആഹ്ലാദ പ്രകടനവും യോഗവും കെ.ആര്‍.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബദറുന്നീസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുണ്‍കുമാര്‍, എഫ്.എ.എസ്.ടി.ഒ ജില്ലാ സെക്രട്ടറി ശ്രീകുമാര്‍, എന്‍.എസ് ധന്യ തുടങ്ങയവരും യോഗത്തില്‍ സംസാരിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷ കേരളയുടെ (എസ്.എസ്.കെ) പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു. ഇതിനെതിരെ കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷന്റെ കീഴിലുള്ള സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു.

സംസ്ഥാനത്തെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ-പാഠ്യേതര പിന്തുണ നല്‍കുന്നതിനായി എസ്എസ്‌കെയുടെ കീഴില്‍ 2,886 സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരാണ് കരാറില്‍ പ്രവര്‍ത്തിക്കുന്നത്. 2024 അധ്യയന വര്‍ഷം എസ്.എസ്.കെയ്ക്കുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് എസ്.എസ്.കെ ജീവനക്കാരുടെ വേതന സംബന്ധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

Content Highlight: Demands accepted; Special educators end their strike in front of the secretariat

Latest Stories

We use cookies to give you the best possible experience. Learn more